2011 ഫെബ്രുവരി 16, ബുധനാഴ്‌ച

ഹാജി വി.പി മുഹമ്മദലി

"കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവായിരുന്നു ഹാജി സാഹിബ് എന്ന പേരില്‍ പരക്കെ അറിയപ്പെട്ട വി.പി മുഹമ്മദലി സാഹിബ്. പണ്ഡിതനും പ്രസംഗകനും എഴുത്തുകാരനും ത്യാഗശീലനുമായിരുന്നു ഹാജിസാഹിബ്. പ്രതികൂല പരിതസ്ഥിതികളോട് പടപൊ രുതി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു; ജമാഅത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. മരിക്കുന്നതുവരെ കേരളജമാഅത്തിന്റെ അമീറായിരുന്നു അദ്ദേഹം"



ഒലവക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ യാത്രക്കാരിലൊരാള്‍ സ്റ്റേഷന്‍ മാസ്റ്ററെ സമീപിച്ചു പറഞ്ഞു: "ഞാന്‍ ടിക്കേറ്റ്ടുത്തിരുന്നത്‌ ഷൊര്‍ണൂരിലേക്കാണ്‌. വണ്ടിയില്‍ വെച്ച്‌ ഉറങ്ങിപ്പോയി. ഇനിയെന്തു വേണം?"
"അടുത്ത വണ്ടിക്ക്‌ ടിക്കേറ്റ്ടുത്ത്‌ അങ്ങോട്ടുതന്നെ പോയ്ക്കൊള്ളൂ." സ്റ്റേഷന്‍ മാസ്റ്റര്‍ നിസ്സംഗതയോടെ പറഞ്ഞു.
"അതറിയാം. അതല്ല ഞാന്‍ അന്വേഷിക്കുന്നത്‌. ടിക്കറ്റില്ലാതെ ഷൊര്‍ണൂരില്‍നിന്ന്‌ ഇതുവരെ യാത്ര ചെയ്തതിനു എന്തു വേണമെന്നാണ്‌?"
"അതു സാരമില്ല. അങ്ങനെ ടിക്കറ്റില്ലാതെ എത്രപേര്‍ വണ്ടിയില്‍ സഞ്ചരിക്കാറുണ്ട്‌!"
"അതു പറ്റുകയില്ല. ടിക്കേറ്റ്ടുക്കാതെ യാത്ര ചെയ്യുന്നത്‌ തെറ്റാണ്‌. അതിനാല്‍ ഞാനടക്കേണ്ട സംഖ്യ എത്രയെന്ന്‌ അറിയിച്ചാലും?"
നിശ്ചിത പിഴയടച്ച്‌ പുറത്തിറങ്ങിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തലയുയര്‍ത്തി പറഞ്ഞു: "താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെങ്കില്‍ ഈ നാട്‌ താനെ നന്നാകുമല്ലോ!"
"അത്തരക്കാരെ ഉണ്ടാക്കുന്ന ജോലിയാണ്‌ ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്‌." അതും പറഞ്ഞ്‌ ആ യാത്രക്കാരന്‍ പുറത്തിറങ്ങി.
ഉത്തമ വ്യക്തികളെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത ആ കര്‍മയോഗി മര്‍ഹൂം ഹാജി സാഹിബായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക്‌ മലയാളക്കരയില്‍ അസ്തിവാരമുറപ്പിച്ച വി.പി. മുഹമ്മദലി ഹാജി. ഒരു ജ്യോതിസ്സിനെപ്പോലെ കേരളത്തിന്റെ ഇസ്ലാമിക നഭോമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട്‌ പ്രഭ പരത്തി പെട്ടെന്ന്‌ പൊലിഞ്ഞു പോയ പരിഷ്കര്‍ത്താവും വിപ്ലവകാരിയുമാണ്‌ അദ്ദേഹം. അനല്‍പമായ ഗൃഹാതുരത്വത്തോടെ മാത്രമേ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക്‌ അദ്ദേഹത്തെ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. ചുരുങ്ങിയ ദശകങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ചൂടും ചുണയുമുള്ള ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ ഉജ്ജ്വല മാതൃക കാഴ്ചവെച്ച്‌ അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇന്ന്‌ കേരളമെങ്ങും അലയടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക നവജാഗരണത്തിന്റെ ആദ്യ അലകളിളക്കിവിട്ടത്‌ അദ്ദേഹമാണ്‌. പരിചിതര്‍ക്കെല്ലാം അദ്ദേഹം ഹാജി സാഹിബായിരുന്നു.
ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ സ്ഥാപകനേതാവ്‌, പ്രഥമ അമീര്‍, പ്രഗല്‍ഭ പണ്ഡിതന്‍, കരുത്തുറ്റ പരിഷ്കര്‍ത്താവ്‌, പ്രമുഖ പ്രസംഗകന്‍, സമര്‍ഥനായ തൂലികാകാരന്‍, സമര്‍പ്പണ സന്നദ്ധനായ സംഘാടകന്‍, പ്രതിഭാധനനായ പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്രപതിപ്പിച്ച വിപ്ലവനായകനാണ്‌ ഹാജി സാഹിബ്‌.
ജനനവും വിദ്യാഭ്യാസവും
1912-ലാണ്‌ ഹാജി സാഹിബിന്റെ ജനനം. പിതാവ്‌ വലിയ പറമ്പില്‍ പോക്കാമുട്ടി ഹാജി. മാതാവ്‌ ചങ്ങമ്പള്ളി കുഞ്ഞാലന്‍ കുട്ടി ഗുരുക്കളുടെ മകള്‍ ഫാത്വിമ. മാതാപിതാക്കള്‍ നല്‍കിയ പേര്‌ കുഞ്ഞാലന്‍ കുട്ടി എന്നാണ്‌. വീട്ടിലും നാട്ടിലും ആ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌.
പിതാവ്‌ നാട്ടില്‍ അറിയപ്പെടുന്ന മതഭക്തനും സാധാരണ കര്‍ഷകനുമായിരുന്നു. മൂന്ന്‌ സഹോദരന്മാരും മൂന്ന്‌ സഹോദരിമാരുമാണ്‌ ഹാജി സാഹിബിനുണ്ടായിരുന്നത്‌. പോക്കാമുട്ടി ഹാജി ഖിലാഫത്ത്‌ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രണ്ടുകൊല്ലം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്‌.
സ്കൂള്‍ വിദ്യാഭ്യാസം നാലാം ക്ലാസ്‌വരെയായിരുന്നു. പ്രദേശത്തെ പ്രാഥമിക പാഠശാലയില്‍നിന്നാണ്‌ അത്‌ നിര്‍വഹിച്ചത്‌. പിന്നീട്‌ മതപഠനത്തിലേക്ക്‌ തിരിഞ്ഞു. ആ രംഗത്തെ ആദ്യ ഗുരുനാഥന്‍ ചേങ്ങോട്ടൂരിനടുത്ത ചൂനൂര്‍കാരന്‍ മുഹമ്മദ്‌ മുസ്ലിയാരായിരുന്നു. അദ്ദേഹത്തില്‍നിന്ന്‌ ഏതാനും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ അവഗാഹംനേടി. വിശുദ്ധ ഖുര്‍ആനിലെ കുറെ ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തു. തുടര്‍ പഠനത്തിനായി പിതാവ്‌ അദ്ദേഹത്തെ എടക്കുളം പള്ളിദര്‍സിലേക്കയച്ചു. അവിടെ പഠിച്ചുകൊണ്ടിരിക്കെ കൂടുതല്‍ നല്ലനിലയില്‍ നടന്നുവന്നിരുന്ന മണ്ണാര്‍ക്കാട്‌ പള്ളിദര്‍സിനെക്കുറിച്ച്‌ കേള്‍ക്കുകയും അവിടേക്ക്‌ മാറുകയും ചെയ്തു. വീട്ടുകാരെ അറിയിച്ചാല്‍ സമ്മതം ലഭിക്കാന്‍ സാധ്യതയില്ലെന്നു കരുതി ആരോടും പറയാതെയായിരുന്നു ഈ മാറ്റം. അവിടെ നാലു വര്‍ഷം പഠിച്ച ശേഷം ആലത്തൂരിലേക്ക്‌ പോയി. ഏറെക്കഴിയും മുമ്പേ അവിടെനിന്ന്‌ മഞ്ചേരിയിലേക്കും.
പതിനാറാം വയസ്സിലാണ്‌ ഹാജി സാഹിബ്‌ മഞ്ചേരി പള്ളി ദര്‍സിലെത്തുന്നത്‌. അന്ന്‌ അവിടത്തെ അധ്യാപകന്‍ അരീക്കോട്‌ സ്വദേശി മരക്കാരുട്ടി മുസ്ലിയാരായിരുന്നു. അവിടെ വിദ്യാര്‍ഥിയായിരിക്കെ മഞ്ചേരി കെ. കുഞ്ഞാലന്‍ എന്ന കെ.കെ. അലി സാഹിബുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. അക്കാലത്ത്‌ മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ ധാരാളമായി ലേഖനങ്ങളെഴുതിയിരുന്ന ഉല്‍പതിഷ്ണുവായിരുന്നു അലി സാഹിബ്‌. അദ്ദേഹം പള്ളിദര്‍സിലെ തന്റെ കൂട്ടുകാരനെ കാണാന്‍ പോകുമ്പോഴെല്ലാം കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായിരുന്ന അല്‍മുര്‍ശിദ്‌ കൈവശം വെക്കുമായിരുന്നു. എന്നാല്‍ എത്ര നിര്‍ബന്ധിച്ചാലും അതു വായിക്കാന്‍ മുഹമ്മദലി കൂട്ടാക്കുമായിരുന്നില്ല. ഒരിക്കല്‍ അല്‍മുര്‍ശിദില്‍ ഖുര്‍ആന്റെ പരിഭാഷ കാണാനിടയായപ്പോള്‍ അദ്ദേഹം അദ്ഭുതത്തോടെ ചോദിച്ചു: "ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുകയോ?"
അക്കാലത്ത്‌ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കാതിരിക്കാന്‍ വാശിപിടിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വേണ്ടി വീറോടെ വാദിക്കുകയും ചെയ്തു. അതില്‍ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. തികഞ്ഞ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചു വളരുകയും പള്ളിദര്‍സില്‍ പഠിക്കുകയും ചെയ്ത ചെറുപ്പക്കാരനില്‍നിന്ന്‌ മറ്റൊന്ന്‌ പ്രതീക്ഷിക്കാവതല്ലല്ലോ.
വിദ്യാര്‍ഥിയായിരിക്കെത്തന്നെ മുഹമ്മദലി നേതൃപാടവം തെളിയിക്കുകയും സംഘാടകമിടുക്ക്‌ പ്രകടിപ്പിക്കുകയും ചെയ്തു. മഞ്ചേരി പള്ളിദര്‍സിലെ വിദ്യാര്‍ഥികള്‍ക്ക്‌ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സംവിധാനമൊരുക്കാന്‍ നേതൃത്വം നല്‍കിക്കൊണ്ടായിരുന്നു അത്‌.
അനാവശ്യമായി സമയം പാഴാക്കാതെ, കൈയില്‍ കിട്ടുന്നതെല്ലാം ആര്‍ത്തിയോടെ വായിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്‌. അക്കൂട്ടത്തില്‍ ഇമാം ഗസ്സാലിയുടെ 'ഇഹ്‌യാ ഉലൂമിദ്ദീനാ'ണ്‌ മുഹമ്മദലിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്‌. കിട്ടാവുന്ന മുഴുസമയമുപയോഗിച്ചും അത്‌ പാരായണം ചെയ്തു. ആ മഹദ്ഗ്രന്ഥം ഉത്തമ തോഴനായി മാറിയതോടെ മുഹമ്മദലി ആത്മീയ ചിന്തകളിലും ആരാധനാനുഷ്ഠാനങ്ങളിലും ആമഗ്നനായി.
രണ്ടുരൂപയുമായി ഹജ്ജിന്‌
ഇഹ്‌യായുമായുള്ള അഗാധബന്ധം മുഹമ്മദലിയില്‍ ഹജ്ജ്‌ നിര്‍വഹിക്കാനുള്ള അതിയായ ആഗ്രഹമുണര്‍ത്തി; അതിന്റെ സാധ്യതയെയോ സാമ്പത്തിക സൗകര്യങ്ങളെയോ പറ്റി ചിന്തിച്ചതേയില്ല. എങ്ങനെയെങ്കിലും ഹജ്ജ്‌ നിര്‍വഹിക്കണമെന്നതായിരുന്നു തീരുമാനം. എങ്കിലും അതാരെയും അറിയിച്ചില്ല. വീട്ടുകാര്‍ തടസ്സംനില്‍ക്കുകയും കൂട്ടുകാര്‍ കളിയാക്കുകയും ചെയ്യുമെന്ന ഭയമായിരുന്നു കാരണം.
മഞ്ചേരിയില്‍നിന്ന്‌ മാതാപിതാക്കളെ കാണാന്‍പോയി തിരിച്ചുവന്നപ്പോള്‍ അവര്‍ രണ്ടുരൂപ കൊടുത്തു. അതുമായി മഞ്ചേരിയിലെത്തിയ അദ്ദേഹം എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച്‌ യാത്രയാരംഭിച്ചു. ഇഹ്‌യാ കൂടെയെടുക്കാന്‍ മറന്നില്ല.
ഇവിടെവെച്ചാണ്‌ ജീവിതത്തിലെ ഐതിഹാസികവും സാഹസികവുമായ അധ്യായങ്ങള്‍ ആരംഭിക്കുന്നത്‌. ആവശ്യമായ സജ്ജീകരണങ്ങളും വേണ്ടത്ര വിഭവങ്ങളുമുണ്ടായാല്‍ത്തന്നെ ഹജ്ജ്‌ നിര്‍വഹിച്ച്‌ തിരിച്ചെത്തുക ഏറെ പ്രയാസകരമായിരുന്ന അക്കാലത്ത്‌ രണ്ടുരൂപയുമായി ഹജ്ജിന്‌ പുറപ്പെടുകയെന്നത്‌ തീര്‍ത്തും അചിന്ത്യമായിരുന്നു. കൈവശമുണ്ടായിരുന്ന രണ്ടുരൂപ തീരുന്നതുവരെ രാപകല്‍ ഭേദമില്ലാതെ നടന്നു. പണം തീര്‍ന്നപ്പോള്‍ ജോലിയെടുത്തു. കിട്ടിയ സംഖ്യയുമായി ഏതാനുംദൂരം ട്രെയിനില്‍ സഞ്ചരിച്ചു. വീണ്ടും പലതരത്തിലുള്ള ജോലികളിലേര്‍പ്പെട്ടു. കിട്ടുന്ന കൂലിയുമായി യാത്ര തുടര്‍ന്നു. അങ്ങനെ മാസങ്ങള്‍ക്കുശേഷം ബോംബെയിലെത്തി.
ഏറെ കഴിഞ്ഞ ശേഷമാണ്‌ മാതാപിതാക്കള്‍ മകന്‍ മഞ്ചേരിയില്‍നിന്ന്‌ പോയ വിവരമറിഞ്ഞത്‌. ബോംബെയിലെത്തിയ മുഹമ്മദലി സഹോദരന്‍ കുഞ്ഞിപ്പോക്കര്‍ക്ക്‌ താന്‍ ഹജ്ജിന്‌ പോവുകയാണെന്നും അക്കാര്യം മാതാപിതാക്കളെ അറിയിക്കണമെന്നും അവരോട്‌ ക്ഷമപറയണമെന്നും മുപ്പത്‌ രൂപ അയച്ചുതരണമെന്നും ആവശ്യപ്പെട്ട്‌ കത്തെഴുതി. അദ്ദേഹം മറ്റത്തൂര്‍ പള്ളിദര്‍സില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനുജന്റെ കത്ത്‌ കിട്ടിയ അദ്ദേഹം വീട്ടില്‍ വിവരമറിയിക്കുകയും മുപ്പതു രൂപ അയച്ചുകൊടുക്കുകയും ചെയ്തു. ഒട്ടും വൈകാതെ സഹോദരനെ കാണാനായി ബോംബെയിലേക്ക്‌ പുറപ്പെട്ടു. എന്നാല്‍ കുഞ്ഞിപ്പോക്കര്‍ എത്തുന്നതിനു മുമ്പുതന്നെ മുഹമ്മദലി സ്ഥലംവിട്ടിരുന്നു. ജ്യേഷ്ഠന്‍ അയച്ചുകൊടുത്ത പണം സ്വീകരിക്കാന്‍ പോലും കാത്തുനിന്നില്ല. തന്റെ വശമുണ്ടായിരുന്ന ഇഹ്‌യാ ഉലൂമിദ്ദീന്‍ ബോംബെയിലെ ഒരു പള്ളി ഇമാമിനെ ഏല്‍പിച്ച്‌ മുഹമ്മദലി പായക്കപ്പലില്‍ യാത്ര തിരിച്ചു. കുഞ്ഞിപ്പോക്കര്‍ സഹോദരന്റെ തിരിച്ചുവരവും പ്രതീക്ഷിച്ച്‌ ബോംബെയില്‍ തങ്ങി.
ബോംബെയില്‍നിന്ന്‌ പുറപ്പെടുമ്പോള്‍ അബ്ദുല്‍ കരീം മാസ്റ്ററായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാരന്‍. പിന്നീട്‌ അയാള്‍ ഔലിയാപട്ടം ചമഞ്ഞ്‌ പണം തട്ടാന്‍ തുടങ്ങിയതോടെ ഇരുവരും പരസ്പരം അകന്നു. പിന്നീട്‌ കിട്ടിയ കൂട്ടുകാരന്‍ പാലക്കാട്ടുകാരനായിരുന്നു. ഇരുവരും ശഹ്ര്മുഖലയിലിറങ്ങി. ചുട്ടുപഴുത്ത മണല്‍ക്കാട്ടിലൂടെ രണ്ടുപേരും കഅ്ബ ലക്ഷ്യംവെച്ചു നടന്നു. രാപകല്‍ ഭേദമില്ലാതെ മൂന്നു ദിവസം സഞ്ചരിച്ചു. മരുപ്പറമ്പിലെ തീക്കാറ്റും സൂര്യന്റെ അത്യുഷ്ണവും ആഹാരത്തിന്റെ അഭാവവും അവരെ അവശരാക്കി. കൂട്ടുകാരന്‍ അതോടെ രോഗബാധിതനായി മരണമടഞ്ഞു.
ഹജ്ജ്‌ നിര്‍വഹിക്കാനായി കഅ്ബ ലക്ഷ്യംവെച്ചു നടത്തിയ ആ സാഹസിക യാത്രയെക്കുറിച്ച്‌ ബോംബെയില്‍ തിരിച്ചെത്തിയശേഷം സ്വന്തം സഹോദരനോട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
"ഞാന്‍ പായക്കപ്പല്‍ കയറി. ശഹ്ര്മുഖലയിലെത്തി. എന്നിട്ട്‌ ചുട്ടു പഴുത്ത മണല്‍ക്കാട്ടിലൂടെ നിരന്തരം നടന്നു. കുറെ നടന്നപ്പോള്‍ ക്ഷീണിച്ചു. അവശനായി തളര്‍ന്നുവീണു. വീണ്ടും എഴുന്നേറ്റു നടന്നു. അങ്ങനെ നീണ്ട മൂന്നുമാസക്കാലം മരുഭൂമിയുമായി മല്ലടിച്ചു. പോരാട്ടത്തില്‍ ഞാന്‍ പരാജയപ്പെട്ടുവെന്ന്‌ തോന്നി. വിശപ്പും ദാഹവും കഠിനമായി. മരണത്തെ മുന്നില്‍ കണ്ടു. മണലില്‍ മലര്‍ന്നു കിടന്ന്‌ ശഹാദത്ത്‌ കലിമ ചൊല്ലി. അല്‍പം കഴിഞ്ഞപ്പോള്‍ ബോധം തെളിഞ്ഞു. വീണ്ടും എഴുന്നേറ്റു നടന്നു. ദീര്‍ഘ സഞ്ചാരത്തില്‍ ശരീരംപോലും ഭാരമുള്ളതായി തോന്നി. മരുഭൂമിയില്‍ ഒഴിച്ചുകൂടാനാവാത്ത കുടയും പാദരക്ഷയുംകൂടി ഭാരമായി അനുഭവപ്പെട്ടതിനാല്‍ വലിച്ചെറിഞ്ഞു. അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ സഹായത്തെ സംബന്ധിച്ച പ്രതീക്ഷയുമല്ലാതെ മറ്റൊന്നും എന്റെ വശമുണ്ടായിരുന്നില്ല. കഠിനമായ ചൂടുകാരണം മൂത്രം തീരെ ഇല്ലാതായി. എങ്കിലും ഹറമിന്റെ ചാരത്തെത്തിയപ്പോള്‍ എന്റെ സന്തോഷം അതിരില്ലാത്തതായിരുന്നു."
ഏറെ ക്ലേശകരമായ ഈ യാത്രയുടെ വിവരണം കേട്ടപ്പോള്‍ ജ്യേഷ്ഠ സഹോദരന്റെ പ്രതികരണമിതായിരുന്നു: "നിന്നെപ്പോലെ ഞാനും ഹജ്ജ്‌ ചെയ്ത്‌ മാത്രമേ നാട്ടിലേക്ക്‌ മടങ്ങുകയുള്ളൂ. നീ നാട്ടിലേക്ക്‌ പൊയ്ക്കൊള്ളൂ. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍ മടങ്ങിവന്ന ശേഷം കാണാം."
പുണ്യഭൂമിയില്‍ രണ്ടു കൊല്ലം
ദുല്‍ഹജ്ജ്‌ ആറിനാണ്‌ ഹാജി സാഹിബ്‌ മക്കയിലെത്തിയത്‌. ശരീരം വളരെ ക്ഷീണിതമായിരുന്നെങ്കിലും ഹജ്ജ്‌ കര്‍മങ്ങളില്‍ വ്യാപൃതനായതോടെ എല്ലാം മറന്ന്‌ ആവേശഭരിതനായി.
ഹജ്ജിനു ശേഷം ഏതാനും മാസം അവിടെത്തന്നെ താമസിച്ചു. അക്കാലത്ത്‌ റൊട്ടി ഉണ്ടാക്കി വിറ്റാണ്‌ ജീവിതം നയിച്ചത്‌. ഒഴിവുസമയമൊക്കെയും ഹറമില്‍ പോയി ഗ്രന്ഥങ്ങള്‍ വായിക്കാനും പഠിക്കാനും ചെലവഴിച്ചു. അങ്ങനെ ഹദീസില്‍ അവഗാഹം നേടാന്‍ അദ്ദേഹത്തിനു സാധിച്ചു.
പിന്നീട്‌ ഒരു കച്ചവട സംഘത്തോടൊപ്പം മദീനയിലേക്ക്‌ പുറപ്പെട്ടു. വഴിയില്‍വെച്ച്‌ കച്ചവട സംഘം തെന്നി മാറിപ്പോയതിനാല്‍ ഒറ്റപ്പെട്ടു. അങ്ങനെ ഏകനായി മരുഭൂമിയിലൂടെ നടന്നുകൊണ്ടിരിക്കെ ഒരു ബദവിയെ കണ്ടുമുട്ടി. ആദ്യമൊക്കെ അയാള്‍ കര്‍ക്കശമായാണ്‌ പെരുമാറിയതെങ്കിലും ഹാജി സാഹിബിന്റെ സമീപനം അയാളെ സാരമായി സ്വാധീനിച്ചു. അതിനാല്‍ മൂന്ന്‌ ദിവസം വീട്ടില്‍ താമസിപ്പിക്കുകയും യാത്രപറഞ്ഞ്‌ പോകുമ്പോള്‍ ഒരുകൊട്ട ഈത്തപ്പഴം നല്‍കുകയും ചെയ്തു.
മദീനയിലെത്തിയ ഹാജി സാഹിബ്‌ കുറേകാലം അവിടെയും കഴിച്ചുകൂട്ടി. അക്കാലത്ത്‌ പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരായ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും മുഹമ്മദുബ്നു അബ്ദില്‍ വഹ്ഹാബിന്റെയും ഇബ്നുല്‍ ഖയ്യിമിന്റെയും ഗ്രന്ഥങ്ങളുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. വിഖ്യാത ഇസ്ലാമിക കൃതികളുടെ പാരായണവും പഠനവും ആ മഹജ്ജീവിതത്തില്‍ മഹത്തായ മാറ്റത്തിന്‌ വഴിയൊരുക്കി. അദ്ദേഹം അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും പൂര്‍ണമായും വിടപറഞ്ഞു. മാമൂലുകള്‍ക്കും മൂഢവിശ്വാസങ്ങള്‍ക്കും അടിപ്പെട്ട സ്വന്തം സമുദായത്തിന്റെ സംസ്കരണത്തിന്‌ സാധ്യമാവുന്നതൊക്കെ ചെയ്യുമെന്ന്‌ മനസാ തീരുമാനമെടുത്തു. ഒരു സാമൂഹിക പരിഷ്കര്‍ത്താവ്‌ പിറവിയെടുക്കുകയായിരുന്നു.
മദീനയില്‍ ചായക്കച്ചവടം നടത്തിയാണ്‌ ഉപജീവനം നയിച്ചിരുന്നത്‌. ജോലിയെടുത്തു കിട്ടിയ സംഖ്യക്കും സുഹൃത്തുക്കള്‍ നല്‍കിയ സംഭാവനക്കും വിലപ്പെട്ട ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വാങ്ങി. ഒരു ഹജ്ജ്‌ കൂടി നിര്‍വഹിച്ചശേഷം ദരിദ്രര്‍ക്കായി സുഊദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ്‌ കപ്പലില്‍ നാട്ടിലേക്കു മടങ്ങി.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ
നാട്ടില്‍ തിരിച്ചെത്തിയ മുഹമ്മദലി വളാഞ്ചേരിയില്‍ ഇസ്ലാമിക പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. സമുദായത്തില്‍ അള്ളിപ്പിടിച്ച അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുകയും ഇസ്ലാമിക പ്രമാണങ്ങളിലേക്ക്‌ തിരിച്ചുവരാനാവശ്യപ്പെടുകയും ചെയ്യുന്ന ആ പ്രസംഗം കേട്ടുകൊണ്ടിരുന്ന കാട്ടിപ്പരുത്തിയിലെ ഒരു കാരണവര്‍ തന്റെ മനസ്സില്‍ ഉറഞ്ഞുകൂടിയ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: "എത്രനല്ല കുട്ടിയായിരുന്നു! പറഞ്ഞിട്ടെന്താ? ഗുരുത്തം കെട്ടുപോയി. വഹാബിയത്ത്‌ തലീ കേറ്യാ അങ്ങനെയാണ്‌."
പ്രസംഗം കഴിഞ്ഞപ്പോള്‍ സദസ്സില്‍നിന്ന്‌ ഒരാള്‍ എഴുന്നേറ്റു ചോദിച്ചു:
"മാസം മറഞ്ഞു കണ്ടാലെന്താ?"
"ഒന്നുമില്ല. മുഴുവന്‍ കാണുകയില്ല." മുഹമ്മദലി പുഞ്ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു.
"അടിയന്തരത്തിന്‌ ശര്‍ക്കരച്ചോറ്‌ വെച്ചില്ലെങ്കില്‍ വല്ല ദോഷവുമുണ്ടോ?"
"ചോറിന്‌ മധുരമുണ്ടാവുകയില്ല." മുഹമ്മദലിയുടെ ഉത്തരം സദസ്സിനെ ചിരിയിലാഴ്ത്തി.
ധാരാളം ഖുര്‍ആന്‍ വാക്യങ്ങളും പ്രവാചക വചനങ്ങളും പൂര്‍വകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും ഉദ്ധരിച്ച്‌ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ അദ്ദേഹം നടത്തിയ ഉജ്ജ്വല ഭാഷണങ്ങള്‍ മാമൂലുകളുടെ ഉപാസകര്‍ക്ക്‌ ഉള്‍ക്കിടിലത്തോടെയല്ലാതെ ഓര്‍ക്കുക സാധ്യമല്ല.
ഉമറാബാദില്‍
വിജ്ഞാനദാഹം ആ അന്വേഷണകുതുകിയെ വീണ്ടും വിദ്യാകേന്ദ്രങ്ങളിലേക്ക്‌ നയിച്ചു. ഹജ്ജ്‌ കഴിഞ്ഞ്‌ തിരിച്ചുവന്ന്‌ ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം വെല്ലൂര്‍ അല്‍ബാഖിയാത്തുസ്സ്വാലിഹാത്തിലേക്കു പുറപ്പെട്ടു. അവിടെച്ചേര്‍ന്ന്‌ പഠനമാരംഭിച്ചുവെങ്കിലും തന്റെ സംശയങ്ങള്‍ക്കൊന്നും തൃപ്തികരമായ മറുപടി നല്‍കുന്ന ആരെയും കണ്ടെത്താത്തതിനാല്‍ അവിടെനിന്ന്‌ ഉമറാബാദിലേക്ക്‌ പുറപ്പെട്ടു. ദാറുസ്സലാം അറബിക്‌ കോളേജില്‍ ചേര്‍ന്ന്‌ പഠനമാരംഭിച്ചു. ക്ലാസുകള്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഉയര്‍ന്ന വൈജ്ഞാനിക ചര്‍ച്ചകളിലും ഗവേഷണ ചിന്തകളിലും ഗ്രന്ഥപാരായണങ്ങളിലുമായി സമയം ചെലവഴിച്ചു.
ഒട്ടേറെ പ്രഗല്‍ഭ വ്യക്തിത്വങ്ങളുമായി ബന്ധപ്പെടാനും ഉയര്‍ന്ന വൈജ്ഞാനിക നിലവാരം ആര്‍ജിക്കാനും ഉമറാബാദിലെ ജീവിതം ഹാജി സാഹിബിന്‌ സന്ദര്‍ഭമൊരുക്കി.
ഉമറാബാദിലെ പ്രസിദ്ധ ഹദീസ്‌ പണ്ഡിതനായ ശൈഖ്‌ ഇസ്മാഈല്‍, ഇസ്ലാമിലെ ശിക്ഷാനിയമങ്ങളെ സംബന്ധിച്ച്‌ ക്ലാസെടുത്തുകൊണ്ടിരിക്കെ ഇസ്ലാമിക ശരീഅത്ത്‌ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച്‌ ഊന്നിപ്പറഞ്ഞപ്പോള്‍ ഹാജി സാഹിബ്‌ ചോദിച്ചു: "ഇതെല്ലാം ഇപ്പോള്‍ പഠിപ്പിക്കുന്നതെന്തിനാണ്‌? ഇസ്ലാമിക ഭരണകൂടമുണ്ടെങ്കിലല്ലേ അത്‌ നടപ്പാക്കേണ്ടതുള്ളൂ."
"അതു നടപ്പാക്കുന്ന ഇസ്ലാമിക ഭരണകൂടമുണ്ടാക്കുകയാണ്‌ വേണ്ടത്‌. പക്ഷേ, അതിന്‌ കൊള്ളാവുന്ന ആരാണിവിടെയുള്ളത്‌?" ശൈഖ്‌ ഇസ്മാഈല്‍ തന്റെ സമുദായത്തിന്റെ നിസ്സഹായതയോര്‍ത്ത്‌ ഖേദിച്ചു.
"ആസാദിനെ പറ്റുകയില്ലേ" അല്‍പം കോണ്‍ഗ്രസനുകൂല ചിന്താഗതിക്കാരനായിരുന്ന ഹാജി സാഹിബ്‌ ചോദിച്ചു.
"അയാള്‍ കോണ്‍ഗ്രസുകാരനല്ലേ? അവരെങ്ങനെ ഇസ്ലാം നടപ്പാക്കാനാണ്‌? പിന്നെയുള്ളത്‌ മൗദൂദിയാണ്‌. അയാളാകട്ടെ ചെറിയ പയ്യനുമാണ്‌." ആ പണ്ഡിത ശ്രേഷ്ഠന്‍ പറഞ്ഞുനിര്‍ത്തി.
ഹാജി സാഹിബ്‌ അബുല്‍അഅ്ല‍ാ മൗദൂദിയുടെ പേര്‌ ആദ്യമായി കേള്‍ക്കാനിടയായത്‌ അങ്ങനെയാണ്‌.
ബ്രിട്ടീഷ്‌ വിരുദ്ധ പ്രകടനത്തില്‍
ഹാജി സാഹിബ്‌ ഉമറാബാദില്‍ പഠിച്ചുകൊണ്ടിരിക്കെ അവിടെ ഒരു ബ്രിട്ടീഷ്‌ വിരുദ്ധ പ്രകടനം നടന്നു. സ്വാതന്ത്ര്യബോധത്താല്‍ ജ്വലിച്ചു നിന്നിരുന്ന അദ്ദേഹം അതിന്റെ മുന്നണിയില്‍ നിലയുറപ്പിച്ചു. അന്ന്‌ "ബ്രിത്താനിയ മുര്‍ദാബാദ്‌" എന്ന്‌ ആര്‍ത്തുവിളിച്ചുകൊണ്ട്‌ നടത്തിയ പ്രകടനത്തെക്കുറിച്ച്‌ പലപ്പോഴും ഹാജി സാഹിബ്‌ ആവേശപൂര്‍വം പറയാറുണ്ടായിരുന്നു. അക്കാലത്ത്‌ അബുല്‍ കലാം ആസാദിന്റെ കര്‍മമാര്‍ഗമാണ്‌ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക്‌ ഗുണമെന്ന്‌ അദ്ദേഹം വിശ്വസിച്ചു.
പഠനം പൂര്‍ത്തിയാക്കി ഉമറാബാദ്‌ വിട്ടപ്പോഴേക്കും അദ്ദേഹം നിലവിലുള്ള എല്ലാ അവസ്ഥകളിലും പൂര്‍ണമായും അസംതൃപ്തനായിരുന്നു. മലീമസമായ ഈ ചുറ്റുപാടില്‍ ശരിയായ ഇസ്ലാമികജീവിതം നയിക്കാനുള്ള പ്രയാസത്തെക്കുറിച്ച്‌ ചിന്തിച്ച്‌ അദ്ദേഹം സദാ വിഷമിച്ചു കൊണ്ടിരുന്നു.
ഉമറാബാദില്‍നിന്ന്‌ മടങ്ങിവന്ന ഉടനെ കഥാനായകന്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയിലേക്ക്‌ പോയി. അവിടത്തെ കുളങ്കര പള്ളിയില്‍ ഖുത്വ്ബ നിര്‍വഹിക്കുകയും അധ്യാപനവൃത്തിയിലേര്‍പ്പെടുകയും ചെയ്തു. ആദ്യം ഖാദിയാനിയും പിന്നീട്‌ അഹ്ലുല്‍ ഖുര്‍ആന്‍കാരനുമായിത്തീര്‍ന്ന കുഞ്ഞഹമ്മദ്‌ ഹാജി നടത്തുന്ന മദ്‌റസയിലായിരുന്നു ജോലി. ഉര്‍ദുഭാഷ പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങള്‍ക്ക്‌ അക്കാലത്ത്‌ ഹൈദറാബാദ്‌ നൈസാം പത്തുരൂപയും തര്‍ജുമാനുല്‍ ഖുര്‍ആന്റെ കോപ്പികളും അയച്ചു കൊടുത്തിരുന്നു. ഹാജി സാഹിബിന്റെ ശമ്പളം ഈ പത്ത്‌ രൂപയായിരുന്നു. അവിടെവെച്ച്‌ കുഞ്ഞഹമ്മദ്‌ ഹാജിയുമായി സംവാദം നടത്താനും ന്യായവാദങ്ങള്‍കൊണ്ട്‌ അദ്ദേഹത്തെ പരാജയപ്പെടുത്താനും ഹാജി സാഹിബിന്‌ അവസരം ലഭിച്ചു.
തര്‍ജുമാനുല്‍ ഖുര്‍ആന്‍
പഴയങ്ങാടിയില്‍ മദ്‌റസ അധ്യാപകനായിരിക്കെ, ഹാജി സാഹിബിന്റെ മുഴുവന്‍ ചിന്തയും ഏകാന്തവാസത്തെക്കുറിച്ചായിരുന്നു. അങ്ങനെ, ദുഷിച്ചുനാറിയ സാമൂഹികാന്തരീക്ഷത്തില്‍നിന്ന്‌ അകന്ന്‌ ഒററപ്പെട്ട്‌ ഇസ്ലാമിക ജീവിതം നയിക്കുന്നതിനെ സംബന്ധിച്ച ചിന്തകളില്‍ മുഴുകിയിരിക്കുമ്പോഴാണ്‌ നൈസാം അയച്ചുകൊടുത്തിരുന്ന തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്‌. ഉര്‍ദുഭാഷയോടുള്ള അത്യധികമായ ആഭിമുഖ്യമാണ്‌ അതു വായിക്കാന്‍ പ്രേരണയായത്‌. കൂടാതെ അത്‌ നടത്തിയിരുന്ന മൗലാനാ മൗദൂദിയെക്കുറിച്ച്‌ ഉമറാബാദില്‍ വെച്ച്‌ ശൈഖ്‌ ഇസ്മാഈല്‍ പറഞ്ഞ കാര്യവും ഓര്‍മയിലുണ്ടായിരുന്നു.
നിലവിലുളള സമൂഹഘടനയുടെ യഥാര്‍ഥ ചിത്രം അനാവരണം ചെയ്ത്‌ സമൂലമായൊരു മാറ്റത്തിനുവേണ്ടി ശക്തമായ ഭാഷയില്‍ വാദിച്ചു കൊണ്ടിരുന്ന തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഹാജി സാഹിബിനെ അത്യധികം സ്വാധീനിച്ചു. ഒരു ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനത്തിന്റെ ആവശ്യകതയെയും പ്രായോഗികതയെയും സംബന്ധിച്ച്‌ വിശദമായി പ്രതിപാദിച്ചിരുന്ന മൗദൂദി സാഹിബിന്റെ ലേഖനങ്ങള്‍, സമൂഹജീവിതത്തില്‍നിന്ന്‌ ഓടിയകലാന്‍ വെമ്പല്‍കാണിച്ചിരുന്ന ആ സാത്വികനെ ഒരു വിപ്ലവകാരിയാക്കി പരിവര്‍ത്തിപ്പിച്ചു. മുസ്ലിം സമൂഹത്തിന്റെ ജീര്‍ണാവസ്ഥ വിവരിക്കുകയും, ഇസ്ലാമിനെ ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി അവതരിപ്പിക്കാത്തതിന്റെ ഭവിഷ്യത്തുകള്‍ എടുത്തുകാണിക്കുകയും ചെയ്തുകൊണ്ട്‌ ഒരിസ്ലാമിക നവോത്ഥാന സംഘടനയുടെ നഖചിത്രം അവതരിപ്പിച്ച മൗദൂദി സാഹിബിന്റെ ലേഖനത്തോടൊപ്പംസഞ്ചരിച്ച ഹാജി സാഹിബിന്റെ മനസ്സ്‌ പഞ്ചാബിലെ പത്താന്‍കോട്ടിലേക്ക്‌ പറന്നടുക്കുകയായിരുന്നു. തര്‍ജുമാനുല്‍ ഖുര്‍ആന്‍ വായന ആരംഭിച്ചാല്‍ അവസാനിക്കുന്നതുവരെ കൈയില്‍നിന്ന്‌ താഴെവെക്കാന്‍ ആ അന്വേഷണകുതുകിക്ക്‌ കഴിയുമായിരുന്നില്ല.
ജമാഅത്തെ ഇസ്ലാമിയില്‍ അംഗത്വം
മൗലാനാ മൗദൂദി സാഹിബിന്റെ പുസ്തകങ്ങളും ലേഖനങ്ങളും താല്‍പര്യപൂര്‍വം വായിച്ചുകൊണ്ടിരുന്ന സ്മര്യപുരുഷന്‍ ജമാഅത്തെ ഇസ്ലാമി രൂപവത്കൃതമായ അതേ വര്‍ഷം, 1941 ഒക്ടോബര്‍ 15-ന്‌ അതില്‍ അംഗമായി. കത്തിടപാടിലൂടെയായിരുന്നു മൗദൂദി സാഹിബും കഥാനായകനും പരസ്പരം ബന്ധപ്പെട്ടിരുന്നത്‌.
അതീവ സങ്കീര്‍ണങ്ങളും ഗഹനങ്ങളുമായ ആധുനിക പ്രശ്നങ്ങളില്‍ പോലും ഇസ്ലാമിന്റെ വീക്ഷണങ്ങളും സമീപനങ്ങളും യുക്തിസഹമായി സമൂഹസമക്ഷം സമര്‍പ്പിച്ചിരുന്ന മൗലാനയുടെ ശിഷ്യത്വം സ്വീകരിച്ച്‌ കൂടുതല്‍ പഠിക്കാന്‍ ഹാജി സാഹിബിന്റെ ഹൃദയം തുടികൊട്ടി. അതിന്റെ ഫലം ദുരിതപൂര്‍ണമായ ഒരു യാത്രയായിരുന്നു. അതാരംഭിച്ചത്‌ കണ്ണൂരിലെ പഴയങ്ങാടിയില്‍നിന്നാണ്‌. ലക്ഷ്യം പത്താന്‍കോട്ടിലെ ദാറുല്‍ ഇസ്ലാമും. അവിടം കേന്ദ്രമാക്കിയാണ്‌ മൗദൂദി സാഹിബ്‌ തന്റെ വിപ്ലവശ്രമങ്ങള്‍ കരുപ്പിടിപ്പിച്ചുകൊണ്ടിരുന്നത്‌.
ആറ്‌ അണ കൂലി
മദ്‌റസാ ജോലിയിലൂടെ മിച്ചംവെച്ചതും കുറിയിലൂടെ സമ്പാദിച്ചതുമായ ഏതാനും രൂപയുമായാണ്‌ വി.പി. മുഹമ്മദലി സാഹിബ്‌ പത്താന്‍ കോട്ടിലേക്കുള്ള തന്റെ സാഹസിക യാത്രയാരംഭിച്ചത്‌. ധരിച്ച വസ്ത്രവും കൈയിലൊരു സഞ്ചിയുമായി ആ ഫഖീര്‍ മണ്ണാര്‍ക്കാട്ടെത്തി. പള്ളിദര്‍സിലെ പഠനകാലത്തെ സുഹൃത്തുക്കള്‍ക്ക്‌ താന്‍ ബന്ധപ്പെട്ട പുതിയ പ്രസ്ഥാനത്തെ സാമാന്യം വിശദമായിത്തന്നെ പരിചയപ്പെടുത്തി. തുടര്‍ന്ന്‌ തൊട്ടടുത്ത പ്രദേശമായ കരുമ്പയിലെ പള്ളിയില്‍ചെന്നും ഇതാവര്‍ത്തിച്ചു. പിന്നീട്‌ കോയമ്പത്തൂര്‍ വരെ നടന്നു.
ഉത്തരേന്ത്യയില്‍ കത്തിക്ക്‌ നല്ല പ്രിയവും വിലയുമുണ്ടെന്ന്‌ മനസ്സിലാക്കിയ മുഹമ്മദലി കണ്ണൂരില്‍നിന്ന്‌ കുറേ കത്തികള്‍ വാങ്ങിയിരുന്നു. വണ്ടികയറിയും കാല്‍നടയായും സഞ്ചരിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കുശേഷം മദ്രാസിലെത്തി. അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്തു. കഠിനാധ്വാനം കാരണം ശരീരം ക്ഷീണിച്ചു. പനി ബാധിച്ചു. ഇരുപത്തൊന്ന്‌ ദിവസം കിടപ്പിലായി. ശരീരം തളര്‍ന്നു. തലമുടി ഏറെയും കൊഴിഞ്ഞുപോയി.
രോഗം ഭേദമായപ്പോള്‍ യാത്ര തുടര്‍ന്നു. വഴിയിലെല്ലാം പലതരത്തിലുള്ള ജോലികളിലേര്‍പ്പെട്ടു. കിട്ടുന്ന സംഖ്യയുമായി വീണ്ടും യാത്ര. അങ്ങനെ ദല്‍ഹിയിലെ ഒരു വര്‍ക്ക്ഷോപ്പിലെത്തി. അവിടെനിന്ന്‌ ലഭിച്ചിരുന്ന കൂലി ദിനംപ്രതി ആറ്‌ അണയായിരുന്നു.
ഒരു നിക്കാഹ്‌ ഖുത്വബ
വര്‍ക്ക്ഷോപ്പില്‍ ജോലിനോക്കിക്കൊണ്ടിരിക്കുമ്പോഴും ഹാജി സാഹിബ്‌ കൃത്യസമയത്തുതന്നെ പള്ളിയില്‍ നമസ്കരിക്കാനെത്തിയിരുന്നു. ഈ മതനിഷ്ഠ അവിടത്തെ തമിഴ്‌നാട്ടുകാരനായ ഇമാമിനെ ഹഠാദാകര്‍ഷിച്ചു. അദ്ദേഹം ഹാജി സാഹിബുമായി പരിചയപ്പെട്ടു. ആയിടക്ക്‌ ഒരു ദിവസം മലയാളിയായ ഒരു കച്ചവടക്കാരന്‍ പള്ളി ഇമാമിനെ വിവാഹ പ്രസംഗത്തിന്‌ ക്ഷണിച്ചു. 'ഇക്കാര്യം നര്‍വഹിക്കാന്‍ ഒരു മലയാളിതന്നെ ഇവിടെയുണ്ടെ'ന്ന്‌ പറഞ്ഞു അദ്ദേഹം ആ ആറണത്തൊഴിലാളിയുടെ പേര്‌ നിര്‍ദേശിച്ചു. മലയാളിയായ വ്യാപാരിക്ക്‌ ഇത്‌ വളരെ ആകര്‍ഷകമായി തോന്നുകയും ഹാജി സാഹിബിനെ സമീപിച്ച്‌ വിവരം ധരിപ്പിക്കുകയും ചെയ്തു. ക്ഷണം സ്വീകരിച്ച അദ്ദേഹം ഉജ്ജ്വലമായൊരു പ്രസംഗം നടത്തി. ഇത്‌ ആ തുണിക്കച്ചവടക്കാരനില്‍ വളരെയേറെ മതിപ്പുളവാക്കുകയും അദ്ദേഹത്തെ തന്റെ കടയിലെ കാഷ്യറാക്കുകയും ചെയ്തു. ഈ ജോലി വളരെ സുഖകരവും അനായാസകരവുമായിരുന്നു. കച്ചവടസ്ഥാപനത്തിലെ മുഴുവന്‍ അധികാരവും ചുമതലയും ഹാജി സാഹിബിനായിരുന്നു.
'ആപ്‌ മുഹമ്മദലി ഹെ'
അങ്ങനെയിരിക്കെ ഒരു ദിവസം മൗലാനാ മൗദൂദി ജാമിഅ മില്ലിയ്യയില്‍ പ്രസംഗിക്കാന്‍ വരുന്നുണ്ടെന്ന വാര്‍ത്ത മുഹമ്മദലിയുടെ ചെവിയിലുമെത്തി. തേടിയവള്ളി കാലില്‍ചുറ്റിയ പ്രതീതിയാണ്‌ അപ്പോള്‍ അദ്ദേഹത്തി
നുണ്ടായത്‌. വളരെനേരത്തേതന്നെ യോഗസ്ഥലത്തെത്തി. മൗദൂദിസാഹിബിന്റെ ഗഹനവും ആകര്‍ഷകവുമായ പ്രസംഗം ശ്രദ്ധയോടെ കേട്ടു. പ്രഭാഷണാനന്തരം മൗദൂദി സാഹിബിന്റെ അടുത്തുചെന്ന്‌ ഹസ്തദാനം ചെയ്തു. "ആപ്‌ കഹാംസെ." മൗലാനാ ചോദിച്ചു."മലബാര്‍ സെ." ഹാജി സാഹിബിന്റെ ഈ വാക്കുകള്‍ കേട്ടപ്പോഴേക്കും കെട്ടിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു: "ആപ്‌ മുഹമ്മദലി ഹെ."
നേരില്‍ കണ്ടിരുന്നില്ലെങ്കിലും അവര്‍ അത്രയേറെ പരസ്പരം അടുത്തിരുന്നു. കത്തുകളിലൂടെ ഗാഢമായ ഹൃദയബന്ധം സ്ഥാപിച്ചിരുന്നു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം മൗലാനാ അദ്ദേഹത്തെ 'ദാറുല്‍ ഇസ്ലാമി'ലേക്ക്‌ ക്ഷണിച്ചു. കൂടെ ചെല്ലാനാവശ്യപ്പെട്ടു. എന്നാല്‍ ആ ഘട്ടത്തില്‍ മൗലാനയോടൊന്നിച്ച്‌ പോകാന്‍ അദ്ദേഹത്തിന്‌ സാധ്യമായിരുന്നില്ല. താന്‍ ജോലിചെയ്യുന്ന കടയുടമയുമായുള്ള ഇടപാടുകള്‍ പറഞ്ഞുതീര്‍ക്കുകയും സമ്മതം വാങ്ങുകയും ചെയ്യേണ്ടതുണ്ട്‌. ഈ വിവരം മൗദൂദി സാഹിബിനെ അറിയിക്കുകയും താമസിയാതെ അവിടെ എത്തിക്കൊള്ളാമെന്ന്‌ വാക്ക്‌ കൊടുക്കുകയും ചെയ്തു.
ദാറുല്‍ ഇസ്ലാമില്‍
ഏറെ താമസിയാതെ ആ വിപ്ലവകാരി പത്താന്‍കോട്ടിലെ 'ദാറുല്‍ ഇസ്ലാമി'ലെത്തി. അദ്ദേഹം തന്റെ സുഹൃത്ത്‌ മഞ്ചേരി കെ.കെ. അലിക്ക്‌ അയച്ച എഴുത്തില്‍ വിവരിച്ചതിങ്ങനെയാണ്‌:
"ഇതൊരു കൊച്ചു ഇസ്ലാമിക രാഷ്ട്രമാണ്‌. ഇവിടെ പള്ളിയുണ്ട്‌. പഠനമുറിയും ഓഫീസും പ്രസിദ്ധീകരണശാലയും ഗ്രന്ഥശാലയും അശുപത്രിയുമെല്ലാമുണ്ട്‌. സകലതും നിയന്ത്രിക്കുന്നത്‌ ജമാഅത്ത്‌ പ്രവര്‍ത്തകരാണ്‌. വിശാലമായൊരു പ്രദേശമാണിത്‌. വിവിധ ഭാഷക്കാരും വ്യത്യസ്ത വേഷക്കാരും ഇവിടെ ഒത്തുകൂടിയിരിക്കുന്നു. ചിലരെല്ലാം കുടുംബസമേതം ആണ്‌ താമസം. ഈ രാഷ്ട്രത്തിലെ ഖലീഫ മൗലാനാ മൗദൂദി സാഹിബാണ്‌."
ഹാജി സാഹിബ്‌
'ഹാജി സാഹിബേ....' നമ്മുടെ സ്മര്യപുരുഷന്റെ കൂടെ ഉമറാബാദില്‍ പഠിച്ചിരുന്ന ശൈഖ്‌ അബ്ദുല്ലാ സാഹിബ്‌ അങ്ങനെ അഭിസംബോധന ചെയ്യുന്നത്‌ മൗലാനാ മൗദൂദി കേള്‍ക്കാനിടയായി. അപ്പോള്‍ അതിന്റെ കാരണം അന്വേഷിച്ചു.
"ഇദ്ദേഹം ഹജ്ജ്‌ ചെയ്തിട്ടുണ്ട്‌. സ്നേഹപൂര്‍വം ഞങ്ങള്‍ അങ്ങനെ വിളിക്കാറുണ്ട്‌." ശൈഖ്‌ അബ്ദുല്ലാ സാഹിബ്‌ കാരണം വിശദീകരിച്ചു.
"എന്നാല്‍ ആദ്യമേ പറഞ്ഞുകൂടായിരുന്നോ?" മൗലാനാ ചോദിച്ചു. പിന്നീട്‌ പലപ്പോഴും 'ഹാജിസാഹിബേ' എന്നാണ്‌ മൗലാന വിളിച്ചിരുന്നത്‌.
രണ്ടു വര്‍ഷത്തോളം വായിച്ചും പഠിച്ചും പ്രവര്‍ത്തിച്ചും പരിശീലിച്ചും പത്താന്‍കോട്ടില്‍ കഴിച്ചുകൂട്ടിയ ശേഷം മഹത്തായൊരു ദൗത്യം ഏറ്റെടുത്ത്‌ നാട്ടിലേക്കുമടങ്ങി. ദാറുല്‍ ഇസ്ലാമില്‍ നില്‍ക്കുന്ന കാലത്താണ്‌ ഇസ്ലാം മതവും രക്ഷാസരണിയും മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌. മിശ്കാതുല്‍ മസ്വാബീഹ്‌ എന്ന ഗ്രന്ഥം പഠിച്ചതും മൗദൂദിയോടൊന്നിച്ച്‌ കഴിയവെയാണ്‌.
വീണ്ടും നാട്ടിലേക്ക്‌
പത്താന്‍കോട്ടില്‍നിന്ന്‌ മടങ്ങിയെത്തിയ ആ വിപ്ലവകാരി ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ശബ്ദം നാട്ടിന്റെ നാനാഭാഗങ്ങളിലുമെത്തിക്കാന്‍ തീവ്രയത്നം നടത്തി. സ്വദേശത്തും പരിസരപ്രദേശങ്ങളിലും പ്രസ്ഥാനത്തിന്‌ ഏതാനും ഗുണകാംക്ഷികളെ വളര്‍ത്തിയെടുക്കാന്‍ അനായാസം സാധിച്ചു. ഹാജി സാഹിബിന്റെ മികവാര്‍ന്ന വ്യക്തിത്വത്തിനും സ്നേഹമസൃണമായ സമീപനരീതിക്കും ഇതില്‍ വളരെ വലിയ പങ്കുണ്ട്‌. ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചും മതപ്രഭാഷണങ്ങള്‍ നടത്തിയും അദ്ദേഹം ഇസ്ലാമികാദര്‍ശത്തിന്റെ മഹിത രൂപം സമൂഹത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍ ഹാജി സാഹിബ്‌ ഒരു സ്ഥലത്ത്‌ പ്രസംഗിച്ചുകൊണ്ടിരിക്കെ യോഗം നടക്കുന്നതിന്റെ അടുത്ത്‌ ഒരാള്‍ മരിച്ചിട്ടുണ്ടെന്ന വിവരം ആരോ വന്ന്‌ പറഞ്ഞു. പ്രസംഗമധ്യേ അദ്ദേഹം പറഞ്ഞു: 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍...... അല്ലാഹു അദ്ദേഹത്തിന്‌ നിത്യ ശാന്തി നല്‍കട്ടെ!' ഇത്‌ കേള്‍ക്കേണ്ട താമസം ജനം ആര്‍ത്തു വിളിച്ചു: "ശാന്തി അമ്പലത്തിലാണ്‌."
ചിന്താരംഗത്ത്‌ സമുദായം അത്രയേറെ പതിതാവസ്ഥയില്‍ കഴിഞ്ഞുകൂടിയിരുന്ന കാലത്താണ്‌ ആ പോരാളി തന്റെ വിപ്ലവശ്രമങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌.
ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍
ഇസ്ലാമിക പ്രസ്ഥാനത്തോട്‌ പ്രതിബദ്ധത പുലര്‍ത്തുന്ന ഏതാനും വ്യക്തികളെ സംഘടിപ്പിച്ചുകൊണ്ട്‌ ഹാജി സാഹിബ്‌ 'ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍' രൂപവത്കരിച്ചു. 1946-ലായിരുന്നു ഇത്‌. സി.എം. മൊയ്തീന്‍കുട്ടി, പറമ്പില്‍ കുഞ്ഞലവി, വി.പി. കുഞ്ഞഹമ്മദ്‌, ടി.കെ.വി. മൊയ്തീന്‍കുട്ടി, യു. മുഹമ്മദ്‌, ടി.പി. അബ്ദുര്‍റഹ്മാന്‍, പി. മരക്കാര്‍ തുടങ്ങി ഇരുപതോളം ആളുകള്‍ ഈ രൂപവത്കരണയോഗത്തില്‍ സംബന്ധിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അതേ ആദര്‍ശം അംഗീകരിച്ച സംഘമാണ്‌ 'ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍'. 1944 മുതല്‍ ഹാജി സാഹിബ്‌ നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമായാണ്‌ പ്രഥമ യോഗത്തില്‍ത്തന്നെ ഇത്രയേറെ ആളുകള്‍ സംബന്ധിച്ചത്‌. പത്താന്‍കോട്ടിലെ ദാറുല്‍ ഇസ്ലാമില്‍വെച്ചു തയ്യാറാക്കിയ ഇസ്ലാംമതത്തിന്റെയും രക്ഷാസരണിയുടെയും മലയാള വിവര്‍ത്തനങ്ങളുടെ ഭാഷ വേണ്ടത്ര ആകര്‍ഷകമായിരുന്നില്ല. ഈ പോരായ്മ മനസ്സിലാക്കിയ ഹാജി സാഹിബ്‌ കൊച്ചിയിലെ കെ. മുഹമ്മദലി സാഹിബിനെക്കൊണ്ട്‌ ഭാഷ പരിഷ്കരിപ്പിച്ച ശേഷമാണ്‌ അവ പ്രസിദ്ധീകരിച്ചത്‌. അക്കാലത്താണ്‌ അദ്ദേഹം ഇടവയിലെ ഭാഷാപണ്ഡിതന്മാരുമായി ബന്ധപ്പെട്ട്‌ മലയാള ഭാഷയില്‍ നൈപുണ്യം നേടിയത്‌. ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ഹൗസിന്റെ ഒന്നാമത്തെ പ്രസിദ്ധീകരണമായ ഇസ്ലാംമതം 1945 ആഗസ്തിലാണ്‌ പുറത്തുവന്നത്‌. ഏറെ താമസിയാതെ രക്ഷാസരണിയും പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്ത്‌ ഐ.പി.എച്ചിന്റെ ആസ്ഥാനം ഇരിമ്പിളിയത്തെ കൊച്ചു പള്ളിയുടെ ഇടുങ്ങിയ മുറിയിലെ മുരിക്കിന്‍പെട്ടിയായിരുന്നു. ഐ.പി.എച്ചിന്റെ മൂലധനം കേന്ദ്ര ജമാഅത്തെ ഇസ്ലാമി നല്‍കിയ എഴുനൂറ്‌ രൂപയും. ഇസ്ലാംമതവും രക്ഷാസരണിയും അച്ചടിച്ചത്‌ ഇടവയിലായിരുന്നു. ഇരിമ്പിളിയത്തെ പി.എം.എ വൈദ്യശാലാ മാനേജര്‍ മുഹമ്മദ്കുട്ടി എന്ന ബാപ്പു വൈദ്യര്‍ അക്കാലത്ത്‌ ഐ.പി.എച്ചിന്‌ നല്ലൊരു താങ്ങും തണലുമായി. ഹാജി സാഹിബ്‌ അവിടത്തെ പള്ളിയിലെ ഖത്വീബായിരുന്നതിനാലാണ്‌ പ്രസിദ്ധീകരണാലയത്തിന്റെ ആസ്ഥാനം അവിടെയാക്കിയത്‌. പിന്നീട്‌ അത്‌ വളാഞ്ചേരിയിലേക്കും ശേഷം എടയൂരിലേക്കും മാറ്റുകയുണ്ടായി.
കോണ്‍ഗ്രസ്‌ ഏജന്റ്‌
വളാഞ്ചേരിക്കടുത്ത കാട്ടിപ്പരുത്തിയിലെ സി.എം. മൊയ്തീന്‍കുട്ടി സാഹിബിന്റെ വിശാലമായ വീട്ടുമുറ്റത്ത്‌ ജമാഅത്തുല്‍ മുസ്തര്‍ശിദീന്റെ ഒന്നാം വാര്‍ഷിക സമ്മേളനം നടക്കുകയാണ്‌. നാനൂറോളം ആളുകള്‍ പങ്കെടുക്കുന്നുണ്ട്‌. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനമാണ്‌. ഭക്ഷണവും താമസസൗകര്യവുമെല്ലാം സജ്ജീകരിച്ചുകൊണ്ട്‌ നടത്തപ്പെട്ട കേരളത്തിലെ ആദ്യത്തെ യോഗവും അതുതന്നെ. അന്നോളം അത്തരമൊരു രീതി കേരളീയര്‍ക്ക്‌ അപരിചിതമായിരുന്നു.
ജമാഅത്തെ ഇസ്ലാമി മദ്രാസ്‌ 'ഖയ്യിം' ശൈഖ്‌ അബ്ദുല്ലാസാഹിബ്‌, ഉമറാബാദിലെ സിബ്ഗത്തുല്ല സാഹിബ്‌, സയ്യിദ്‌ അമീന്‍, മൗലാനാ മുഹമ്മദ്‌ ഇസ്മാഈല്‍ സാഹിബ്‌ തുടങ്ങിയ നേതാക്കളും പണ്ഡിതന്മാരും യോഗത്തില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച്‌ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി, മുബല്ലിഗ്‌ മൊയ്തീന്‍കുട്ടി മൗലവി, വി.ടി. അബ്ദുല്ല ഹാജി, കെ. ഉമര്‍ മൗലവി തുടങ്ങിയ ഉല്‍പതിഷ്ണുക്കളായ പണ്ഡിതന്മാരെല്ലാം സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.
മുസ്ലിംകള്‍ക്കിടയില്‍ ശക്തമായി നിലനിന്നിരുന്ന അന്ധമായ സാമുദായികവാദത്തെയും സങ്കുചിത ദേശീയ ചിന്താഗതികളെയും ശക്തമായെതിര്‍ക്കുകയും ഇസ്ലാമികപ്രവര്‍ത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നവയായിരുന്നു മിക്ക പ്രസംഗങ്ങളും. രണ്ടാമത്തെ ദിവസം ഉച്ചക്കുശേഷം സദസ്യര്‍ക്ക്‌ അഭിപ്രായം പറയാനുള്ള അവസരമായിരുന്നു. അന്ന്‌ ഉച്ചക്കുമുമ്പുള്ള യോഗം കഴിഞ്ഞയുടനെ സ്ഥലംവിട്ട എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി തന്റെ ശിഷ്യന്മാരായിരുന്ന കെ. അബ്ദുല്‍ ഖാദിര്‍ മൗലവിയെയും ഇഷാഖലി മൗലവിയെയും വിളിച്ചുവരുത്തി പറഞ്ഞു: "നിങ്ങള്‍ അഭിപ്രായം പറയരുത്‌. ഇക്കൂട്ടര്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണെന്നാ തോന്നുന്നത്‌."
'ഡോക്ടര്‍മാരും ഓടിപ്പോവുകയോ?'
പ്രസ്തുത യോഗത്തില്‍ സദസ്യര്‍ക്കുള്ള അവസരത്തില്‍ ഉമര്‍ മൗലവി അഭിപ്രായപ്പെട്ടു: "ഈ നാട്‌ മുഴുവന്‍ ദുഷിച്ചിരിക്കുന്നു. ഇവിടെ ശരിയായി ജീവിക്കാന്‍ കഴിയുകയില്ല. അതിനാല്‍ ഇസ്ലാമിനെ പൂര്‍ണമായും ഉള്‍ക്കൊള്ളണമെന്നാഗ്രഹിക്കുന്ന നമുക്കെല്ലാം ഹിജ്‌റ പോയി ഒരു സ്ഥലത്ത്‌ ഒരുമിച്ചുകൂടി കോളനിയുണ്ടാക്കി അവിടെ ജീവിക്കാം. എന്നാല്‍ അനിസ്ലാമികമായ സ്വാധീനങ്ങളില്‍നിന്നും നിയന്ത്രണങ്ങളില്‍നിന്നും നമുക്ക്‌ രക്ഷപ്പെടാമല്ലോ."
സദസ്യരുടെ അഭിപ്രായങ്ങളെ നിരൂപണം നടത്തിയ ഹാജി സാഹിബ്‌ ഈ നിര്‍ദേശത്തെപ്പറ്റി പറഞ്ഞു: "ഒരു നാട്ടില്‍ എല്ലാവര്‍ക്കും മാരകമായ പകര്‍ച്ചവ്യാധി പിടിപെട്ടിരിക്കുന്നു. രോഗം ബാധിക്കാത്ത, ചികത്സാവിധികള്‍ കൈവശമുള്ള മൂന്നു നാലു ഡോക്ടര്‍മാരേ അവിടെയുള്ളൂ. ഈഘട്ടത്തില്‍ ആ ഡോക്ടര്‍മാര്‍ ഒളിച്ചോടി മേറ്റ്വിടെയെങ്കിലും പോകുന്നത്‌ എത്ര ക്രൂരമാണ്‌! എന്തുമാത്രം വലിയ പാതകമാണ്‌! അപ്രകാരമാണ്‌ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അനിസ്ലാമികതയിലും അകപ്പെട്ട ഈ സമൂഹത്തെ ചികിത്സിക്കാന്‍ കഴിവുള്ള, ഇസ്ലാമിനെക്കുറിച്ച്‌ യഥാവിധി മനസ്സിലാക്കിയ ബോധമുള്ള ആളുകള്‍ ഇവിടം വിട്ടുപോകുന്നത്‌. അതിനാല്‍ നാം സമൂഹത്തെ ബാധിച്ച രോഗം ചികിത്സിക്കാന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌."
നജസ്‌ കലര്‍ന്ന കുളം
ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ ക്രമം വിവരിച്ചുകൊണ്ട്‌ സംസാരിക്കുകയാണ്‌ ഹാജി സാഹിബ്‌. ആദ്യം ചെയ്യേണ്ടത്‌ ഇസ്ലാമിക പ്രബോധനമാണെന്നും സത്യസന്ദേശം എല്ലാവരിലും എത്തി എന്ന്‌ ബോധ്യമാവുന്നതു വരെ ഇത്‌ തുടരണമെന്നും യാഥാര്‍ഥ്യം മനസ്സിലായിട്ടും അംഗീകരിക്കാത്ത ജനത തങ്ങളെ പൊറുപ്പിക്കാതിരിക്കുമ്പോഴാണ്‌ ഹിജ്‌റ പോവേണ്ടതെന്നും ഖുര്‍ആനികാധ്യാപനങ്ങളും പ്രവാചക വചനങ്ങളും ഉദ്ധരിച്ച്‌ അദ്ദേഹം സമര്‍ഥിച്ചു. പ്രസംഗം കഴിഞ്ഞപ്പോള്‍ സദസ്യരില്‍നിന്ന്‌ ഒരാള്‍ എഴുന്നേറ്റ്‌ ചോദിച്ചു: "ഇന്ത്യയിലെ സമ്പദ്ഘടന അനിസ്ലാമികവും പലിശ കലര്‍ന്നതുമല്ലേ? കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും ഉപയോഗിക്കുന്ന വസ്തുക്കളുമെല്ലാം 'ശുഭത്തു'ള്ളതാണെങ്കില്‍ എങ്ങനെയാണ്‌ യഥാര്‍ഥ മുസ്ലിമായി ജീവിക്കുക?"
"ഇന്ത്യ നജസ്‌ കലര്‍ന്ന കുളമാണ്‌. നമുക്ക്‌ ഒന്നിച്ച്‌ നീന്താം. കരയിലെത്തുന്നതുവരെ ദാഹശമനത്തിന്‌ ഇതിലെ വെള്ളംതന്നെ കുടിക്കാം. ഇവിടത്തെ വ്യവസ്ഥിതി അനിസ്ലാമികമാണ്‌. അത്‌ മാറ്റാന്‍ നമുക്ക്‌ കഠിനാധ്വാനം ചെയ്യാം. മാറുന്നതുവരെ ഇവിടത്തെ ഘടനയനുസരിച്ച്‌ പരമാവധി സൂക്ഷ്മത പാലിച്ച്‌ ജീവിക്കാം." ഹാജി സാഹിബിന്റെ മറുപടി സദസ്സിനെ ഹഠാദാകര്‍ഷിച്ചു.
മറ്റൊരിക്കല്‍ കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനായ ഇമ്പിച്ചിബാവ വളാഞ്ചേരിയില്‍ ഇസ്ലാമിനെ അവഹേളിച്ചും തള്ളിപ്പറഞ്ഞും പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത്‌ കേട്ടുകൊണ്ടിരുന്ന മുസ്ലിംകള്‍ക്ക്‌ അസഹ്യത അനുഭവപ്പെട്ടു. അതേ സ്റ്റേജില്‍ കയറി മറുപടി പറയണമെന്ന വാശിയിലായിരുന്നു പലരും. എന്നാല്‍ യോഗ്യരായ ആരെയും അവിടെ കണ്ടുകിട്ടിയില്ല. ഉടനെ ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരുക്കള്‍ കാറെടുത്ത്‌ എടയൂരില്‍ പോയി ഹാജി സാഹിബിനെ കൂട്ടിക്കൊണ്ടുവന്നു. ഇമ്പിച്ചി ബാവ പ്രസംഗിച്ച അതേ സ്ഥലത്തുവെച്ച്‌ തന്നെ അദ്ദേഹം സമര്‍ഥമായി മറുപടി പറഞ്ഞു. ശ്രദ്ധേയമായ ആ പ്രസംഗത്തില്‍ ആകൃഷ്ടനായ ഇമ്പിച്ചി ബാവ പ്രസംഗം കഴിഞ്ഞയുടനെ ഹാജി സാഹിബിനെ ഹസ്തദാനം ചെയ്ത്‌ അഭിനന്ദിക്കുകയാണുണ്ടായത്‌.
കഥാനായകന്‍ തന്റെ പരിചിതവൃത്തം വികസിപ്പിക്കാന്‍ വിവിധ മാര്‍ഗങ്ങളവലംബിച്ചിരുന്നു. ഇസ്ലാംമതം വാങ്ങിയ ആളുകളെ അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌ ബന്ധപ്പെടുകയെന്ന രീതിയും ഇവയിലുള്‍പ്പെടുന്നു. ഒരിക്കല്‍ പരിചയപ്പെട്ട ആളെ എക്കാലവും ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നുവെന്നത്‌ അദ്ദേഹത്തിന്റെ അസാധാരണമായ സവിശേഷതയാണ്‌.
കമ്യൂണിസത്തിന്‌ മറുമരുന്ന്‌
"ഞാന്‍ വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാതില്‍ പഠിക്കുന്നകാലം; ഹാജി സാഹിബ്‌ പത്താന്‍കോട്ടിലെ ദാറുല്‍ ഇസ്ലാമില്‍നിന്ന്‌ മടങ്ങിയത്‌ അതു വഴിയാണ്‌. ആ 'മുസാഫിറി'നെ ബാഖിയാത്ത്‌ നല്ല നിലയില്‍ സ്വീകരിച്ചു. ഹൃദ്യമായ സല്‍ക്കാരം നല്‍കി. രണ്ടു ദിവസം പണ്ഡിതോചിതമായ സംസാരങ്ങളിലും വൈജ്ഞാനിക ചര്‍ച്ചകളിലും വിവാദങ്ങളിലുമായി കഴിച്ചുകൂട്ടി. നേതൃത്വത്തിന്റെ സകല ലക്ഷണങ്ങളും ഒത്തിണങ്ങിയ ആ മഹദ്‌വ്യക്തിത്വത്തിന്റെ ഗാംഭീര്യം സ്ഫുരിക്കുന്ന മുഖഭാവവും ഹൃദയാവര്‍ജകമായ പെരുമാറ്റവും എന്നെ അത്യധികം ആകര്‍ഷിച്ചു." അങ്ങനെയാണ്‌ ഹാജി സാഹിബിന്റെ പിന്‍ഗാമിയായി കേരള ജമാഅത്തിന്റെ നേതൃത്വം ഏറ്റെടുത്ത ജനാബ്‌ കെ.സി. അബ്ദുല്ല മൗലവി ആ ബന്ധത്തിന്റെ ആരംഭകഥ വിവരിച്ചത്‌. കമ്യൂണിസത്തിന്റെയും ഭൗതികവാദത്തിന്റെയും ഭവിഷ്യത്തുകള്‍ നേരിടാന്‍ യുക്തമായ മാര്‍ഗങ്ങളന്വേഷിച്ച്‌ അലഞ്ഞു നടന്നിരുന്ന കെ.സി.യുടെ മനസ്സിന്‌ പുതിയ വെളിച്ചം പകര്‍ന്നുകൊടുത്തത്‌ ആ കൂടിക്കാഴ്ചയാണ്‌. കേവലമായ ആദര്‍ശപ്രസംഗങ്ങള്‍ക്ക്‌ അനിസ്ലാമിക മുന്നേറ്റങ്ങളെ പ്രതിരോധിക്കാന്‍ സാധ്യമല്ലെന്നും കരുത്തുറ്റ ഒരിസ്ലാമിക പ്രസ്ഥാനത്തിന്‌ മാത്രമേ അതിന്‌ കഴിയുകയുള്ളൂവെന്നും ഹാജി സാഹിബ്‌ സമര്‍ഥിക്കുകയുണ്ടായി. എങ്കിലും അക്കാലത്ത്‌ ഹാജി സാഹിബിന്റെ 'പുത്തന്‍ സിദ്ധാന്തങ്ങള്‍' മുഴുവനായി ഉള്‍ക്കൊള്ളാന്‍ കെ.സിക്ക്‌ സാധിച്ചില്ല. അദ്ദേഹം തന്റെ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്തു.
അപ്പോള്‍ 'അല്‍മുര്‍ശിദോ?'
കോഴിക്കോട്ടെ കുഞ്ഞോയി വൈദ്യരുടെ പീടികമുറി. ധാരാളം ആളുകള്‍ കൂട്ടംകൂടിയിരുന്ന്‌ തര്‍ക്കിച്ചുകൊണ്ടിരിക്കയാണ്‌. ജമാഅത്ത്‌ അനുഭാവികളും മുജാഹിദുകളുമാണ്‌ വിവാദത്തിലേര്‍പ്പെട്ടിരുന്നത്‌. അപ്പോഴാണ്‌ ഹാജി സാഹിബ്‌ നടന്നുവരുന്നത്‌ അവരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. ജനാബ്‌ സി.വി. ഹസ്സന്‍കോയ ഹാജി അദ്ദേഹത്തെ പീടികയിലേക്ക്‌ ക്ഷണിച്ചു. സലാംചൊല്ലി കേറിച്ചെന്നയുടനെ അവര്‍ ചോദിച്ചു: "അല്ല, ഹാജി സാഹിബേ, ഞങ്ങളുടെ ഗ്രന്ഥങ്ങള്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാര്‍ഗദര്‍ശകങ്ങളാണ്‌ എന്നാണല്ലോ നിങ്ങള്‍ പറയാറുള്ളത്‌. ഖുര്‍ആനിനെ സംബന്ധിച്ചല്ലേ അങ്ങനെ പറയാന്‍ പാടുള്ളൂ?"
"അപ്പോള്‍ 'അല്‍മുര്‍ശിദോ?' അതിന്റെ അര്‍ഥമെന്താണ്‌?" ഹാജിസാഹിബ്‌ ചിരിച്ചുകൊണ്ടു ചോദിച്ചു.
വൈദ്യരുടെ പെട്ടി
"ഇത്‌ വൈദ്യരുടെ പെട്ടിപോലെയാണ്‌. ചുക്ക്‌, കടുക്‌, മുളക്‌ തുടങ്ങി എല്ലാമെടുത്തുണ്ടാക്കിയ സര്‍വരോഗ സംഹാരി പോലെയുണ്ട്‌." കുഞ്ഞോയി വൈദ്യരുടെ മാളിക മുകളില്‍ സംഘടിപ്പിക്കപ്പെട്ട ഹാജി സാഹിബിന്റെ ഖുര്‍ആന്‍ ക്ലാസില്‍ ആദ്യമായി സംബന്ധിച്ച സി.വി. മുഹമ്മദ്‌ മൗലവി പറഞ്ഞത്‌ അങ്ങനെയാണ്‌. ഖുര്‍ആനും ഹദീസും ചരിത്രവും ഉദ്ധരിച്ച്‌ മനുഷ്യന്റെ മുഴുവന്‍ പ്രശ്ങ്ങള്‍ക്കും പരിഹാരമാണ്‌ ഇസ്ലാമെന്ന്‌ സമര്‍ഥിക്കുന്നതിനെക്കുറിച്ചാണ്‌ അദ്ദേഹം അങ്ങനെ പറഞ്ഞത്‌.
കുഞ്ഞോയി വൈദ്യരുടെ പീടികമുറിയില്‍ വെച്ച്‌ ഹാജി സാഹിബ്‌ പതിനഞ്ചോളം ദിവസം ക്ലാസ്‌ നടത്തുകയുണ്ടായി. എം.എം.ഹൈസ്കൂളിലെ അധ്യാപകരായിരുന്ന പി.സി. മുഹമ്മദ്‌ ഹനീഫ മൗലവി, സി.വി. മുഹമ്മദ്‌ മൗലവി, അവിടത്തെ വിദ്യാര്‍ഥിയായിരുന്ന ഇമ്പിച്ച്യാമു സാഹിബ്‌ തുടങ്ങി ഒട്ടേറെ പേര്‍ പ്രസ്തുത ക്ലാസുകളില്‍ സംബന്ധിച്ചിരുന്നു. മറ്റാരെയും വിമര്‍ശിക്കാത്ത പ്രസംഗങ്ങളും ക്ലാസ്സുകളും വിരളമായിരുന്ന അക്കാലത്ത്‌ ആ സാത്വികന്‍ ഇക്കാര്യത്തില്‍ തികഞ്ഞ സൂക്ഷ്മത പാലിച്ചിരുന്നു. വിരുദ്ധ വീക്ഷണം വെച്ചുപുലര്‍ത്തിയിരുന്നവര്‍ പോലും ഈ സമീപനത്തെ വളരെയേറെ പ്രശംസിച്ചു.
ജമാഅത്തെ ഇസ്ലാമി രൂപവത്കരണം
വളാഞ്ചേരിയിലെ പി. മരക്കാര്‍ ഹാജിയുടെ വീട്ടില്‍ ചേര്‍ന്ന ജമാഅത്തുല്‍ മുസ്തര്‍ശിദീന്റെ യോഗമാണ്‌ സംഘത്തെ ജമാഅത്തെ ഇസ്ലാമിയാക്കിമാറ്റാന്‍ തീരുമാനിച്ചത്‌. അങ്ങനെയാണ്‌ 1948-ല്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ രണ്ടാമത്തെ ഘടകം വളാഞ്ചേരിയില്‍ നിലവില്‍ വന്നത്‌. പ്രസ്തുത യോഗത്തില്‍ പതിനഞ്ചിലധികം ആളുകള്‍ സംബന്ധിച്ചു.
തലശ്ശേരി സ്വദേശിയും എം.എം. ഹൈസ്കൂള്‍ ഉര്‍ദു അധ്യാപകനുമായിരുന്ന പി.സി. മുഹമ്മദ്‌ ഹനീഫ മൗലവി, കെ. ഇമ്പിച്ച്യാമു സാഹിബ്‌, സി.പി. എം. അബ്ദുല്‍ ഖാദിര്‍ സാഹിബ്‌ തുടങ്ങിയവര്‍ അംഗങ്ങളായി 1947 ജനുവരി 30-ന്‌ രൂപവത്കൃതമായ കോഴിക്കോട്‌ ഘടകമാണ്‌ ഒന്നാമത്തേത്‌.
മലബാര്‍ ഭാഗത്ത്‌ ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആദ്യത്തെ പ്രസംഗ പരമ്പര വാണിമേലിലായിരുന്നു. അതേക്കുറിച്ച്‌
കെ. മൊയ്തുമൗലവി അനുസ്മരിക്കുന്നു: "1947-ല്‍ ജനാബ്‌ പി.വി. കുഞ്ഞഹമ്മദ്‌ ഹാജിയുടെ ക്ഷണപ്രകാരം വി.പി. മുഹമ്മദലി ഹാജി പതിമൂന്ന്‌ ദിവസം വാണിമേലില്‍ പ്രസംഗിച്ചു. പ്രസംഗത്തിന്‌ പ്രതിഫലമോ ഭക്ഷണമോ ആവശ്യമില്ലെന്നും താമസസൗകര്യം മാത്രം മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. ഭക്ഷണം കൂടി സ്വീകരിച്ചേ തീരൂ എന്ന കുഞ്ഞഹമ്മദ്‌ ഹാജിയുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ പ്രസംഗം തുടങ്ങിയത്‌. പ്രസംഗം ശ്രവിക്കാന്‍ പതിവിന്‌ വിപരീതമായി വളരെയധികം ആളുകള്‍ സംബന്ധിച്ചു. ഇത്രയധികം ആളുകള്‍ തടിച്ചുകൂടുന്ന പ്രസംഗത്തിന്‌ കാശ്‌ വാങ്ങുന്നില്ലെന്നുകേട്ട ജനം അമ്പരന്നു. ഇങ്ങനെയൊരു സംഭവം ഇതിനുമുമ്പ്‌ ആരും കേട്ടിട്ടില്ല. 'അവന്‍ യോഗ്യന്‍തന്നെ. കാശ്‌ വാങ്ങാതെ വഅള്‌ പറയുക!' ഇതായിരുന്നു വന്ദ്യവയോധികനായ അഹ്മദ്‌ കുട്ടിക്ക ഉറക്കെ വിളിച്ചുപറഞ്ഞത്‌."
'കാര്‍ ഈസ്‌ വെയ്റ്റിംഗ്‌ ഫോര്‍ മി'
1945 നവംബര്‍ 23-ന്‌ കോഴിക്കോട്‌ അല്‍അമീന്‍ ലോഡ്ജില്‍ ചെന്ന്‌ ഹാജി സാഹിബ്‌ മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍ സാഹിബുമായി പരിചയപ്പെട്ടു. അവരിരുവരും സുദീര്‍ഘമായി സംസാരിച്ചു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആവശ്യകതയും ആദര്‍ശവും ലക്ഷ്യവും മാര്‍ഗവുമെല്ലാം വിശദമായിത്തന്നെ അബ്ദുര്‍റഹ്മാന്‍ സാഹിബിനെ പരിചയപ്പെടുത്തി. എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന ശേഷം പറഞ്ഞു: "ഇങ്ങനെയെല്ലാമാണെങ്കില്‍ നമുക്ക്‌ കുറേകൂടി വിശദമായി സംസാരിക്കേണ്ടതുണ്ട്‌. അത്‌ മറ്റൊരിക്കലാകാം. കാര്‍ ഈസ്‌ വെയ്റ്റിംഗ്‌ ഫോര്‍ മി ടു മുക്കം."
അങ്ങനെ അവര്‍ യാത്ര പറഞ്ഞിറങ്ങി. എന്നാല്‍ കൊടിയത്തൂരിലേ
ക്കുള്ള ആ യാത്ര അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അന്ത്യയാത്രയായിരിക്കുമെന്ന്‌ ആരും പ്രതീക്ഷിച്ചിരിക്കില്ല. കൊടിയത്തൂരില്‍നിന്ന്‌ മടങ്ങവെ വഴിയില്‍ വെച്ച്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
"നമുക്കൊരു യോഗ്യന്‍ നഷ്ടപ്പെട്ടു." മുഖലക്ഷണങ്ങളും ഭാവങ്ങളും നോക്കി ആളുകളുടെ അന്തര്‍ഗതങ്ങളും സ്വഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്ന ഹാജി സാഹിബ്‌ ആ മരണവാര്‍ത്തയോടു പ്രതികരിച്ചത്‌ അങ്ങനെയാണ്‌.
അപരിചിതരായ ആളുകളുമായി അനായാസം ബന്ധം സ്ഥാപിച്ചിരുന്ന ഹാജി സാഹിബ്‌ സമകാലിക സമൂഹത്തിലെ എല്ലാ സമുദായ നേതാക്കളുമായും സൗഹൃദം സ്ഥാപിച്ചു.
അടുത്ത ബന്ധുവിനെക്കാളധികം ഔത്സുക്യത്തോടെ ഓരോ വ്യക്തിയുടെയും കുടുംബ വിവരങ്ങളും ജീവിതാവസ്ഥകളും ചോദിച്ചു മനസ്സിലാക്കുകയെന്നത്‌ അദ്ദേഹത്തിന്റെ സ്ഥിരചര്യയില്‍ പെട്ടതാകുന്നു. പിന്നീട്‌ അതൊരിക്കലും മറന്നിരുന്നില്ലെന്നതാണ്‌ ഏറെ അദ്ഭുതകരം. ബന്ധപ്പെടുന്ന ആര്‍ക്കും തന്റെ വളരെ അടുത്ത ബന്ധുവാണ്‌ ഇദ്ദേഹമെന്ന്‌ തോന്നാതിരിക്കില്ല.
'അടിച്ച്‌ കാലൊടിക്കണം'
മുബല്ലിഗ്‌ മൊയ്തീന്‍കുട്ടി മൗലവിക്കു ശേഷം കോഴിക്കോട്‌ പട്ടാളപ്പള്ളിയിലെ ഖത്വീബ്‌ ഹാജി സാഹിബായിരുന്നു. പുതുമയുള്ളതും ആശയസംപുഷ്ടവുമായ അദ്ദേഹത്തിന്റെ ഖുത്വ്ബ എല്ലാവരെയും അത്യധികം ആകര്‍ഷിച്ചു.
ഒരു റബീഉല്‍അവ്വല്‍ മാസത്തില്‍ ജുമുഅ നമസ്കാരത്തിനുശേഷം അന്നത്തെ പള്ളിക്കമ്മിറ്റി പ്രസിഡന്റായിരുന്ന ബാവ ഹാജിയുടെ വീട്ടില്‍ ഊണുകഴിച്ചുകൊണ്ടിരിക്കുകയാണ്‌. ഹാജി സാഹിബിനോടൊന്നിച്ച്‌ നാട്ടിലെ പ്രമുഖരായ പലരുമുണ്ട്‌. കടുത്ത കോണ്‍ഗ്രസുകാരനും ഉല്‍പതിഷ്ണുവുമായിരുന്ന ഗാസി കുഞ്ഞാവയും കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹം ജുമുഅ ഖുത്വ്ബയില്‍ റബീഉല്‍ അവ്വലിലെ അനാചാരങ്ങളെ വിമര്‍ശിക്കാത്തതിനെ കുറ്റപ്പെടുത്തിക്കൊണ്ടും ഹാജി സാഹിബിനെ അവഹേളിച്ചുകൊണ്ടും സംസാരിച്ചു. എല്ലാം കേട്ടശേഷം അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു: "ഞാന്‍ പ്രസംഗിച്ചത്‌ പട്ടാളപ്പള്ളിയിലാണ്‌. അനാചാരവും അന്ധവിശ്വാസവുമായി നടക്കുന്നവര്‍ അവിടെ ജുമുഅക്ക്‌ വരാറില്ലെന്നാണ്‌ എന്റെ വിശ്വാസം. അവരോട്‌ അനാചാരത്തെ എതിര്‍ത്ത്‌ സംസാരിക്കുന്നത്‌ പാഴ്‌വേലയാണ്‌."
"അതൊക്കെ എനിക്കറിയാം! ആളുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മിണ്ടാതിരുന്നതല്ലേ? ഇത്തരക്കാരുടെയൊക്കെ കാല്‌ തല്ലിയൊടിക്കുകയാണ്‌ വേണ്ടത്‌." ഗാസി കുഞ്ഞാവ ഇതു പറഞ്ഞപ്പോഴേക്കും ഹാജി സാഹിബ്‌ ചാടിയെഴുന്നേറ്റു. തികഞ്ഞ ഗൗരവത്തില്‍ പറഞ്ഞു: "എന്നാല്‍ അതിപ്പോള്‍ തന്നെയാവട്ടെ."
ഒരു 'മൗലവി' നാട്ടിലെ പ്രമാണിയായ കുഞ്ഞാവയോട്‌ ഇങ്ങനെ പ്രതികരിക്കുമെന്ന്‌ ആരും പ്രതീക്ഷിച്ചതല്ല. അവര്‍ ഇടിവെട്ടേറ്റപോലെയായി. ഹാജി സാഹിബ്‌ കേവലം ഒരു മൗലവിയായിരുന്നില്ല. കാട്ടിപ്പരുത്തി ചങ്ങമ്പള്ളി മമ്മു ഗുരുക്കളില്‍നിന്ന്‌ കളരിപ്പയറ്റും കായികമുറകളും പഠിച്ച ധീരനായ പോരാളി കൂടിയായിരുന്നു.
അതോടൊപ്പം ജീവകാരുണ്യത്തിന്റെ നിറകുടവും ഉദാരതയുടെ പ്രതീകവുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയുമെല്ലാം കണ്ണിലുണ്ണിയും. സഹോദരിമാരുടെയും സഹോദരങ്ങളുടെയുമെല്ലാം മക്കളുടെ വിവാഹം നടത്തിക്കൊടുത്തിരുന്നത്‌ അദ്ദേഹംതന്നെയാണ്‌.
പിതാവിന്റെ മരണം
അലഹബാദില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി സമ്മേളനത്തിന്‌ പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്‌ പിതാവ്‌ പോക്കാമുട്ടി ഹാജിയുടെ രോഗം വര്‍ധിച്ചത്‌. യാത്രയുടെ ദിവസമടുത്തപ്പോള്‍ അല്‍പം ആശ്വാസം അനുഭവപ്പെട്ടു. മകന്റെ മനോഗതവും പ്രയാസവും മനസ്സിലാക്കിയ പിതാവ്‌ പറഞ്ഞു: "മോനേ, നീ യോഗത്തിന്‌ പൊയ്ക്കൊള്ളൂ. മടങ്ങിവന്ന ശേഷം നമുക്ക്‌ കാണാം. അല്ലെങ്കില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ വെച്ച്‌."
സംഭവിച്ചത്‌ രണ്ടാമത്തേതാണ്‌. യോഗം കഴിഞ്ഞ്‌ തിരിച്ചെത്തുന്നതിന്റെ ഒരു ദിവസം മുമ്പ്‌ പ്രിയ പിതാവ്‌ എന്നെന്നേക്കുമായി യാത്രപറഞ്ഞു.
പിതാവിന്റെ വിയോഗാനന്തരം വീട്ടുകാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും ഹാജി സാഹിബാണ്‌. കുടുംബത്തിലെ കാര്യങ്ങളെല്ലാം ഭംഗിയായി കൈകാര്യം ചെയ്യാന്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അദ്ദേഹം ജാഗ്രത പുലര്‍ത്തി.
ഹാജി സാഹിബിന്റെ ഖുര്‍ആന്‍ പാരായണം അത്യാകര്‍ഷകവും ശ്രവണമധുരവും ഭക്തിനിര്‍ഭരവുമായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ മാതാവ്‌ കരഞ്ഞുകൊണ്ട്‌ പറഞ്ഞത്‌ "എന്റെ മോന്റെ ഓത്ത്‌ ഇനി കേള്‍ക്കാന്‍ കഴിയില്ലല്ലോ" എന്നാണ്‌. അര്‍ഥമറിഞ്ഞിരുന്നില്ലെങ്കില്‍ കൂടി ആ ഖിറാഅത്തില്‍ അറിയാതെ ലയിച്ചുപോയിരുന്ന കഥ പ്രിയ പത്നിയും അനുസ്മരിക്കാറുണ്ടായിരുന്നു. ഇക്കാരണത്താല്‍ത്തന്നെ എവിടെച്ചെന്നാലും നമസ്കാരത്തിന്‌ നേതൃത്വംനല്‍കാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെട്ടിരുന്നു. മൗദൂദി സാഹിബ്‌ പോലും പത്താന്‍കോട്ടില്‍ പലപ്പോഴും ഇമാമത്ത്‌ നിര്‍ത്തിയിരുന്നത്‌ അദ്ദേഹത്തെയാണ്‌.
മുസ്ലിം ഐക്യത്തിന്റെ വക്താവ്‌
മുസ്ലിം സമുദായം രാഷ്ട്രീയമായും മതപരമായും ചേരിതിരിഞ്ഞ്‌ പരസ്പരം മത്സരിച്ചും തര്‍ക്കിച്ചും തമ്മില്‍ത്തല്ലിയും കഴിഞ്ഞിരുന്ന അക്കാലത്ത്‌ സമുദായ ഐക്യത്തിന്റെ മഹദ്സന്ദേശവുമായി നാടുനീളെ ചുറ്റിനടന്നു ഹാജി സാഹിബ്‌. കോണ്‍ഗ്രസ്‌ അനുകൂലികളായ ദേശീയ മുസ്ലിംകള്‍ അണിനിരന്ന മുസ്ലിം മജ്ലിസും മുസ്ലിംലീഗും തമ്മില്‍ ശക്തമായ മത്സരവും പോരാട്ടവും നടന്നിരുന്ന, വിഭജനത്തിന്റെ തൊട്ടുമുമ്പുള്ള നാളുകളില്‍ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന്റെ നാസിമായിരുന്ന അബ്ദുല്‍ ഹലീം സിദ്ദീഖി തിരൂരങ്ങാടിയില്‍ വരാന്‍ തീരുമാനിച്ചു. മുസ്ലിം മജ്ലിസുകാര്‍ ഗംഭീരമായ സ്വീകരണത്തിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. എന്നാല്‍ മുസ്ലിംലീഗ്‌ ഇത്‌ തടസ്സപ്പെടുത്തുമെന്ന്‌ പ്രഖ്യാപിക്കുകയും അതിനായി പ്രചാരവേല സംഘടിപ്പിക്കുകയും ചെയ്തു. മുസ്ലിംകള്‍ ഈവിധം പരസ്പരം മത്സരിക്കുന്നതും തമ്മില്‍ത്തല്ലി തകരുന്നതും സമുദായത്തിന്‌ ഹാനികരവും അപമാനകരവുമാണെന്ന്‌ മനസ്സിലാക്കിയ ഹാജി സാഹിബിന്‌ അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. സഹപ്രവര്‍ത്തകരോടൊന്നിച്ച്‌ തിരൂരങ്ങാടിയിലേക്ക്‌ പുറപ്പെട്ടു. വഴിയില്‍ ചെമ്മാട്ടെ പള്ളിയില്‍ വെച്ച്‌ അവരെ കണ്ടുമുട്ടിയ മുസ്ലിംലീഗ്‌ പ്രവര്‍ത്തകനായിരുന്ന കൊടിഞ്ഞിയിലെ ടി. മുഹമ്മദ്‌ സാഹിബ്‌ ഇതില്‍നിന്ന്‌ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. 'നിങ്ങളുടെ ശ്രമം ഒരു ഫലവും ചെയ്യില്ല. വെറുതെ എന്തിന്‌ അധ്വാനിക്കണം?' ഇതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
'ഫലമുണ്ടായാലും ഇല്ലെങ്കിലും നമ്മുടെ ബാധ്യത നാം നിര്‍വഹിക്കുക'യെന്നു പറഞ്ഞ്‌ ആ സമുദായ സ്നേഹിയും സഹയാത്രികരും തിരൂരങ്ങാടിയിലേക്ക്‌ പോയി. ബന്ധപ്പെട്ടവരെ കണ്ട്‌ സംസാരിച്ചു. ഇതു സംബന്ധമായി 1947 ജനുവരി പതിനേഴ്‌ വ്യാഴാഴ്ചയിലെ തന്റെ ഡയറിക്കുറിപ്പില്‍ അദ്ദേഹം എഴുതിയതിങ്ങനെയാണ്‌: "പ്രഭാതത്തിലെ വണ്ടിക്ക്‌ ഞാനും വീരാവുണ്ണി മാസ്റ്റര്‍, സെയ്തലവിക്കോയ, യു. മുഹമ്മദ്‌, മൂസ എന്നിവരും കൂടി തിരൂരങ്ങാടിയിലേക്ക്‌ പുറപ്പെട്ടു. പത്ത്‌ മണിക്ക്‌ അവിടെ എത്തി മജ്ലിസ്‌ പ്രവര്‍ത്തകരുമായി സംസാരിച്ചതില്‍ അനുകൂലമായ മറുപടി കിട്ടിയെങ്കിലും ലീഗുകാര്‍ ഞങ്ങളുടെ സംസാരം കേള്‍ക്കാന്‍ പോലും സന്നദ്ധമായിരുന്നില്ല. ഭാഗ്യവശാല്‍ അന്നുതന്നെ ഡി.എസ്‌.പി. രണ്ട്‌ വിഭാഗക്കാരെയും വിളിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കിയതുകൊണ്ട്‌ യോഗാവസരത്തില്‍ കുഴപ്പമുണ്ടാവുകയില്ലെന്ന്‌ സമാശ്വസിച്ച്‌ രാത്രി തന്നെ മടങ്ങിപ്പോന്നു."
ഇപ്രകാരം തന്നെ തൃപ്പനച്ചിയിലെ പള്ളിക്കേസ്‌ സംബന്ധമായി മുജാഹിദുകള്‍ക്കും സുന്നികള്‍ക്കുമിടയില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം വിവാദങ്ങളും കിടമത്സരങ്ങളും ഉണ്ടായപ്പോള്‍ സമുദായൈക്യത്തിന്‌ ശ്രമിക്കാന്‍ അഭ്യര്‍ഥിച്ച്‌ 1954 ഒക്ടോബര്‍ പത്തിന്‌ കേരളത്തിലെ പ്രമുഖരായ മുപ്പത്‌ മത പണ്ഡിതര്‍ക്കും നേതാക്കള്‍ക്കും അദ്ദേഹം കത്തെഴുതി. കെ.എം. സീതി സാഹിബ്‌, അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, മൗലവി അബുസ്സ്വബാഹ്‌ അഹമ്മദലി സാഹിബ്‌, സെക്രട്ടറി കേരള ജംഇയ്യത്തുല്‍ ഉലമ, സെക്രട്ടറി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ഖുത്തുബി മുഹമ്മദ്‌ മുസ്ലിയാര്‍, സി.എച്ച്‌. മുഹമ്മദ്കോയ, പൗരശക്തി മാനേജര്‍
കെ. അബൂബക്കര്‍ സാഹിബ്‌, ഇ. മൊയ്തു മൗലവി, പി.പി. ഉമ്മര്‍ കോയ, സി.എന്‍. അഹമ്മദ്‌ മൗലവി, ഹാജി മണപ്പാട്‌ പി. കുഞ്ഞിമുഹമ്മദ്‌ സാഹിബ്‌, ബി. പോക്കര്‍ സാഹിബ്‌, കോട്ടാല്‍ ഉപ്പിസാഹിബ്‌, എ.കെ. കുഞ്ഞിമോയന്‍ ഹാജി, എം.പി. ഹസ്സന്‍ കുട്ടി കുരിക്കള്‍, കെ.കെ. മുഹമ്മദ്‌ ശാഫി, സബ്‌ ജഡ്ജി ഹാജി പി. കുഞ്ഞഹമ്മദ്കുട്ടി സാഹിബ്‌, എസ്‌.എം. ഹനീഫ സാഹിബ്‌, കളനാട്‌ സി.എച്ച്‌. കലന്തര്‍ സാഹിബ്‌, കോഴിക്കോട്‌ എ.പി. മൊയ്തീന്‍ കോയ ഹാജി, പി.പി. ഹസ്സന്‍ കോയ, കോഴിക്കോട്‌ പൂനത്തില്‍ അബൂബക്കര്‍ സാഹിബ്‌, എന്‍.പി. കുഞ്ഞാമു സാഹിബ്‌, പി.എം. സയ്യിദ്‌ അലവി ജിഫ്രി, ഫറൂക്ക്‌ ഇമ്പിച്ചഹ്മദ്‌ സാഹിബ്‌ തുടങ്ങിയവര്‍ക്കെല്ലാം കത്തുകളയച്ചുവെങ്കിലും മൗലവി അബുസ്സ്വബാഹ്‌ അഹമ്മദലി സാഹിബും മണപ്പാട്‌ കുഞ്ഞിമുഹമ്മദ്‌ സാഹിബും മാത്രമേ അനുകൂലമായി പ്രതികരിച്ചുള്ളൂ.
ധീരന്‍
സ്വാതന്ത്ര്യലബ്ധിക്ക്‌ തൊട്ടുമുമ്പുള്ള ഏപ്രില്‍ മാസം ഇന്ത്യയിലെങ്ങും കലങ്ങിമറിഞ്ഞ അന്തരീക്ഷം; എവിടെയും വര്‍ഗീയതയുടെ വിഷം വമിഞ്ഞൊഴുകുന്നു. കലുഷിതമായ ചുറ്റുപാട്‌; ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സാഹചര്യം; വിഭജനത്തെ സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകളാണെവിടെയും.
ഈ സാഹചര്യത്തിലാണ്‌ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ തെന്നിന്ത്യന്‍ സമ്മേളനം മദ്രാസില്‍ ചേര്‍ന്നത്‌. വിഭജനത്തെ അനുകൂലിക്കാതിരുന്നതിനാല്‍ മുസ്ലിംലീഗ്‌ ജമാഅത്തിനോട്‌ കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന കാലമാണത്‌. അതിനാല്‍ വളരെ ഭീഷണമായ അവസ്ഥയിലായിരുന്നു ആ യോഗം. കാര്യങ്ങള്‍ നേരത്തേത്തന്നെ മനസ്സിലാക്കിയ ക്രാന്തദര്‍ശിയായ ഹാജി സാഹിബ്‌ കരുത്തരായ സഹപ്രവര്‍ത്തകരോടൊന്നിച്ച്‌ ഏപ്രില്‍ ഇരുപത്തിനാലാം തീയതി വ്യാഴാഴ്ചതന്നെ മദ്രാസിലേക്ക്‌ പുറപ്പെട്ടു.
സമ്മേളനമാരംഭിച്ചപ്പോള്‍ മുസ്ലിംലീഗ്‌ പ്രവര്‍ത്തകര്‍ യോഗസ്ഥലത്തു വന്ന്‌ ബഹളമുണ്ടാക്കുകയും ചുവരില്‍ പതിച്ചിരുന്ന ഖുര്‍ആന്‍-ഹദീസ്‌ വചനങ്ങളെഴുതിയ ചാര്‍ട്ടുകള്‍ വലിച്ച്‌ താഴെയിടുകയും യോഗത്തിന്‌ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ പോലീസ്‌ മേധാവികള്‍ പരാതി എഴുതിക്കൊടുക്കാനാവശ്യപ്പെട്ടു. എങ്കില്‍ കുഴപ്പക്കാരെയെല്ലാം ജയിലഴികള്‍ക്കകത്താക്കാമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്‌ കേട്ടപ്പോള്‍ സംഘാടകരുടെ മുന്നണിയിലുണ്ടായിരുന്ന ഹാജി സാഹിബ്‌ പറഞ്ഞു: "ഇനി കുഴപ്പമുണ്ടാക്കാതിരുന്നാല്‍ മതി. അവരെ വിഷമിപ്പിക്കാനോ നശിപ്പിക്കാനോ അല്ല ഞങ്ങള്‍ ശ്രമിക്കുന്നത്‌; മനംമാറ്റത്തിലൂടെ സമൂഹത്തില്‍നിന്ന്‌ അത്തരം തെറ്റുകള്‍ ദൂരീകരിക്കാനാണ്‌. നിങ്ങള്‍ അവരെ ജയിലിലാക്കിയാല്‍ ഞങ്ങള്‍ പിന്നീട്‌ ആരോടാണ്‌ പ്രബോധനം നടത്തുക?"
മദ്രാസില്‍ നടന്ന ഈ സമ്മേളനത്തില്‍ ഇന്ത്യാ-പാക്‌ വിഭജനം മുന്നില്‍ കണ്ട്‌ മൗലാനാ മൗദൂദി സാഹിബ്‌ ചെയ്ത പ്രസംഗം പിന്നീട്‌ ഇന്ത്യന്‍ യൂനിയനും ഇസ്ലാമിക പ്രസ്ഥാനവും എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
മനസ്സാന്നിധ്യം
ആദ്യകാലം മുതല്‍ക്കുതന്നെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്രകൂടിയാലോചനാ സമിതി അംഗമായിരുന്നു ഹാജി സാഹിബ്‌. സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഉത്തരേന്ത്യയില്‍ മുസ്ലിംകള്‍ക്ക്‌ മാനമായി സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടായിരുന്നത്‌. ഏകനായി യാത്രചെയ്യുന്ന മുസ്ലിമിന്റെ ജീവന്‍ ഏതു നിമിഷവും അപകടപ്പെടാന്‍ വളരെയേറെ സാധ്യതകളുണ്ടായിരുന്നു. ആ പ്രതികൂല സാഹചര്യത്തില്‍ തൊപ്പിയും താടിയുമുള്ള ഒരാള്‍ തീവണ്ടിയില്‍ യാത്രചെയ്ത്‌ വാരാണസിയിലെത്തുകയെന്നത്‌ സങ്കല്‍പിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നിട്ടും മറ്റു പലരും എത്താതിരുന്ന ആ ശൂറായോഗത്തിന്‌ കൃത്യസമയത്ത്‌ നിര്‍ഭീതനായി ഹാജി സാഹിബ്‌ എത്തിച്ചേര്‍ന്നത്‌ കണ്ടപ്പോള്‍ എല്ലാവരും അദ്ഭുതത്തോടെ ചോദിച്ചു: "തീവണ്ടിയില്‍ ഈ വേഷത്തില്‍ സഞ്ചരിച്ചാല്‍....?"
"അതിനല്ലേ ഇത്‌." ഹാജി സാഹിബ്‌ ഷര്‍ട്ട്‌ ഉയര്‍ത്തി അരയിലുണ്ടായിരുന്ന കഠാരി കാണിച്ചുകൊടുത്തു. എല്ലാവരുടെയും കണ്ണുകള്‍ ആശ്ചര്യത്തോടെ ആ കഠാരയില്‍ പതിഞ്ഞു.
ഒരിക്കല്‍ വളപട്ടണത്ത്‌ പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്‌. ജമാഅത്തിനെ സംബന്ധിച്ച്‌ തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തിയിരുന്ന ഒരു വിഭാഗം ആളുകള്‍ കൂക്കി വിളിച്ച്‌ ബഹളമുണ്ടാക്കി. എന്നാല്‍ ഇതിനൊന്നും അദ്ദേഹത്തിന്റെ ഗംഭീരമായ പ്രസംഗത്തെ അല്‍പം പോലും തടസ്സപ്പെടുത്താന്‍ കഴിഞ്ഞില്ല. നിരാശ തോന്നിയ എതിരാളികള്‍ ഒരു ഭ്രാന്തനെ സ്റ്റേജിലേക്ക്‌ പറഞ്ഞയച്ചു. അയാള്‍ മൈക്ക്‌ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹാജി സാഹിബ്‌ തന്നെ ആ മനോരോഗിയെ പിടിച്ചുമാറ്റുകയും പ്രസംഗം നിര്‍വിഘ്നം തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ അനന്യസാധാരണമായ ഈ മനസ്സാന്നിധ്യം എല്ലാ രംഗത്തും പ്രകടമായിരുന്നു.
ഉമറാബാദില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഹാജി സാഹിബും ഇമ്പിച്ച്യമ്മു സാഹിബും പി.സി. മുഹമ്മദ്‌ ഹനീഫ മൗലവിയും പോവുകയാണ്‌. ജോലാര്‍പേട്ടയില്‍ വണ്ടിയിറങ്ങി മേല്‍പട്ടിയിലെത്തിയപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു. അവര്‍ അടുത്തുള്ള ഒരു പള്ളിയില്‍ പോയി. അത്‌ അകത്തു നിന്ന്‌ അടച്ചിരുന്നു. പുറത്ത്‌ ധാരാളം ചെരിപ്പുകളുണ്ട്‌. അവര്‍ വാതിലില്‍ മുട്ടി. അല്‍പസമയത്തിനു ശേഷം വാതില്‍ തുറന്നു. അവര്‍ക്കവിടെ കാണാന്‍ കഴിഞ്ഞത്‌ കുറെ ചെറുപ്പക്കാര്‍ കളരിപ്പയറ്റ്‌ പഠിക്കുന്നതാണ്‌. വര്‍ഗീയ കലാപങ്ങളെ നേരിടാനാണ്‌ അവരത്‌ ചെയ്തിരുന്നത്‌. ഇത്തരം ചെയ്തികളൊന്നും ഗുണം ചെയ്യില്ലെന്നും ഈ അവിവേകം അവസാനിപ്പിക്കണമെന്നും ഹാജി സാഹിബ്‌ അവരോടാവശ്യപ്പെട്ടു. എന്നാല്‍ അവരതംഗീകരിച്ചില്ല. എന്നു മാത്രമല്ല, കടുത്തഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ അവിവേകികളായ അവരുടെ വെറുപ്പ്‌ സമ്പാദിക്കേണ്ടിവന്നതില്‍ ഭയം തോന്നിയ കൂടെയുണ്ടായിരുന്ന രണ്ടാള്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഹാജി സാഹിബ്‌ ആ രാത്രിയും സുഖമായുറങ്ങി.
കൊണ്ടോട്ടിയിലെ പൊതുയോഗത്തില്‍ കമ്യൂണിസ്റ്റുകളുടെ കുതന്ത്രങ്ങളും മതത്തിനു നേരെയുള്ള വഞ്ചനാപരമായ സമീപനങ്ങളും തുറന്നുകാണിച്ച്‌ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു കൂട്ടമാളുകള്‍ ഇറങ്ങിവന്ന്‌ ബഹളമുണ്ടാക്കുകയും ഭീഷണിപ്പെടുത്തി പ്രസംഗം നിര്‍ത്താനാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഒന്നും സംഭവിക്കാത്തഭാവത്തില്‍ അദ്ദേഹം തന്റെ ആവേശകരമായ പ്രസംഗം തുടരുകയാണുണ്ടായത്‌.
ഇങ്ങനെ ശക്തമായ ഭീഷണികളും എതിര്‍പ്പുകളും നിലനിന്നിരുന്ന സ്ഥലങ്ങളിലെല്ലാം നിര്‍ഭയമായി കയറിച്ചെല്ലാനും യോഗങ്ങള്‍ നടത്താനും ക്ലാസുകള്‍ സംഘടിപ്പിക്കാനും തന്റേടം കാണിച്ച ഹാജി സാഹിബിന്‌ ചിലയിടങ്ങളില്‍നിന്ന്‌ പരിപാടികള്‍ നടത്താന്‍ സാധിക്കാതെ തിരിച്ചുപോരേണ്ടിയും വന്നിട്ടുണ്ട്‌.
പ്രത്യുല്‍പന്നമതിത്വം
"ഭൗതികജീവിത കാര്യങ്ങള്‍ ഇസ്ലാം കൈയാളിയിട്ടുണ്ടെങ്കില്‍ ഖുര്‍ആനില്‍ വിവരിച്ച ഡ്രൈവിംഗ്‌ നിയമങ്ങള്‍ ഏതൊക്കെയാണ്‌?" ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥിതിയാണെന്നും ആധ്യാത്മികകാര്യങ്ങള്‍ മാത്രമല്ല, മനുഷ്യന്റെ ദൈനംദിന ജീവിതവ്യവഹാരങ്ങളും അത്‌ കൈകാര്യം ചെയ്തിട്ടുണ്ടെന്നും സമര്‍ഥിച്ച്‌ നടത്തിയ സ്റ്റഡീക്ലാസ്‌ കഴിഞ്ഞശേഷം സംശയനിവാരണ സമയത്ത്‌ പ്രമുഖ സോഷ്യലിസ്റ്റ്‌ നേതാവായിരുന്ന കെ.കെ. അബുസാഹിബാണ്‌ അങ്ങനെയൊരു ചോദ്യമുന്നയിച്ചത്‌. മതം മനുഷ്യന്റെ വ്യക്തിജീവിതത്തിലെ ഏതാനും ആരാധനാനുഷ്ഠാനങ്ങളില്‍ മാത്രം പരിമിതമാണെന്ന്‌ വിശ്വസിക്കപ്പെട്ടിരുന്ന അക്കാലത്ത്‌ ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നുവന്നതില്‍ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല.
"കമ്യൂണിസം തനി ഭൗതികപ്രസ്ഥാനമാണല്ലോ. അതിന്റെ മൂല പ്രമാണങ്ങളില്‍ ഡ്രൈവിംഗിനെക്കുറിച്ചു പറഞ്ഞതെന്താണ്‌?"ഹാജി സാഹിബ്‌ പുഞ്ചിരിച്ചുകൊണ്ട്‌ തിരിച്ച്‌ ചോദിച്ചു. തുടര്‍ന്ന്‌ ആ വശം വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പ്രസംഗങ്ങള്‍ക്കിടയില്‍ ആര്‍ക്കും അനായാസം മനസ്സിലാക്കാന്‍ സാധിക്കുന്ന ഉദാഹരണങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. ഭൗതികവ്യവസ്ഥിതികളെ പരാമര്‍ശിച്ച്‌ പറഞ്ഞു: "കൈ ശരീരത്തിന്റെ ഭാഗമാണെന്ന്‌ മനസ്സിലാക്കാതെ അതിനെ ചികിത്സിക്കുന്ന ഡോക്ടറെപ്പോലെയാണ്‌ ഭൗതിക വ്യവസ്ഥിതികള്‍. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്ന വസ്തുത വിസ്മരിച്ചുകൊണ്ടാണ്‌ അവ ജീവിത പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം തേടി അലയുന്നത്‌."
'ഇന്ത്യയില്‍ ഇങ്ങനെയൊക്കെയേ സാധിക്കുകയുള്ളൂ'വെന്നു പറഞ്ഞ്‌ അനിസ്ലാമിക വ്യവസ്ഥിതിയുടെ സകലവിധ മാലിന്യങ്ങളിലും പങ്കാളികളാകുന്നവരോട്‌ ഹാജി സാഹിബ്‌ ചോദിച്ചു: "ശരീരത്തിന്റെ പാതി ഭാഗം മാലിന്യത്തില്‍ താണുപോയാല്‍ മുഴുവനും മുക്കാനോ, അതോ രക്ഷപ്പെടുത്താനോ ബുദ്ധിമാന്മാര്‍ ശ്രമിക്കുക?"
ഒരിക്കല്‍ വളാഞ്ചേരിയില്‍വെച്ച്‌ പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അവയ്ക്ക്‌ ഹാജി സാഹിബ്‌ നല്‍കിയ മറുപടി അത്യധികം ആകര്‍ഷകവും പഠനാര്‍ഹവുമായിരുന്നു.
പതി: "ഇവര്‍ മിണ്ടാപ്രാണികളാണ്‌."
ഹാജിസാഹിബ്‌: "ജമാഅത്ത്‌ ധാരാളം മിണ്ടിക്കൊണ്ടിരിക്കുന്ന മുസ്ലിംകള്‍ മാത്രമാണ്‌. ജമാഅത്തിന്റെ 'മിണ്ടല്‍' കേരളത്തിന്റെ നാനാഭാഗങ്ങളിലും മാറ്റൊലി കൊണ്ടിരിക്കുന്നതു കണ്ട്‌ ബേജാറാവുന്നതിനാലാണല്ലോ ഇക്കൂട്ടര്‍ അതിനെ നശിപ്പിക്കാന്‍ പരക്കംപാഞ്ഞ്‌ നടക്കുന്നത്‌."
പതി: "ഖാദിയാനികള്‍ പുറപ്പെട്ട അതേ പഞ്ചാബില്‍ നിന്നുതന്നെയാണ്‌ ഇവരും പുറപ്പെട്ടിട്ടുള്ളത്‌."
ഹാജിസാഹിബ്‌: "അബൂജഹല്‍ ജനിച്ച അതേ പരിശുദ്ധ മക്കയില്‍ത്തന്നെയാണ്‌ നബിയും ജനിച്ചത്‌."
പതി: "ഇവര്‍ക്ക്‌ ചെറുകഥ എഴുത്തുകാരും നോവലെഴുത്തുകാരും നാടകമെഴുത്തുകാരും ആവശ്യമുണ്ട്‌ പോല്‍. നാളെ ഇവര്‍ പറയും, കുറച്ച്‌ വ്യഭിചാരികളെയും മദ്യപാനികളെയും ആവശ്യമുണ്ടെന്ന്‌."
ഹാജിസാഹിബ്‌: "ഒരിക്കലും പറയില്ല. കാരണം, വ്യഭിചാരവും മദ്യപാനവും ഇസ്ലാം കഠിനമായി നിരോധിച്ചതാണ്‌. എന്നാല്‍ മേല്‍ പ്രസ്താവിച്ചവ ഇസ്ലാമില്‍ വിലക്കപ്പെടാത്തവയാണ്‌. ഇന്നത്തെ ചെറുകഥകളുടെയും നോവലുകളുടെയും ദുഷിച്ചരൂപം കണ്ട്‌ അവയെ അപ്പടി നിഷേധിക്കുന്നത്‌ അറിവില്ലായ്മകൊണ്ടു മാത്രമാണ്‌. വാസ്തവത്തില്‍ ആദര്‍ശ പ്രചാരണത്തിനുള്ള ഉപകരണങ്ങള്‍ മാത്രമാണവ. ആദര്‍ശങ്ങളുടെ സ്വഭാവമനുസരിച്ച്‌ അവയുടെ രൂപവും മാറിക്കൊണ്ടിരിക്കും."
വ്യക്തിപരമായ സംഭാഷണങ്ങളിലും ഇതുപോലുള്ള ഹൃദയാവര്‍ജകങ്ങളായ ഉദാഹരണങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്ന ആ പ്രതിഭാധനന്‌ ഒരൊറ്റ സംഭാഷണംകൊണ്ട്‌ ആളുകളെ പ്രസ്ഥാനത്തിലേക്ക്‌ അടുപ്പിക്കാന്‍ സാധിച്ചിരുന്നു. പ്രഥമ വീക്ഷണത്തില്‍ത്തന്നെ ആളുകളെ പഠിക്കാനുള്ള അത്യപൂര്‍വമായ കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെ വ്യക്തികളെ കണ്ടെത്തി, അവരുമായി ബന്ധപ്പെട്ട്‌ ഇസ്ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്ന രീതിയാണ്‌ ഹാജി സാഹിബ്‌ അവലംബിച്ചത്‌, ഇക്കാരണത്താല്‍ത്തന്നെയാണ്‌, അദ്ദേഹത്തിന്‌ കേരളത്തിലങ്ങോളമിങ്ങോളം അനുയായികളെയും അനുഭാവികളെയും ഗുണകാംക്ഷികളെയും വളര്‍ത്തിയെടുക്കാന്‍ സാധിച്ചത്‌.
ഉജ്ജ്വലമായ ആര്‍ജവം
ജമാഅത്തെ ഇസ്ലാമിയുടെ വാര്‍ഷിക സമ്മേളനം ശാന്തപുരത്ത്‌ കെ.വി. കുഞ്ഞിപ്പ സാഹിബിന്റെ വീട്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. മുന്നൂറോളം ആളുകളുണ്ട്‌. സദസ്യരെല്ലാം ഇരിക്കുന്നത്‌ മുറ്റത്താണ്‌. ഉയര്‍ന്നസ്ഥലത്ത്‌, പൂമുഖത്ത്‌ ഒരൊറ്റ കസേര മാത്രമേയുള്ളൂ. സമ്മേളനം ആരംഭിച്ചു അല്‍പം കഴിഞ്ഞപ്പോള്‍ ദക്ഷിണകേരളത്തിലെ പ്രശസ്തനും പണക്കാരനുമായ ഒരു മുസ്ലിം നേതാവ്‌ മനോഹരമായ ഒരു കാറില്‍ വന്നിറങ്ങി. അവിടെയുണ്ടായിരുന്ന ജമാഅത്ത്‌ പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്‌ അദ്ദേഹത്തെ സ്റ്റേജില്‍ കയറ്റിയിരുത്തണമെന്ന്‌ തോന്നി. എന്നാല്‍ ഹാജി സാഹിബ്‌ അത്‌ പരിഗണിച്ചതേയില്ല. യോഗത്തില്‍നിന്ന്‌ അദ്ദേഹം മടങ്ങിപ്പോയ ശേഷം പ്രവര്‍ത്തകരെ അഭിമുഖീകരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: "അദ്ദേഹത്തെ ഇവിടെ കയറ്റിയിരുത്തേണ്ടിയിരുന്നുവെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നിയിരുന്നില്ലേ? എന്നാല്‍ എല്ലാവരും ഇരിക്കുന്നേടത്ത്‌ ഇരിക്കാനുള്ള സന്നദ്ധതയില്ലാ
ത്തവരെ ഈ പ്രസ്ഥാനത്തിന്‌ പറ്റുകയില്ലെന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്‌."
~ഒരിക്കല്‍ കൊടുങ്ങല്ലൂരിലെ ഒരു യതീംഖാനയുടെ ഉദ്ഘാടന യോഗത്തിലേക്ക്‌ ഹാജി സാഹിബിനെയും ക്ഷണിച്ചു. യാത്രക്ക്‌ കാര്‍ അയച്ചു കൊടുക്കുകയും ചെയ്തു. ഉദ്ഘാടന വേളയില്‍, ആളുകളെ ചൂഷണം ചെയ്തു പണം സമ്പാദിച്ച്‌ പള്ളികളും അനാഥാലയങ്ങളുമുണ്ടാക്കി മാന്യന്മാരായി ചമയുന്ന മുതലാളിമാരുടെ കപടമുഖം അദ്ദേഹം അനാവരണം ചെയ്തു. സ്റ്റേജിലുണ്ടായിരുന്ന ധനാഢ്യന്മാരുടെ മുഖഭാവം മാറാന്‍ തുടങ്ങി. പ്രസംഗം കഴിഞ്ഞപ്പോള്‍ കാറ്‌ എന്നല്ല, യാത്രാചെലവ്‌ നല്‍കാന്‍ പോലും സംഘാടകരുണ്ടായിരുന്നില്ല.
കീഴുപറമ്പ്‌ എം.കെ. മുഹമ്മദ്‌ സാഹിബിന്റെ മകളുടെ വിവാഹം. കല്യാണത്തിന്‌ പോകാന്‍ കുറ്റ്യാടി കോളേജിലെ അധ്യാപകനായ പി.വി. കുഞ്ഞിമൊയ്തീന്‍ മൗലവിക്കും താല്‍പര്യമുണ്ടെന്ന്‌ മനസ്സിലാക്കിയ സ്ഥലത്തെ പ്രസ്ഥാന പ്രവര്‍ത്തകനായ ഒരു ധനാഢ്യന്‍ നമുക്ക്‌ ജീപ്പ്പില്‍ പോകാമെന്നും ബസ്സിന്‌ പോകേണ്ടെന്നും പറഞ്ഞു. മൗലവി ജീപ്പ്പ്‌ കാത്തിരുന്നു. അല്‍പം ദൂരെ ജീപ്പ്പ്‌ നിര്‍ത്തി അവിടേക്ക്‌ അദ്ദേഹത്തെ വിളിച്ചെങ്കിലും എത്തുന്നതിനുമുമ്പ്‌ മറ്റു ആളുകളെയും കയറ്റി ആ പണക്കാരന്‍ സ്ഥലം വിട്ടു. ഈ സംഭവം അറിഞ്ഞ ഹാജി സാഹിബ്‌ തൊട്ടുടനെ ചൊക്ലിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനത്തില്‍ കുറ്റ്യാടിയിലെ ജമാഅത്ത്‌ ഘടകം പിരിച്ചുവിടുകയും 'പണക്കാരെ ഇതിന്‌ കൊള്ളുകയില്ലെ'ന്ന്‌ തുറന്നുപ്രഖ്യാപിക്കുകയുംചെയ്തു.
കുറ്റ്യാടി ഇസ്ലാമിയ്യ കോളേജിന്റെ രണ്ടാം വാര്‍ഷികസമ്മേളനം. ഹാജി സാഹിബും ഇസ്സുദ്ദീന്‍ മൗലവിയും യോഗത്തിലെ പ്രസംഗകരായിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ സ്ഥലത്തെ സമ്പന്നനായ ഒരു പൗരമുഖ്യന്‍ അവരിരുവരെയും തന്റെ വീട്ടിലേക്ക്‌ ഭക്ഷണത്തിന്‌ ക്ഷണിച്ചു. അപ്പോള്‍ അവിടെ കൂടിയിരുന്ന പ്രവര്‍ത്തകരോട്‌ "നിങ്ങള്‍ എവിടെനിന്നാണ്‌ ആഹാരം കഴിക്കുക?" എന്ന്‌ ചോദിച്ചു. ഇവിടെ ഹോട്ടലുകളില്‍നിന്നെല്ലാം കഴിക്കുമെന്നവര്‍ പറഞ്ഞു. ഇതുകേട്ട ഹാജി സാഹിബ്‌ തങ്ങളെ ക്ഷണിച്ച്‌ കാറുമായി കാത്തിരിക്കുന്നയാളോട്‌ പറഞ്ഞു: "ഞങ്ങളും ഇവരോടൊന്നിച്ച്‌ ഇവിടെനിന്ന്‌ ഭക്ഷണം കഴിച്ചുകൊള്ളാം." ആ പൗരപ്രമുഖനും അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരും വളരെയേറെ നിര്‍ബന്ധിച്ചെങ്കിലും ഹാജി സാഹിബും ഇസ്സുദ്ദീന്‍ മൗലവിയും ഹോട്ടലില്‍നിന്ന്‌ കഞ്ഞി കഴിച്ച്‌ പള്ളിയില്‍ കിടന്നുറങ്ങി.
ജമാഅത്തെ ഇസ്ലാമിയുടെ മലപ്പുറം ഫര്‍ഖാ സമ്മേളനം. ഹോട്ടലില്‍ നിന്നായിരുന്നു ഉച്ച ഭക്ഷണം. ആഹാരം കഴിച്ചുകൊണ്ടിരിക്കെ, കൂട്ടത്തിലൊരാള്‍ സ്പെഷ്യലായി ആട്ടിന്‍മാംസം വാങ്ങി. ഇതു ശ്രദ്ധയില്‍പെട്ട ഹാജി സാഹിബ്‌ അദ്ദേഹത്തെ ശാസിക്കുകയും 'സ്പെഷ്യല്‍ വളരെ നിര്‍ബന്ധമാണെങ്കില്‍ എല്ലാവരും കഴിച്ച ശേഷം ഒറ്റക്കിരുന്നു തിന്നുകൊള്ളുക' യെന്ന്‌ നിര്‍ദേശിക്കുകയും ചെയ്തു.
മുവാറ്റുപുഴയില്‍ പണക്കാരെല്ലാം സമ്മേളിച്ചിരുന്ന ഒരു സദസ്സില്‍ ഹാജി സാഹിബ്‌ പറഞ്ഞു: "പല പണക്കാരും അഹങ്കാരികളാണ്‌. അവരുടെ ധിക്കാരം കാരണം ഇരിക്കുന്ന കസേര ഭൂമിയിലേക്ക്‌ ആണ്ടുപോകുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു!"
മതിലകത്തിനടുത്ത കൂരിക്കുഴിയിലെ സമ്പന്നനായി അറിയപ്പെട്ടിരുന്ന ഒരാള്‍ ഹാജി സാഹിബിനോട്‌ പറഞ്ഞു: "മൗലവീ, നിങ്ങള്‍ ഒരുപ്രാവശ്യം അവിടെ വരണം. ഞങ്ങള്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട്‌."
"പണക്കാര്‍ വിളിക്കുന്നേടത്തേക്ക്‌ പണ്ഡിതന്മാര്‍ പോകുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ അവിടെ പരിപാടി സംഘടിപ്പിക്കുന്നുണ്ട്‌. ഇഷ്ടമുള്ളവര്‍ക്ക്‌ അതില്‍ സംബന്ധിക്കാം. അല്ലാത്തവര്‍ക്ക്‌ അത്‌ ഒരു നഷ്ടമായിരിക്കും." ഹാജി സാഹിബ്‌ ഖണ്ഡിതമായി പറഞ്ഞു.
ആകര്‍ഷകമായ വ്യക്തിത്വം
'മാങ്ങ' മാര്‍ക്ക്‌ കോറ വാങ്ങി അലക്കി വെളുപ്പിച്ച ശുഭ്രവസ്ത്രം, യശോധാവള്യം മുറ്റിനില്‍ക്കുന്ന മുഖം, തിളങ്ങുന്ന കണ്ണുകള്‍, കറുത്ത മനോഹരമായ വട്ടത്താടി, തലയില്‍ ജിന്നാതൊപ്പി, കറുത്ത മഫ്ലര്‍ കൊണ്ടുള്ള ഷാള്‍, ഷൂ, കൈയില്‍ വെള്ളപ്പിടിയുള്ള ശീലക്കുട, ഗൗരവ പൂര്‍ണമായ നോട്ടം, ഹൃദ്യമായ പെരുമാറ്റം, വശ്യമായ സംസാരം എല്ലാം കൊണ്ടും മികവാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഹാജി സാഹിബ്‌. അനേകായിരങ്ങള്‍ ഒരുമിച്ചുകൂടുന്നേടത്തും ആരും അറിയിക്കാതെത്തന്നെ നേതാവ്‌ അദ്ദേഹമാണെന്ന്‌ ഏവര്‍ക്കും ബോധ്യമാവത്തക്കവിധം നായകത്വത്തിന്റെ നാനാവിധ സവിശേഷതകള്‍ ആ യോഗിവര്യനില്‍ സമ്മേളിച്ചിരുന്നു.
ഹാജി സാഹിബുമായി കണ്ടുമുട്ടുന്ന ആരും അന്യാദൃശമായ ആ വ്യക്തിത്വത്തില്‍ ആകൃഷ്ടരായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഹജ്ജ്‌ യാത്രയില്‍ വെട്ടത്ത്‌ പുതിയങ്ങാടി സ്വദേശി കാതൃസാന്‍ ആലിക്കുട്ടി എന്ന ഒരാള്‍ കൂടെയുണ്ടായിരുന്നു. തെറ്റായ രീതിയില്‍ ജീവിച്ചുകൊണ്ടിരുന്ന അദ്ദേഹം ഹാജി സാഹിബിന്റെ സ്വഭാവ സവിശേഷതകളില്‍ ആകൃഷ്ടനായി എല്ലാം അദ്ദേഹത്തോട്‌ തുറന്നുപറയുകയും അല്ലാഹുവോടു പശ്ചാത്തപിക്കുകയും ചെയ്തു.
നാസ്തികനായിരുന്ന പ്രസിദ്ധ ചരിത്രകാരന്‍ പി.എ. സെയ്തുമുഹമ്മദ്‌ സാഹിബിനെ ദൈവവിശ്വാസിയാക്കിമാറ്റിയതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ സുവിദിതമാണ്‌. പ്രമുഖ കോണ്‍ഗ്രസ്‌ നേതാവായിരുന്ന ടി.ഒ. ബാവ, മണപ്പാട്‌ കുഞ്ഞിമുഹമ്മദാജി തുടങ്ങിയവരെല്ലാം ഹാജി സാഹിബില്‍ ആകൃഷ്ടരായ മഹദ്‌വ്യക്തികളാണ്‌.
എം.സി.സിയുടെ കത്ത്‌
വെല്ലൂര്‍ അല്‍ബാഖിയാതുസ്സ്വാലിഹാത്തില്‍ വെച്ചുതന്നെ കെ.സി. അബ്ദുല്ല മൗലവി കേരളക്കരയിലെ ഇസ്ലാമിക നവോത്ഥാന നായകനുമായി പരിചയപ്പെട്ടിരുന്നുവെങ്കിലും ആ ബന്ധം ശക്തിപ്പെട്ടത്‌ വാഴക്കാട്ടും കാസര്‍കോട്ടും വെച്ചാണ്‌. എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി വാഴക്കാട്‌ ദാറുല്‍ ഉലൂം നടത്തിക്കൊണ്ടിരിക്കെ കെ.സി. അവിടെ അധ്യാപകനായിരുന്നു. അക്കാലത്ത്‌ ഹാജി സാഹിബ്‌ ഇടക്കിടെ അവിടം സന്ദര്‍ശിക്കുകയും അധ്യാപകരും വിദ്യാര്‍ഥികളുമായി ബന്ധപ്പെടുകയും ചെയ്തു. അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി പലപ്പോഴും സംവാദങ്ങളിലേര്‍പ്പെട്ടു.
പിന്നീട്‌ എം.സി.സിയും കൂട്ടുകാരും തിരൂരങ്ങാടിയില്‍ ക്ലാസ്‌ ആരംഭിച്ചപ്പോള്‍ കെ.സി. സാഹിബിനെയും അങ്ങോട്ട്‌ ക്ഷണിച്ചു. അദ്ദേഹം അവിടേക്ക്‌ പോയെങ്കിലും ഏറെ കഴിയുംമുമ്പെ കാസര്‍കോടിനടുത്തുള്ള ചെംനാട്‌ ആലിയാ കോളേജിലേക്ക്‌ പോയി. അന്ന്‌ അവിടത്തെ പ്രധാന അധ്യാപകന്‍ അബുസ്സ്വലാഹ്‌ മൗലവിയായിരുന്നു. ഇസ്സുദ്ദീന്‍ മൗലവിയുടെ ക്ഷണമാണ്‌ കെ.സിയെ അവിടെ ചെല്ലാന്‍ പ്രേരിപ്പിച്ചത്‌. അദ്ദേഹം ജമാഅത്ത്‌ അനുകൂലിയാണെന്നും കാസര്‍കോട്‌ പോയിട്ടുണ്ടെന്നും മനസ്സിലാക്കിയ എം.സി.സി, കെ.സിയുടെ പിതാവിന്‌ ജമാഅത്തിനെ വിമര്‍ശിച്ചും മകനെ അതില്‍നിന്ന്‌ പിന്തിരിപ്പിക്കാനാവശ്യപ്പെട്ടും പതിനാലു പേജുള്ള സുദീര്‍ഘമായ ഒരു കത്തെഴുതി. അദ്ദേഹം കത്ത്‌ മകനെ ഏല്‍പിച്ചു. അത്‌ വായിച്ചുകഴിഞ്ഞപ്പോള്‍ അതില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ബാലിശങ്ങളും അബദ്ധങ്ങളുമാണെന്ന്‌ ബോധ്യമായതിനാല്‍ കെ.സി. കാസര്‍കോട്‌ നില്‍ക്കാനുള്ള തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അക്കാലത്ത്‌ അദ്ദേഹവും ഇസ്സുദ്ദീന്‍ മൗലവിയുമെല്ലാം കേരള ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തക സമിതി അംഗങ്ങളായിരുന്നു.
കേരള ജമാഅത്തില്‍ മൂന്നാമതായി അംഗത്വം നല്‍കപ്പെട്ട വ്യക്തിയാണ്‌ കെ.സി. അബ്ദുല്ല മൗലവി. 1948 ജനുവരി പതിനഞ്ചിനാണ്‌ അദ്ദേഹം അംഗമായത്‌. 1947 ജൂണ്‍ ഒന്നിന്‌ അംഗത്വം നല്‍കപ്പെട്ട പി.സി. മുഹമ്മദ്‌ ഹനീഫ മൗലവിയായിരുന്നു രണ്ടാമത്തെയാള്‍. ജനാബ്‌ അബ്ദുല്‍ അഹദ്‌ തങ്ങള്‍ക്കും ഇസ്സുദ്ദീന്‍ മൗലവിക്കും പ്രസ്ഥാനത്തില്‍ പ്രവേശനം നല്‍കിയത്‌ 1952 ജൂലൈ നാലിനാണ്‌.
കൂരിരുട്ടിലെ രജതരേഖ
ഒരുവശത്ത്‌ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാമൂലുകളുടെയും ഇരുട്ട്‌; മറുഭാഗത്ത്‌ പരിഷ്കരണസംരംഭങ്ങളുടെ പേരില്‍ മനുഷ്യജീവിതത്തെ ഭൗതിക ചിന്താഗതികളുടെ കരങ്ങളില്‍ അര്‍പ്പിക്കുന്ന പാപ്പരത്തം, സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും സെക്കുലരിസത്തിന്റെയും ഭൗതിക വാദത്തിന്റെയും മുമ്പില്‍ പകച്ചുനില്‍ക്കുന്ന പണ്ഡിതവര്‍ഗം, വിദ്യാഭ്യാസത്തിന്റെ നേരെ വാതില്‍ കൊട്ടിയടച്ച പുരോഹിതപ്പരിഷകള്‍, പടിഞ്ഞാറന്‍ സംസ്കാരത്തെ പുല്‍കാന്‍ വെമ്പുന്ന അഭ്യസ്തവിദ്യര്‍, ഇങ്ങനെ ഇരുളടഞ്ഞ ഒരന്തരീക്ഷത്തിലാണ്‌ മഹത്തായ ഇസ്ലാമിക വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങളുമായി ജമാഅത്തെ ഇസ്ലാമി രംഗത്തുവന്നത്‌. മുഴുവന്‍ മനുഷ്യനിര്‍മിത പ്രസ്ഥാനങ്ങളും നിസ്സാരങ്ങളും നാശഹേതുക്കളുമാണെന്ന്‌ സമര്‍ഥിക്കാന്‍ അതിന്‌ അനായാസം സാധിച്ചു. അനിസ്ലാമിക ചിന്താധാരകളുടെ മുമ്പില്‍ പകച്ചുനിന്നിരുന്ന പണ്ഡിതവിഭാഗത്തിന്‌ ആശയും ആവേശവും നല്‍കാന്‍ അതിന്‌ കഴിഞ്ഞു. മേറ്റ്ല്ലാ വ്യവസ്ഥിതികളെക്കാളും ഉദാത്തവും, മാനവജീവിതത്തിന്‌ ഇഹപരലോകങ്ങളില്‍ രക്ഷ ഉറപ്പുവരുത്തുന്നതുമായ ഏക പദ്ധതി ഇസ്ലാം മാത്രമാണെന്നും അത്‌ സമ്പൂര്‍ണമാണെന്നും തെളിയിക്കാന്‍ ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സാധിച്ചു.
മുസ്ലിം കേരളത്തിന്റെ നഭോമണ്ഡലത്തില്‍ പ്രതീക്ഷയുടെ പുത്തന്‍ പുലരി വിരിയിച്ചെടുത്തത്‌ ജമാഅത്തെ ഇസ്ലാമിയാണെന്നതില്‍ സന്ദേഹമില്ല. കേരളത്തില്‍ ഇതിന്റെ മുഖ്യശില്‍പിയായ ഹാജി സാഹിബ്‌ തന്നെയായിരുന്നു മരണംവരെ പ്രസ്ഥാനത്തിന്റെ നായകത്വം വഹിച്ചിരുന്നത്‌. ആദ്യ ഘട്ടത്തില്‍ 'ഖയ്യിം' എന്ന പേരിലാണ്‌ ഇതര സംസ്ഥാന നേതാക്കളെപ്പോലെ അദ്ദേഹവും അറിയപ്പെട്ടത്‌. പിന്നീടാണ്‌ 'അമീര്‍' എന്ന നാമധേയം സ്വീകരിക്കപ്പെട്ടത്‌.
പ്രബോധനം
കേരളത്തിന്റെ മുക്കുമൂലകളില്‍ ജമാഅത്തിന്റെ ശബ്ദമെത്തുകയും നാടിന്റെ നാനാഭാഗങ്ങളില്‍ അംഗങ്ങളും അനുഭാവികളും ഗുണകാംക്ഷികളും വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ഇസ്ലാമികാദര്‍ശം പ്രതിഫലിക്കുന്നതും പ്രസ്ഥാനത്തിന്റെ പ്രചാരണം സുഖകരമാക്കുന്നതുമായ ഒരു പ്രസിദ്ധീകരണം അനിവാര്യമാണെന്ന്‌ ഹാജിസാഹിബിനും സഹപ്രവര്‍ത്തകര്‍ക്കും ബോധ്യമായി. തദ്സംബന്ധമായ കാര്യങ്ങള്‍ ആലോചിക്കാനും മറ്റുമായി വാണിമേലില്‍ യോഗം ചേരാന്‍ തീരുമാനിച്ചു. പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും യാഥാസ്ഥിതികര്‍ പോലീസിനെ സ്വാധീനിച്ച്‌ യോഗം മുടക്കി. അതിനാല്‍ എല്ലാവരും മടങ്ങി കോഴിക്കോട്ടെത്തുകയും ഫ്രാന്‍സിസ്‌ റോഡിലുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമി ഓഫീസില്‍ സമ്മേളിക്കുകയും ചെയ്തു. അന്ന്‌ അവിടെ കൂടിയ യോഗമാണ്‌ പ്രബോധനം തുടങ്ങാന്‍ തീരുമാനിച്ചത്‌. പെരുമ്പടപ്പുകാരനായ സി.വി. മൊയ്തു സാഹിബാണ്‌ പ്രബോധനം എന്ന പേര്‌ നിര്‍ദേശിച്ചത്‌. ഹാജി സാഹിബ്‌ നിര്‍ദേശിച്ചപേര്‌ പ്രബോധകന്‍ എന്നായിരുന്നു. ഡിക്ലറേഷന്‍ സമര്‍പ്പിച്ചു ഒമ്പതാം മാസമാണ്‌ പത്രം നടത്താന്‍ അനുമതി ലഭിച്ചത്‌.
1949 ആഗസ്ത്‌ ഒന്നിന്‌, 1368 ശവ്വാല്‍ 6-ന്‌ ആണ്‌ പ്രബോധനം ആദ്യമായി വെളിച്ചം കണ്ടത്‌. തിരൂരിലെ ജമാലിയ പ്രിന്റിംഗ്‌ വര്‍ക്സില്‍നിന്നാണ്‌ അത്‌ ആദ്യം അച്ചടിപ്പിച്ചത്‌-ആയിരത്തി അഞ്ഞൂറ്‌ കോപ്പി. എടയൂരിലുള്ള, കേവലം പതിനഞ്ച്‌ ആളുകള്‍ക്ക്‌ ഇരിക്കാന്‍ മാത്രം സൗകര്യമുള്ള പള്ളിയില്‍ വെച്ചാണ്‌ പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌.
അലഹബാദില്‍നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ഇന്‍സാഫ്‌, റാംപൂരില്‍ നിന്നുള്ള സിന്ദഗി, പാകിസ്താനില്‍നിന്ന്‌ വന്നുകൊണ്ടിരുന്ന തര്‍ജുമാനുല്‍ ഖുര്‍ആന്‍ തുടങ്ങിയ ഉര്‍ദു പത്രങ്ങളിലെ ലേഖനങ്ങളുടെ വിവര്‍ത്തന
ങ്ങളായിരുന്നു പ്രബോധനത്തില്‍ അധികവും ചേര്‍ത്തിരുന്നത്‌. ലേഖനങ്ങള്‍ തയ്യാറാക്കിയിരുന്നതും പ്രൂഫ്‌ വായിച്ചിരുന്നതും അച്ചടിപ്പിച്ചിരുന്നതും വിലാസമെഴുതി അയച്ചിരുന്നതുമെല്ലാം ഹാജി സാഹിബും കെ.സി. അബ്ദുല്ല മൗലവിയുമായിരുന്നു.
പ്രബോധനം ആരംഭകാലം മുതല്‍ക്കുതന്നെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും ഭാഷാമേന്മ പാലിക്കുന്നതുമായിരുന്നു. ടാബ്ലോയിഡ്‌ സൈസില്‍ ഇരുപത്തിനാല്‌ പേജുണ്ടായിരുന്ന പ്രതിപക്ഷ പത്രത്തിന്റെ വില നാലണയായിരുന്നു. വാര്‍ഷിക വരിസംഖ്യ ആറു രൂപയും.
തോരാത്ത മഴയത്ത്‌ കുട ചൂടി പ്രബോധന കെട്ടുകള്‍ തലയിലേറ്റി കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനിലേക്ക്‌ നടന്നുനീങ്ങിയിരുന്ന ഹാജിസാഹിബിന്റെയും കെ.സിയുടെയും ചിത്രങ്ങള്‍ ചരിത്രത്തില്‍ മായാതെ നില്‍ക്കും.
നാലണക്ക്‌ നാല്‌ നടത്തം
"നാലണ വിലവരുന്ന പ്രബോധനത്തിന്റെ കോപ്പി എടുപ്പിക്കാന്‍ കൊച്ചിയില്‍നിന്ന്‌ ഒരാള്‍ നാലു പ്രാവശ്യം പള്ളുരുത്തിയില്‍ വരികയോ? എങ്കില്‍ അതിന്റെ പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരിക്കും. അതൊന്ന്‌ കണ്ടുപിടിക്കുകതന്നെ വേണം." ഈ ചിന്തയാണ്‌ പള്ളുരുത്തി അഹമ്മദ്‌ കുട്ടിഹാജിയെ പ്രബോധനം വായനക്കാരനാക്കിയത്‌. കൊച്ചി പുതിയ പള്ളി ആസ്ഥാനമാക്കി ഇസ്ലാമിക പ്രവര്‍ത്തനം നടത്തിയിരുന്ന താജുദ്ദീന്‍ സാഹിബാണ്‌ അദ്ദേഹത്തിന്‌ പ്രബോധനം നല്‍കിക്കൊണ്ടിരുന്നത്‌. എസ്‌.വി. മുഹമ്മദ്‌ കുട്ടി സാഹിബും അബ്ദുല്‍ജബ്ബാര്‍ മൗലവിയും താജുദ്ദീന്‍ സാഹിബുമെല്ലാമായിരുന്നു അക്കാലത്തെ അവിടത്തെ പ്രസ്ഥാന പ്രവര്‍ത്തകര്‍. പ്രബോധനത്തിന്റെ പ്രചാരണത്തില്‍ തീരെ മറക്കാന്‍ പറ്റാത്ത ഒന്നാണ്‌ താജുദ്ദീന്‍ സാഹിബിന്റെ സൈക്കിള്‍.
നടക്കാതെപോയ വാദപ്രതിവാദം
പട്ടിക്കാട്‌ ചുങ്കത്തു നടന്ന പ്രസംഗ പരിപാടിയില്‍ വി.കെ.എം. ഇസ്സുദ്ദീന്‍ മൗലവി പറഞ്ഞു:
"മുസ്ലിംകള്‍ ഭിന്നിച്ച്‌ കക്ഷികളായിത്തീരുകയല്ല വേണ്ടത്‌. വേണമെങ്കില്‍ എനിക്ക്‌ സുന്നികള്‍ക്കുവേണ്ടി ഒരു ദിവസം മുഴുവനും വാദിക്കാനും കെട്ടുകണക്കിന്‌ കിതാബുകള്‍ ഹാജരാക്കാനും സാധിക്കും. തൊട്ടടുത്ത ദിവസം മുജാഹിദുകള്‍ക്കുവേണ്ടി വാദിക്കാനും ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നു മേശപ്പുറം നിറക്കാനും കഴിയും. എന്നാല്‍ നമുക്കു വേണ്ടത്‌ അതല്ല. മറിച്ച്‌ വിജ്ഞാനവും വിശ്വാസവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ്‌."
ഈ പ്രഭാഷണം കഴിഞ്ഞപ്പോള്‍ പെരിന്തല്‍മണ്ണക്കാരന്‍ ഭാഷ ഹാജിയും കൂട്ടുകാരും വിളിച്ചു പറഞ്ഞു: "ഇയാള്‍ സുന്നിയും മുജാഹിദുമല്ലാതെ വല്ല 'ഖുന്‍സാ'*യുമാണോ? അതോ മൗദൂദിയോ?"
അങ്ങനെയാണ്‌ 'മൗദൂദി'യെന്ന നാമം ആദ്യമായി അവിടത്തുകാര്‍ കേള്‍ക്കാനിടയായത്‌. അതോടെ ഒരു വിഭാഗം ആളുകള്‍ ഇളകിവശാവുകയും പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാരെ പെരിന്തല്‍മണ്ണയില്‍ കൊണ്ടുവന്നു പ്രസംഗിപ്പിക്കുകയും ചെയ്തു. അദ്ദേഹം ജമാഅത്തിനെയും ഹാജി സാഹിബിനെയും ഇസ്സുദ്ദീന്‍ മൗലവിയെയും വളരെയേറെ അവഹേളിച്ചു സംസാരിച്ചു. ഇതുകേട്ട മുള്ള്യാകുര്‍ശിക്കാരായ മൂന്നു നാലാളുകള്‍ക്ക്‌ സഹിച്ചില്ല. അവര്‍ പതിക്ക്‌ ഒരു ചോദ്യം കൊടുത്തു. എന്നാല്‍ അദ്ദേഹം അത്‌ പരിഗണിച്ചില്ല. അടുത്ത ദിവസത്തെ വഅള്‌ താഴേക്കോടായിരുന്നു. അവിടെ നല്ല സ്വാധീനമുണ്ടായിരുന്ന പട്ടിക്കാട്ടെ അധികാരിയും കൂട്ടുകാരും സ്റ്റേജിന്റെ പിന്നിലൂടെ ചെന്ന്‌ നോട്ടീസ്‌ കൊടുത്തു. ഉടനെ മുസ്ലിയാര്‍ വാദപ്രതിവാദത്തിന്‌ ക്ഷണിക്കുകയും ദിവസവും വ്യവസ്ഥകളും നിശ്ചയിക്കാന്‍ തീയതി പറയണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച്‌ അടുത്തമാസം പന്ത്രണ്ടാം തീയതി തീരുമാനിക്കാമെന്ന്‌ അധികാരിയും കൂട്ടുകാരും വാക്ക്‌ കൊടുത്തു.
പന്ത്രണ്ടാം തീയതി പ്രബോധനത്തിന്‌ വരിചേര്‍ക്കാന്‍ ഹാജി സാഹിബ്‌ പട്ടിക്കാട്ട്‌ വരുന്നുണ്ടെന്നതിനാലാണ്‌ അധികാരി പ്രസ്തുത ദിവസം തെരഞ്ഞെടുത്തത്‌. എന്നാല്‍ ഹാജി സാഹിബ്‌ ഇതൊന്നും അറിഞ്ഞിരുന്നില്ല. അദ്ദേഹം പെരിന്തല്‍മണ്ണ ഹനഫി പള്ളിയിലെത്തി. അധികാരിയും കൂട്ടരും അവിടെച്ചെന്ന്‌ വിവരങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. വാദ പ്രതിവാദം ജമാഅത്തിന്റെ മാര്‍ഗമല്ലെങ്കിലും നിര്‍ബന്ധിതമായ സ്ഥിതിക്ക്‌ പതി മുസ്ലിയാരെ അവിടേക്ക്‌ വിളിക്കാന്‍ പറഞ്ഞു. പ്രസ്തുത പള്ളിയും താജ്മഹല്‍ ഹോട്ടലും മാത്രമായിരുന്നു അക്കാലത്ത്‌ ഉല്‍പതിഷ്ണുക്കളുടെ അവിടത്തെ അഭയകേന്ദ്രം. അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ അവിടേക്ക്‌ വരാന്‍ സന്നദ്ധമായില്ല. മാത്രമല്ല, ഹാജിസാഹിബിനെയും കൂട്ടുകാരെയും ടി.ബിയിലേക്ക്‌ ക്ഷണിക്കുകയും ചെയ്തു. അവര്‍ അവിടെ എത്തിയപ്പോള്‍ നല്ല നിലയില്‍ സ്വീകരിച്ചു. എന്നാല്‍ ജനം വര്‍ധിച്ചപ്പോള്‍ പതിയുടെ സമീപനം മാറി. അയാള്‍ വാദപ്രതിവാദത്തിന്‌ ക്ഷണിച്ചു. ഒഴിഞ്ഞുമാറാന്‍ ഒട്ടേറെ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. അദ്ദേഹം ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. 'നിങ്ങള്‍ക്ക്‌ പലജാതി പുതിയ വാദങ്ങളുണ്ട്‌. നിങ്ങളുടെ പുസ്തകങ്ങളില്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‌ നിരക്കാത്ത പലതുമുണ്ട്‌.' അദ്ദേഹം പറഞ്ഞു. ഏത്‌ പുസ്തകത്തിലാണ്‌ എന്നു ചോദിച്ചപ്പോള്‍ ഖുത്വ്ബാത്‌, ഇസ്ലാംമതം, ഇസ്ലാമും ജാഹിലിയ്യത്തും തുടങ്ങിയ രണ്ടുമൂന്ന്‌ പുസ്തകങ്ങളുടെ പേര്‌ പറഞ്ഞു. അതിലുള്ള തെറ്റെന്താണെന്ന്‌ ചോദിച്ചപ്പോള്‍, 'അതങ്ങനെ പറഞ്ഞാല്‍ പറ്റൂല; വാദപ്രതിവാദം നടത്തണം; ജനങ്ങളൊക്കെ അറിയണം. ഇങ്ങനെ പറഞ്ഞാല്‍ പറ്റൂല' എന്നൊക്കെ പതി ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു.
അങ്ങനെ വാദപ്രതിവാദത്തിന്റെ വ്യവസ്ഥകളെക്കുറിച്ച്‌ സംസാരിക്കുന്നതിനിടയില്‍ "ഇവിടെ ആരുടെ വാദമാണ്‌ ശരിയെന്ന്‌ തീരുമാനിക്കുക ജനങ്ങളല്ലേ, അപ്പോള്‍ നിങ്ങളുടെ 'ഇനില്‍ ഹുക്മു ഇല്ലാ ലില്ലാഹി' എവിടെപ്പോയി?" എന്നു ചോദിച്ചു മേശമേല്‍ അടിച്ചു. ഇതു കേട്ട സാധാരണക്കാര്‍ തങ്ങളുടെ മുസ്ലിയാരുടെ വിജയമായി അതിനെ കണക്കാക്കി. പോക്കര്‍ എന്ന ഒരാള്‍ കഠാര ഊരി ഹാജി സാഹിബിനെ കുത്താന്‍ മുന്നോട്ടുവരികയും ചെയ്തു. ഒതുക്കംപുറത്ത്‌ ഉണ്യാലി സാഹിബ്‌ അയാളെ പിടിച്ചുമാറ്റി. തുടര്‍ന്ന്‌ ഉണ്യാലി സാഹിബിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയും വാദപ്രതിവാദം പട്ടിക്കാട്‌ ചുങ്കത്ത്‌ നടത്താന്‍ നിശ്ചയിക്കുകയും ചെയ്തു. അതനുസരിച്ച്‌ സദസ്യര്‍ക്ക്‌ സ്റ്റേജിന്റെ അടുത്തേക്ക്‌ വരാന്‍ സാധിക്കാതെ ദൂരെ നിന്ന്‌ കേള്‍ക്കാനും കാണാനും സാധിക്കുന്ന വിധം ഒരു പന്തലുണ്ടാക്കി. ഇപ്പോള്‍ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജ്‌ സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അത്‌. എന്നാല്‍ സംവാദം നടക്കേണ്ട ദിവസം പതി മുസ്ലിയാരും കൂട്ടുകാരും സ്ഥലത്തു വന്ന്‌ പന്തല്‍ പൊളിക്കണമെന്ന്‌ ശഠിച്ചു. നാട്ടുകാര്‍ അത്‌ അംഗീകരിച്ചില്ല. പന്തല്‍ പൊളിച്ചില്ലെങ്കില്‍ ഞങ്ങള്‍ വാദപ്രതിവാദത്തിനില്ലെന്നും പറഞ്ഞ്‌ അവര്‍ മടങ്ങിപ്പോയി. പതിയെ കൊല്ലാന്‍ വേണ്ടിയാണ്‌ പന്തലുണ്ടാക്കിയതെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചിരുന്നത്‌. അങ്ങനെ ആ വാദപ്രതിവാദം ഒഴിവായി.
'മൗലവിയും ജമാഅത്തിനു നേരെ'
ഇതിന്റെ പശ്ചാത്തലത്തില്‍ 1951 ഏപ്രില്‍ ആറാം തീയതിയിലെ പൗരശക്തി പത്രത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയായിരുന്ന എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി 'സുഹൃത്തുക്കളോട്‌' എന്ന തലക്കെട്ടില്‍ ഒരു പരസ്യം കൊടുത്തു. അതില്‍ അദ്ദേഹം എഴുതി:
"ജനാബ്‌ പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും ജമാഅത്തെ ഇസ്ലാമി സംഘടനയിലെ പണ്ഡിതന്മാരും തമ്മില്‍ ഒരു വാദപ്രതിവാദം നടത്താന്‍ പോകുന്നതായി അറിയുന്നു. ഈ രണ്ടു കക്ഷികളും മുസ്ലിയാന്മാരും ജമാഅത്തെ ഇസ്ലാമിയും മൗലികമായിത്തന്നെ ഞങ്ങളുമായി ഭിന്നിച്ചവരാകുന്നു.
ആരാധനകളുടെ ഇനങ്ങളില്‍ ചിലത്‌ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്നത്‌ അത്ര ഭയങ്കരമായ കുറ്റമായി ഈ രണ്ട്‌ കക്ഷിയും കാണുന്നില്ല. ഞങ്ങളോ അത്‌ ശിര്‍ക്കാണെന്നും അതിനെ നശിപ്പിക്കുവാനുമായിരുന്നു പ്രധാനമായും നബിമാരുടെയെല്ലാം ആഗമനമെന്നും വിശ്വസിക്കുന്നു. കേവലം നിസ്സാരങ്ങളെന്ന്‌ ഇപ്പോള്‍ പറഞ്ഞും അവയെക്കുറിച്ചുള്ള പ്രബോധനങ്ങളെ നിരുത്സാഹപ്പെടുത്തിയും നടക്കുന്ന ഒരുതരം പൊതുജനാനുകൂല മോഹികളെ സര്‍വത്ര കാണാം. മതനിഷേധകന്മാരും ഭൗതിക വാദികളുമായ കമ്യൂണിസ്റ്റാദിയായവരുടെ പ്രചാരണവേലയില്‍ നിന്ന്‌ ജനിച്ചതും മതത്തിന്റെ നാരായവേരിനെ അറുക്കുന്നതുമാണ്‌ അത്തരം വാദങ്ങളെന്ന്‌ മനസ്സിലാക്കുമെന്ന്‌ ഞാന്‍ കരുതുന്നു.
തെറ്റ്‌ പറ്റിക്കൂടാത്ത പരിശുദ്ധന്മാരായി -മഅ്സൂമായി-മുഹമ്മദ്‌ നബി(സ) തിരുമേനിക്കുശേഷം ആരും ഉണ്ടാവുകയില്ലെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. ഏതു മഹാനില്‍നിന്ന്‌ വന്നുപോയ തെറ്റായാലും തെറ്റ്‌ തെറ്റാണെന്ന്‌ ഞങ്ങള്‍ സമ്മതിക്കുകയും അതിനെ തള്ളുകയും ചെയ്യുന്നു. അബുല്‍അഅ്ല‍ാ മൗദൂദിയെ സംബന്ധിച്ച്‌ ജമാഅത്തെ ഇസ്ലാമിയുടെയും, ചില ആലിമീങ്ങളെ സംബന്ധിച്ച്‌ മുസ്ലിയാന്മാരുടെയും നില അതല്ല. അവരുടെ എത്രതന്നെ അബദ്ധമായ വാക്കും തെറ്റാണെന്ന്‌ സമ്മതിക്കാന്‍ അവര്‍ തയ്യാറല്ല. അവരെ ആ അബദ്ധങ്ങളില്‍ പോലും കണ്ണടച്ച്‌ അനുകരിക്കുകയും അവയെ ന്യായീകരിക്കാന്‍ സാഹസപ്പെടുകയുമാണ്‌ ഈ രണ്ട്‌ കക്ഷികളും ചെയ്യുന്നത്‌.
പരിശുദ്ധ ഖുര്‍ആനിന്ന്‌ നബിയും സ്വഹാബത്തും നല്‍കിയ വിവരണവും വ്യാഖ്യാനവുമാണ്‌ സ്വീകരിക്കേണ്ടതെന്നും അതിനെതിരില്‍ ആരുടെ വ്യാഖ്യാനവും സ്വീകാര്യമല്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍
ഖുര്‍ആന്റെ ശരിയായ വ്യാഖ്യാനം 'ശൈഖ്‌' പറയുന്നതാണെന്ന്‌ കുറൂര്‍കാരെപ്പോലെയുള്ള ത്വരീഖത്ത്കാരും മീര്‍സാ സാഹിബ്‌ പറയുന്നതാണെന്ന്‌ ഖാദിയാനികളും അബുല്‍അഅ്ല‍ാ മൗദൂദി പറയുന്നതാണെന്ന്‌ ജമാഅത്തെ ഇസ്ലാമിയും ചില ആലിമീങ്ങള്‍ പറയുന്നതാണെന്ന്‌ മുസ്ലിയാന്മാരും വിശ്വസിക്കുന്നു.
ഇങ്ങനെ മൗലികമായിത്തന്നെ ഞങ്ങളുമായി വ്യത്യാസപ്പെട്ട കക്ഷികള്‍ അന്യോന്യം നടത്തുന്ന വാദപ്രതിവാദങ്ങളില്‍ യാതൊരു പങ്കും വഹിക്കാന്‍ ഞങ്ങള്‍ ആശിക്കുന്നില്ല. ഈ പരമാര്‍ഥം ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും വിശേഷിച്ച്‌, ഞങ്ങള്‍ ഇതില്‍ പങ്കുകൊള്ളണമെന്ന്‌ ആവശ്യപ്പെടുന്ന സ്നേഹിതന്മാരെയും ഞങ്ങള്‍ ഉണര്‍ത്തിച്ചുകൊള്ളുന്നു. അനിസ്ലാമികമായ അവരുടെ സിദ്ധാന്തങ്ങളെ വിട്ട്‌ ഇസ്ലാമിക സിദ്ധാന്തങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ അല്ലാഹു അവര്‍ക്കും നമുക്കും തൗഫീഖ്‌ നല്‍കട്ടെ. നമ്മുടെയെല്ലാം പരമലക്ഷ്യം ഇഹത്തിലെ യശസ്സും പ്രതാപവും ആയിരിക്കണമെന്നതിന്‌ പകരം അല്ലാഹുവിന്റെ പ്രീതിയും പരലോകത്തിലെ സല്‍ഭാഗ്യവും ആയിത്തീരുകയും ചെയ്യട്ടെ, ആമീന്‍."
1951 ഏപ്രില്‍ പതിനൊന്നിലെ പൗരശക്തിയില്‍ തന്നെ ഹാജി സാഹിബ്‌ ഇതിനൊരു മറുപടി എഴുതി. 'പച്ചനുണ'യെന്ന തലക്കെട്ടിലുള്ള പ്രസ്തുത ഭാഗം ഇങ്ങനെ വായിക്കാം:
"6-4-51 ലെ പൗരശക്തിയില്‍ 'സുഹൃത്തുക്കളോട്‌' എന്ന തലക്കെട്ടില്‍ കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി ജനാബ്‌ എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ഒരു പ്രസ്താവന കാണുകയുണ്ടായി. അതില്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച്‌ അതിഭയങ്കരങ്ങളായ തെറ്റിദ്ധാരണകള്‍ ഉളവാക്കത്തക്ക പല അവാസ്തവങ്ങളും അടങ്ങിയിരിക്കുന്നതു കണ്ട്‌ ഇങ്ങനെ ഒരു പ്രസ്താവന പുറപ്പെടുവിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കയാണ്‌:
ആരാധനാ ഇനങ്ങളില്‍ ചിലത്‌ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്നത്‌ അത്രഭയങ്കര കുറ്റമായി ജമാഅത്തെ ഇസ്ലാമി കരുതുന്നില്ലെന്നാണ്‌ മൗലവി സാഹിബ്‌ ഒന്നാമതായി ആരോപിച്ചിട്ടുള്ളത്‌. ഇത്‌ തനി കള്ളമാണ്‌. സകലവിധ ആരാധനകളും അല്ലാഹുവിനു മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂവെന്നും ആരാധനകളില്‍ വല്ലതും അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുകയാണെങ്കില്‍ അത്‌ തികച്ചും ശിര്‍ക്കാണെന്നും ജമാഅത്തെ ഇസ്ലാമി പരിപൂര്‍ണമായും വിശ്വസിക്കുന്നുവെന്നതാണ്‌ വാസ്തവം.
അബുല്‍അഅ്ല‍ാ മൗദൂദി തെറ്റ്‌ പറ്റാത്ത പരിശുദ്ധനായ -മഅ്സൂമായ-ആളാണെന്ന്‌ ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നുവെന്നും മൗദൂദിയുടെ എത്രതന്നെ അബദ്ധമായ വാക്കും തെറ്റാണെന്ന്‌ സമ്മതിക്കാന്‍ ജമാഅത്തെ ഇസ്ലാമി തയ്യാറല്ലെന്നും മൗദൂദിയെ അദ്ദേഹത്തിന്റെ അബദ്ധങ്ങളില്‍ പോലും കണ്ണടച്ച്‌ അനുകരിക്കുകയും അവയെ ന്യായീകരിക്കാന്‍ സാഹസപ്പെടുകയുമാണ്‌ ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതെന്നുമാണ്‌ മൗലവി സാഹിബിന്റെ രണ്ടാമത്തെ ആരോപണം. ഇതും പച്ചനുണയാണ്‌. തെറ്റ്‌ പറ്റിക്കൂടാത്ത പരിശുദ്ധനായി -മഅ്സൂമായി- മുഹമ്മദ്‌ നബി (സ) തിരുമേനിക്കുശേഷം ആരും ഉണ്ടാവുകയില്ലെന്ന്‌ തന്നെയാണ്‌ ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നത്‌. മൗദൂദി സാഹിബിനെന്നല്ല, മുഹമ്മദ്‌ നബി(സ) ഒഴിച്ചുള്ള മറ്റ്‌ യാതൊരു സൃഷ്ടിയെയും ജമാഅത്തെ ഇസ്ലാമി കണ്ണടച്ച്‌ അനുകരിക്കുന്നില്ല. ആരുടെ അബദ്ധത്തെയും ന്യായീകരിക്കുന്നുമില്ല.
മൗലവി സാഹിബിന്റെ ശുദ്ധ കളവായ മൂന്നാമത്തെ ആരോപണം, ഖുര്‍ആനിന്റെ ശരിയായ വ്യാഖ്യാനം നബിയും സ്വഹാബത്തും നല്‍കിയതല്ല; അബുല്‍അഅ്ല‍ാ മൗദൂദി പറയുന്നതാണെന്ന്‌ ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നുവെന്നതാണ്‌. എന്നാല്‍ ജമാഅത്തെ ഇസ്ലാമി പരിപൂര്‍ണമായും വിശ്വസിക്കുന്നത്‌ ഖുര്‍ആനിന്ന്‌ നബിയും സ്വഹാബത്തും നല്‍കിയ വിവരവും വ്യാഖ്യാനവുമാണ്‌ സ്വീകരിക്കേണ്ടതും അതിനെതിരില്‍ ആരുടെ വ്യാഖ്യാനവും സ്വീകാര്യമല്ലെന്നുംതന്നെയാണ്‌.
ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച്‌ അല്‍പജ്ഞാനമെങ്കിലുമുള്ള ഏതൊരാള്‍ക്കും പ്രസ്തുത ആരോപണങ്ങള്‍ തികച്ചും അവാസ്തവങ്ങളും ദുരുദ്ദേശ്യത്തില്‍നിന്ന്‌ ജന്മമെടുത്തവയാണെന്നും ശ്രവണമാത്രയില്‍ തന്നെ ഗ്രഹിക്കാന്‍ കഴിയുന്നതാണ്‌. എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി ഈ സാഹസത്തിനൊരുമ്പെട്ടതില്‍ അദ്ദേഹത്തെ പരിചയിച്ചിട്ടുള്ള ആരും തന്നെ ഒട്ടും ആശ്ചര്യപ്പെടുകയില്ല. ഇനി സാധാരണക്കാരിലാര്‍ക്കെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന കാരണമായി ജമാഅത്തിനെ സംബന്ധിച്ച്‌ വല്ല സംശയവും ഉല്‍ഭവിച്ചിട്ടുണ്ടെങ്കില്‍ ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങളിലേക്ക്‌ അവരുടെ ശ്രദ്ധയെ ക്ഷണിച്ചുകൊള്ളുന്നു."
1951 ഏപ്രില്‍ ഇരുപത്തഞ്ചിലെ പൗരശക്തിയില്‍ എം.സി.സി. വീണ്ടും 'ഖയ്യിമിന്റെ പച്ച നുണ' എന്ന പേരില്‍ ഒരു പ്രസ്താവനയിറക്കി. അതിനു മറുപടിയായി ഹാജിസാഹിബ്‌ പ്രബോധനത്തില്‍ "മൗലവിയും ജമാഅത്തിനു നേരെ" എന്ന സുദീര്‍ഘമായ ഒരു ലേഖനമെഴുതി. പിന്നീട്‌ മരിക്കുന്നതുവരെ എം.സി.സി ഒരിക്കലും പത്ര പംക്തികളിലൂടെ ജമാഅത്തിനെ വിമര്‍ശിച്ചില്ല.
ശ്രദ്ധാപൂര്‍വമായ സമീപനം
"ഈ കത്ത്‌ കിട്ടിയാലുടന്‍ താങ്കള്‍ വരണം." മൈസൂരിലെ ഹാസനില്‍ ജോലിചെയ്തുകൊണ്ടിരുന്ന എം.പി. കുഞ്ഞിമുഹമ്മദ്‌ സാഹിബിന്‌ ഹാജി സാഹിബിന്റെ കത്ത്‌ കിട്ടി. ആവശ്യപ്പെട്ട പ്രകാരം ഉടനെ യാത്ര തിരിച്ചു. നേരെ എടയൂരില്‍വന്നു. വൈകുന്നേരംതന്നെ സ്ഥലത്തെത്തിയെങ്കിലും രാത്രി വളരെ വൈകുന്നതുവരെ വിളിപ്പിച്ച ആവശ്യം പറഞ്ഞില്ല. അറിയാനുള്ള അക്ഷമയോടെ വിവരമന്വേഷിച്ചപ്പോള്‍ ആ പ്രസ്ഥാന നായകന്‍ പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു: "എനിക്ക്‌ താങ്കളെ ഒന്ന്‌ പരീക്ഷിക്കണമെന്നുണ്ടായിരുന്നു. ജോലിക്കാണോ അതോ എന്റെ നിര്‍ദേശങ്ങള്‍ക്കാണോ കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കുകയെന്ന്‌?"
ഇങ്ങനെ വളരെയേറെ പരീക്ഷിച്ചും പരിശോധിച്ചും മാത്രമേ ജമാഅത്തില്‍ ആളുകളെ ചേര്‍ത്തിരുന്നുള്ളൂ. വളരെ സജീവനായ ഒരു ഇസ്ലാമിക പ്രവര്‍ത്തകന്‍ 1956-ല്‍ അംഗത്വത്തിന്‌ അപേക്ഷിച്ചിട്ടും 1959-ല്‍ 'അമീര്‍' മരിക്കുന്നതുവരെ അംഗത്വം നല്‍കുകയുണ്ടായില്ല. കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി "താങ്കള്‍ വരവിനനുസരിച്ചു ചെലവഴിക്കാന്‍ പഠിച്ചിട്ടില്ല" എന്നായിരുന്നു.
1957 ഡിസംബര്‍ 28, 29 തീയതികളില്‍ ആലുവയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമി സമ്മേളനത്തിലെ ഒരു ക്രമം സ്വന്തം ജ്യേഷ്ഠനുവേണ്ടി തെറ്റിച്ചതിനാല്‍ ഒരു പ്രവര്‍ത്തകന്റെ അംഗത്വ അപേക്ഷ മാസങ്ങളോളം തടഞ്ഞുവെക്കുകയുണ്ടായി. ഇങ്ങനെയെല്ലാമാണെങ്കിലും ഓരോ പ്രസ്ഥാന പ്രവര്‍ത്തകനും തോന്നുമായിരുന്നു, തന്റെ എല്ലാ സ്ഥിതിയും ഹാജി സാഹിബിന്‌ അറിയാമെന്നും അദ്ദേഹം തന്നെ പ്രത്യേകം സ്നേഹിക്കുന്നുണ്ടെന്നും. അത്രമാത്രം ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ എല്ലാവരോടുമുള്ള പെരുമാറ്റം.
ശത്രുതാപ്രകടനം
എടയൂരില്‍ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനം നടന്നുകൊണ്ടിരിക്കുന്നു. ഹാജി സാഹിബിന്റെ കുടുംബത്തിലെ ഒരു വിഭാഗം ജമാഅത്തിനെ അക്കാലം കഠിനമായി എതിര്‍ത്തിരുന്നു. അവര്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന അകന്ന ബന്ധത്തിലുള്ള നാട്ടിലെ പ്രമുഖനായ ഒരു വ്യക്തി
പള്ളിക്കിണറ്റില്‍നിന്ന്‌ സമ്മേളനാവശ്യാര്‍ഥം വെള്ളമെടുക്കുന്നതു പോലും വിലക്കി. എന്നാല്‍ ഹാജി സാഹിബ്‌ അത്‌ ഒട്ടും വകവെക്കാതെ സ്വയം വെള്ളം കോരിയെടുക്കുകയും അതിന്‌ നേതൃത്വം നല്‍കുകയും ചെയ്തു.
മറ്റൊരു യോഗത്തില്‍ ഹാജി സാഹിബ്‌ പ്രസംഗിച്ചുകൊണ്ടിരിക്കെ, പിതൃവ്യപത്നി കത്തിയുമായി ഓടിച്ചെന്നു. "നിന്റെ പുത്തന്‍ പ്രസ്ഥാനം ഞാനിപ്പോള്‍ കാണിച്ചുതരാം" എന്ന്‌ അട്ടഹസിച്ചുകൊണ്ടാണ്‌ അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക്‌ ചെന്നത്‌. നാട്ടുകാര്‍ ഇടപെട്ട്‌ ആ സ്ത്രീയെ പിന്തിരിപ്പിച്ചു.
പ്രബോധനം പ്രസ്സ്‌
കരുത്തുറ്റ നേതൃനിരയെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 1949 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച്‌ എല്ലാ മാസവും അവസാനത്തെയും ആദ്യത്തെയും ദിവസം യോഗം ചേരാനും വിവിധ വിഷയങ്ങളെ സംബന്ധിച്ച്‌ ചര്‍ച്ചയും പഠനവും നടത്താനും തുടങ്ങി. വി.കെ.എം. ഇസ്സുദ്ദീന്‍ മൗലവി, കെ.സി. അബ്ദുല്ല മൗലവി, എം. അബ്ദുല്ലക്കുട്ടി മൗലവി, ടി. മുഹമ്മദ്‌ സാഹിബ്‌, എ.കെ. അബ്ദുല്‍ ഖാദിര്‍ മൗലവി, യു.കെ. ഇബ്‌റാഹീം മൗലവി, കെ. മൊയ്തുമൗലവി, എന്‍.കെ. അബൂബക്കര്‍ മൗലവി, എം. അലവിക്കുട്ടി മൗലവി, പി.വി. കുഞ്ഞിമൊയ്തീന്‍ മൗലവി, കെ.എ. ശര്‍ഖി മൗലവി, എന്‍.പി. അബ്ദുല്‍ ഹമീദ്‌ മൗലവി എന്നിവരാണ്‌ പ്രഥമ നുഖ്ബാ യോഗത്തില്‍ പങ്കെടുത്തത്‌. 1951 സെപ്തംബര്‍ 2,3 തീയതികളിലായിരുന്നു അത്‌. കൊടിഞ്ഞിയില്‍ വെച്ചു ചേര്‍ന്ന യോഗമാണ്‌ നുഖബാ അംഗങ്ങളെ തെരഞ്ഞെടുത്തത്‌. പന്ത്രണ്ടംഗങ്ങളില്‍ ഒരാളായ എന്‍.പി. അബ്ദുല്‍ ഹമീദ്‌ മൗലവി, എം.പി. അബ്ദുസ്സ്വമദ്‌ സമദാനിയുടെ പിതാവാണ്‌. ക്രമേണ ആളുകളുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവരുടെ (നുഖ്ബ) യോഗത്തില്‍ സംബന്ധിക്കുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കിയിരുന്നത്‌ ഹാജി സാഹിബിന്റെ വീട്ടില്‍നിന്നുതന്നെയാണ്‌.
പ്രബോധനത്തിന്‌ സ്വന്തമായി ഒരു പ്രസ്സ്‌ വാങ്ങാനുള്ള 1950 മെയ്‌ 13-ലെ കേരള മജ്ലിസ്‌ ശൂറയുടെ തീരുമാനം പ്രയോഗവത്കരിച്ചത്‌ ഇങ്ങനെയുള്ള ഒരു നുഖ്ബ യോഗത്തില്‍ വെച്ചാണ്‌. അതിന്റെ വിലയായ ആറായിരം രൂപ നല്‍കിയത്‌ പള്ളുരുത്തി അഹ്മദ്കുട്ടി ഹാജിയാണ്‌. മറ്റു ആവശ്യങ്ങള്‍ക്കു വേണ്ടി ഒമ്പതിനായിരം രൂപ പിരിച്ചെടുക്കുകയും ചെയ്തു. അക്കാലത്ത്‌ പ്രസ്ഥാനത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ പള്ളുരുത്തിഹാജിയും ഇരിക്കൂര്‍ പി.സി. മുഹമ്മദ്‌ ഹാജിയും വളാഞ്ചേരി ടി.കെ.വി. മൊയ്തീന്‍കുട്ടി സാഹിബും കുറ്റ്യാടി ബാവാച്ചി ഹാജിയും മറ്റും വഹിച്ച പങ്ക്‌ സുവിദിതമാണ്‌. സംഘടനക്കകത്ത്‌ പ്രവേശിച്ചിരുന്നില്ലെങ്കിലും ആദ്യകാലത്ത്‌ വാണിമേല്‍ കുഞ്ഞഹമ്മദ്‌ ഹാജി ചെയ്ത സാമ്പത്തിക സഹായങ്ങളും അനുസ്മരണീയംതന്നെ. പള്ളുരുത്തി ഹാജി എണ്ണൂറ്‌ രൂപക്ക്‌ വാങ്ങിയ സ്പീക്കര്‍ സെറ്റാണ്‌ ജമാഅത്ത്‌ യോഗങ്ങള്‍ക്കെല്ലാം ഉപയോഗിച്ചുകൊണ്ടിരുന്നത്‌.
നിതാന്ത ജാഗ്രത
സമര്‍ഥനായ ഒരു കര്‍ഷകനെപ്പോലെയാണ്‌ കര്‍ഷകപുത്രനായിരുന്ന ഹാജി സാഹിബ്‌ ഇസ്ലാമിക പ്രസ്ഥാനത്തെ ഈ മണ്ണില്‍ നട്ടുവളര്‍ത്തിയത്‌. എല്ലാ മേഖലകളിലും ഒന്നുപോലെ ശ്രദ്ധപതിപ്പിച്ചിരുന്ന ആ കര്‍മയോഗി പ്രവര്‍ത്തകരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നതില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തിയിരുന്നു.
ഒരിക്കല്‍ ഒരു പ്രവര്‍ത്തകന്‍ നുഖ്ബയോഗത്തിന്‌ പോകാന്‍ വകയില്ലാതെ വിഷമിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പോസ്റ്റ്മാന്‍ മണിഓര്‍ഡറുമായി വരുന്നത്‌. പള്ളുരുത്തി ഹാജിയുടെ സകാത്ത്‌ ഇനത്തില്‍ കിട്ടിയ സംഖ്യയില്‍നിന്ന്‌ ഹാജി സാഹിബ്‌ അയച്ചതായിരുന്നു ആ തുക. പ്രബോധനം, പ്രസിദ്ധീകരണ വിഭാഗം, പ്രസ്സ്‌, സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം നടന്നിരുന്നത്‌ ആ പ്രതിഭാധനന്റെ സൂക്ഷ്മമായ മേല്‍നോട്ടത്തിലായിരുന്നു. അതോടൊപ്പം അദ്ദേഹം കൃഷിയും വീട്ടുകാര്യങ്ങളും ശ്രദ്ധിച്ചിരുന്നുവെന്നത്‌ അദ്ഭുതകരം തന്നെ. ചിലപ്പോഴെങ്കിലും കമ്പോസിംഗ്‌ ഉള്‍പ്പെടെയുള്ള അച്ചടി സംബന്ധമായ ജോലികളും അദ്ദേഹം ചെയ്തിരുന്നു.
ഡോക്ടര്‍മാരെയാണ്‌ നമുക്ക്‌ വേണ്ടത്‌
ശാന്തപുരം മഹല്ല്‌ കമ്മിറ്റിയുടെ യോഗം നടക്കുകയാണ്‌. ജമാഅത്ത്‌ വിരുദ്ധരായ വിരലിലെണ്ണാവുന്ന വ്യക്തികളേ അവിടെയുണ്ടായിരുന്നുള്ളൂ. അവര്‍ പലവിധത്തില്‍ ഉപദ്രവിക്കുകയും പ്രയാസങ്ങളുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. ശാന്തപുരം പള്ളിയില്‍ വരാതെ ദൂരെ പോവുകയും തങ്ങളെ വിഷമിപ്പിക്കുകയും ചെയ്യുന്ന അത്തരക്കാരുമായി സഹകരിക്കേണ്ടതില്ലെന്ന്‌ കമ്മിറ്റിയോഗത്തില്‍ സംബന്ധിച്ച അധികമാളുകളും അഭിപ്രായപ്പെട്ടു. ഇതുകേട്ട ഹാജി സാഹിബ്‌ പറഞ്ഞു: "എങ്കില്‍ നിങ്ങള്‍ ഡോക്ടര്‍മാരല്ല. പനിച്ച്‌ സമനില തെറ്റിയ രോഗികള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറുടെ കൈക്ക്‌ കടിക്കുമ്പോള്‍ പകരം കടിക്കുന്നുവെങ്കില്‍ ആ ഡോക്ടറെ ആ ജോലിക്കു പറ്റുകയില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അന്ധകാരാവൃതമാക്കിയ മനസ്സുകളോടുകൂടിയ ആളുകള്‍ ഭ്രാന്തന്‍വേലകള്‍ ചെയ്യുമ്പോള്‍ അവര്‍ക്ക്‌ പ്രകാശം പകര്‍ന്നുകൊടുക്കേണ്ട നിങ്ങളും അതുതന്നെയാണ്‌ ചെയ്യുന്നതെങ്കില്‍ ഈ സമുദായത്തെ ചികിത്സിക്കാന്‍ നിങ്ങള്‍ക്ക്‌ സാധ്യമല്ല. അതിനാല്‍ നമുക്കു വേണ്ടത്‌ അത്തരം രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയാണ്‌."
ദീര്‍ഘവീക്ഷണം
1952-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ തടസ്സം നേരിടുമോ എന്ന്‌ സംശയിക്കത്തക്ക സാഹചര്യങ്ങളുണ്ടായി. അതിനാല്‍ ഹാജി സാഹിബ്‌, എം.പി. കുഞ്ഞിമുഹമ്മദ്‌ സാഹിബിനെയും വി.പി. അബ്ദുല്ല സാഹിബിനെയും തിരൂരില്‍ വിളിച്ചുവരുത്തി. ജമാലിയ പ്രിന്റിംഗ്‌ വര്‍ക്സിന്റെ ഉടമക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുകയും അവര്‍ ആവശ്യപ്പെടുന്നത്‌ അച്ചടിച്ചുകൊടുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പ്രബോധനം മുടങ്ങിപ്പോയാല്‍ ബദല്‍ സംവിധാനം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇങ്ങനെ ചെയ്തത്‌.
അനുയായികളുടെ കഴിവുകള്‍ മനസ്സിലാക്കി അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. കൊണ്ടോട്ടിയില്‍ ചേര്‍ന്ന ഒരു പ്രവര്‍ത്തകയോഗത്തില്‍ ഹാജി സാഹിബ്‌ കത്തെഴുതാനും മറ്റും സഹായിയായി ഒരാളെ വേണമെന്ന ആവശ്യം ഉന്നയിച്ചു. ഇത്‌ കേട്ടയുടനെ അവിടെയുണ്ടായിരുന്ന അബ്ദുല്‍ അഹദ്‌ തങ്ങള്‍ 'എന്നെ പറ്റുമോ'യെന്ന്‌ ചോദിച്ചു. ഹാജി സാഹിബ്‌ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അങ്ങനെയാണ്‌ 1951 മാര്‍ച്ച്‌ 20-ന്‌ തങ്ങള്‍ ജമാഅത്ത്‌ കേന്ദ്രത്തിലെത്തിയത്‌.
വളരെ സമര്‍ഥമായ രീതിയിലാണ്‌ അദ്ദേഹം ആളുകളില്‍ മാറ്റം വരുത്തിയിരുന്നത്‌. "മുമ്പുണ്ടായിരുന്ന എല്ലാ ആചാരങ്ങളും തുടര്‍ന്നു പോകാമെന്ന്‌ കരുതിയാണ്‌ ഞങ്ങള്‍ ജമാഅത്തില്‍ ചേര്‍ന്നത്‌. എന്നാല്‍ അവയെല്ലാം എങ്ങനെയാണ്‌ ഇല്ലാതായതെന്ന്‌ ഞങ്ങള്‍ക്കുതന്നെ അറിയില്ല." അനാചാരങ്ങളില്‍ മുഴുകിയിരുന്ന കുടുംബ സാഹചര്യങ്ങളില്‍ നിന്ന്‌ ജമാഅത്തിലേക്ക്‌ കടന്നുവന്ന ഒരു പ്രവര്‍ത്തകന്‍ പറഞ്ഞത്‌ അങ്ങനെയാണ്‌.
ഒരിക്കല്‍ കൊണ്ടോട്ടിയില്‍നിന്ന്‌ ഒരാള്‍ പള്ളിയില്‍ നകാരയടിക്കുന്നതിനെ സംബന്ധിച്ച്‌ ചോദിച്ചു. അതിന്‌ ഹാജി സാഹിബ്‌ നല്‍കിയ മറുപടി വളരെ സമര്‍ഥമായിരുന്നു. "നബി(സ) ബാങ്ക്‌ കൊടുക്കുന്ന രീതിയാണ്‌ നടപ്പാക്കിയത്‌. നാം നകാരയടിക്കാന്‍ തുടങ്ങിയാല്‍ ജനങ്ങള്‍ 'ബാങ്ക്‌ കൊടുത്തോ' എന്നു ചോദിക്കുന്നതിനു പകരം 'നകാര അടിച്ചോ' എന്നാണ്‌ അന്വേഷിക്കുക. ഇത്‌ ഇസ്ലാമിന്റെ ഒരു ചിഹ്നത്തെ അവഗണിക്കലാവുകയില്ലേ?"
സാമാന്യം എഴുതാനും പ്രസംഗിക്കാനും കഴിവുള്ള ഒരു പ്രവര്‍ത്തകനെ വിളിച്ച്‌ അദ്ദേഹം ഉപദേശിച്ചു: "സഹോദരാ, സകാത്ത്‌ ധനത്തിന്‌ മാത്രമല്ല. ശാരീരികവും ബുദ്ധിപരവുമായ കഴിവുകള്‍ക്കും നല്‍കേണ്ടതുണ്ട്‌."
ഇങ്ങനെ പിതൃനിര്‍വിശേഷമായ സ്നേഹത്തോടെ മനസ്സില്‍തട്ടും വിധമാണ്‌, ആ നവോത്ഥാന ശില്‍പി അനുയായികളെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നത്‌.
ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍
1955-ല്‍ കെ.സി. അബ്ദുല്ല മൗലവി, പള്ളുരുത്തി ഹാജി തുടങ്ങിയ പ്രസ്ഥാന പ്രവര്‍ത്തകരോടൊന്നിച്ച്‌ ഹജ്ജിന്‌ പുറപ്പെട്ട ഹാജി സാഹിബ്‌ എന്തു പ്രയാസങ്ങള്‍ നേരിടുമ്പോഴും സഹയാത്രികരെ തികഞ്ഞ മനസ്സാന്നിധ്യത്തോടെ സമാധാനിപ്പിച്ചിരുന്നു. പ്രസ്തുത യാത്രയിലാണ്‌ ആദ്ദേഹം വീണ്ടും മൗലാനാ മൗദൂദി സാഹിബിനെ കാണുകയും നാട്ടിലെ വിവരങ്ങള്‍ അറിയിക്കുകയും ചെയ്തത്‌.
കുറ്റിച്ചിറയില്‍ ധാരാളം ആളുകള്‍ സംബന്ധിച്ച ഒരു പൊതുയോഗത്തില്‍ ഹാജി സാഹിബ്‌ ചെയ്ത പ്രസംഗം വേണ്ടത്ര നന്നായില്ല. ഇക്കാര്യം ടി.കെ. അബ്ദുല്ല സാഹിബ്‌ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തികഞ്ഞ നിര്‍വികാരതയോടെ പറഞ്ഞു: " മറ്റൊരിക്കല്‍ നന്നായിക്കൊള്ളും."
ഗാന്ധിജിക്ക്‌ വെടിയേറ്റ ദിവസം, സ്മര്യപുരുഷന്‍ കെ.സി. അബ്ദുല്ല മൗലവിയോടൊപ്പം കോഴിക്കോട്‌ അങ്ങാടിയിലൂടെ നടന്നുപോകുമ്പോഴാണ്‌ ഈ വാര്‍ത്ത കേള്‍ക്കാനിടയായത്‌. വെടിവെച്ചത്‌ ആരാണെന്ന്‌ ആ സമയത്ത്‌ അറിയിച്ചിരുന്നില്ല. ഘാതകന്‍ മുസ്ലിമാണെങ്കില്‍ ഒട്ടേറെ കുഴപ്പങ്ങള്‍ക്ക്‌ സാധ്യതയുള്ള ആ ഘട്ടത്തിലും തികഞ്ഞ മനസ്സാന്നിധ്യത്തോടെ അദ്ദേഹം പറഞ്ഞത്‌ 'വരട്ടെ അപ്പോള്‍ നോക്കാം' എന്നായിരുന്നു.
അഭ്യസ്തവിദ്യര്‍ക്കും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മതത്തോടും പണ്ഡിതന്മാരോടും തികഞ്ഞ പുച്ഛം തോന്നിയിരുന്ന കാലം. ഫാറൂഖ്‌ കോളേജ്‌ യൂനിയന്റെ ഉദ്ഘാടന യോഗം നടക്കുകയാണ്‌. ഉദ്ഘാടകന്‍ സി.എച്ച്‌. മുഹമ്മദ്‌ കോയ സാഹിബും പ്രസംഗകന്‍ ഹാജി സാഹിബുമാണ്‌. തൊട്ടുമുമ്പുള്ള ദിവസമാണ്‌ മദ്രാസ്‌ മുഹമ്മദന്‍സ്‌ കോളേജിലെ ബുഖാരി സാഹിബ്‌ അവിടെ വന്നതും വിദ്യാര്‍ഥികള്‍ കൂവി ശല്യപ്പെടുത്തിയതും. എന്നിട്ടും തന്റെ പ്രസംഗസമയമായപ്പോള്‍ താടിയും തൊപ്പിയുമുള്ള ആ 'പുരോഹിതന്‍' തികഞ്ഞ ആത്മധൈര്യത്തോടെ എഴുന്നേറ്റുനിന്നു. അര്‍ഥ സമ്പുഷ്ടവും പഠനാര്‍ഹവുമായ മൂന്നു വാചകങ്ങളിലൂടെ അത്യുജ്ജ്വലമായ പ്രഭാഷണം ആരംഭിച്ചു. അദ്ദേഹം പറഞ്ഞു: "ഞാന്‍ ഒരു പാരമ്പര്യ മതവിശ്വാസിയല്ല. അന്ധമായ ദൈവഭക്തനുമല്ല." തുടര്‍ന്ന്‌ ഇവയുടെ വിശദീകരണമായിരുന്നു ആ പ്രസംഗം. അതവസാനിക്കുന്നതുവരെ സദസ്സ്‌ സൂചി വീണാല്‍ അറിയത്തക്കവിധം നിശ്ശബ്ദമായിരുന്നു.
മുന്നണിപ്പോരാളി
ഒരിക്കല്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ കാസര്‍കോഡ്‌ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. കെ.സിയാണ്‌ പരിഭാഷകന്‍. പ്രസംഗത്തിനിടക്ക്‌ സദസ്യരില്‍ ഒരു വിഭാഗം കൂവിവിളിച്ച്‌ ശല്യമുണ്ടാക്കാന്‍ തുടങ്ങി. ഉടനെ ഹാജി സാഹിബ്‌ അബ്ദുല്ല മൗലവിയെ പിന്നിലേക്ക്‌ മാറ്റി മുന്നോട്ട്‌ നില്‍ക്കുകയും പ്രസംഗം പരിഭാഷപ്പെടുത്തുകയും ചെയ്തു. ആപദ്ഘട്ടങ്ങളില്‍ സ്വയം മുന്നില്‍ നില്‍ക്കുന്നവനേ നേതൃത്വത്തിന്‌ അര്‍ഹതയുള്ളൂവെന്നാണ്‌ ആ വിപ്ലവകാരി തെളിയിച്ചത്‌.
കൊണ്ടോട്ടി ഫര്‍ഖാ സമ്മേളനത്തിന്റെ തലേന്നാള്‍തന്നെ ഹാജിസാഹിബ്‌ സ്ഥലത്തെത്തി. ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെല്ലാം പരിശോധിച്ചു. അപ്പോഴാണ്‌ മലമൂത്ര വിസര്‍ജനത്തിനു ചെയ്ത സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന്‌ ബോധ്യമായത്‌. ഉടനെ അത്‌ ഉണ്ടാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹം തന്നെ മുന്നില്‍ നില്‍ക്കുകയും ചെയ്തു.
പഴയങ്ങാടിയിലെ ജമാഅത്ത്‌ സമ്മേളനത്തിന്‌ മദ്‌റസ നല്‍കാമെന്ന്‌ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ അത്‌ കിട്ടുകയില്ലെന്ന്‌ ബോധ്യമായി. ഉടനെ പന്തലുണ്ടാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. അതിന്റെ നിര്‍മാണ ജോലികളിലും മുന്നില്‍നിന്നിരുന്നത്‌ ഹാജി സാഹിബ്‌ തന്നെ. പലപ്പോഴും യോഗങ്ങളില്‍ പെട്രോമാക്സില്‍ കാറ്റടിച്ചിരുന്നതും മൈക്ക്‌ നന്നാക്കിയിരുന്നതും ബെഞ്ചുകള്‍ പിടിച്ചിട്ടിരുന്നതുമെല്ലാം പ്രസംഗകനായ ഹാജി സാഹിബ്‌ തന്നെയായിരുന്നു
ആസാദിന്റെ കത്ത്‌
ബഹുദൈവാരാധന മതമായി അംഗീകരിച്ച മക്കാ മുശ്‌രിക്കുകളും ശിര്‍ക്ക്‌ ആണെന്നറിയാതെ അത്‌ ചെയ്തുകൊണ്ടിരിക്കുന്ന സമുദായത്തിലെ സാധാരണക്കാരും ഒരുപോലെയല്ലെന്ന വിശ്വാസവും വാദവുമാണ്‌ ഹാജി സാഹിബിനുണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെ യാഥാസ്ഥിതിക വിഭാഗത്തെ മുശ്‌രിക്കുകളെന്ന്‌ വിളിക്കുന്നത്‌ ശരിയല്ലെന്ന്‌ അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍ ഈ സമീപനരീതി ഇഷ്ടപ്പെടാതിരുന്ന മുജാഹിദ്‌ വിഭാഗം, ജമാഅത്ത്‌ പ്രവര്‍ത്തകര്‍ സുന്നികളെ തുടര്‍ന്നു നമസ്കരിക്കുന്നതിന്റെ പേരില്‍ ആക്ഷേപവിമര്‍ശങ്ങളുന്നയിക്കാന്‍ തുടങ്ങി. മൗലാനാ അബുല്‍ കലാം ആസാദിനോട്‌ ആദരവ്‌ പുലര്‍ത്തിയവരായിരുന്നു അതിന്റെ മുന്നില്‍നിന്നിരുന്നത്‌. അതിനാല്‍ ഹാജി സാഹിബ്‌ അവരോട്‌ മൗലാനാ ആസാദിന്‌ കത്തെഴുതി ചോദിക്കാനാവശ്യപ്പെട്ടു. അതനുസരിച്ച്‌ ജമാഅത്ത്‌ വിരുദ്ധരായിരുന്ന ഗാസി കുഞ്ഞാവയും കെ. അബ്ദുര്‍റഹ്മാന്‍ സാഹിബും ആസാദിന്‌ കത്തെഴുതി. തുടര്‍ന്നു നമസ്കരിക്കണമെന്നാവശ്യപ്പെട്ട്‌ മൗലാനാ ആസാദ്‌ അയച്ച മറുപടി ജമാഅത്തിന്റെ മേല്‍ ചൊരിഞ്ഞ ആക്ഷേപവിമര്‍ശങ്ങള്‍ക്ക്‌ അല്‍പം ശമനം നല്‍കി.
തറാവീഹ്‌ ഇരുപത്തിമൂന്ന്‌ റക്‍അത്ത്‌ നമസ്കരിച്ചിരുന്ന മൗദൂദി സാഹിബിന്റെ കൂടെയായിരുന്നപ്പോള്‍ പോലും പതിനൊന്ന്‌ റക്‍അത്തില്‍ കൂടുതല്‍ നമസ്കരിച്ചിട്ടില്ലാത്ത അദ്ദേഹം ഒരിക്കലും പ്രകോപനപരമായ ശൈലിയില്‍ ആരെയും വിമര്‍ശിച്ചിരുന്നില്ല.
'ആത്മാര്‍ഥതയുള്ള രണ്ട്‌ പണ്ഡിതന്മാരിലൊരാളായിരുന്നു അദ്ദേഹ'മെന്നാണ്‌ കോഴിക്കോട്ടെ കുഞ്ഞോയി വൈദ്യര്‍ അഭിപ്രായപ്പെട്ടത്‌. അപരന്‍ മൗലവി അബുസ്സ്വബാഹും.
ഒരുദ്യോഗസ്ഥന്റെ രോദനം
രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട്‌ ഉദ്യോഗസ്ഥര്‍ മിക്ക സന്ദര്‍ഭങ്ങളിലും ഹാജി സാഹിബിനെ പിന്തുടര്‍ന്നിരുന്നു. തീവണ്ടികളിലും ബസ്സുകളിലുമെല്ലാം യാത്ര ചെയ്യുമ്പോള്‍ കൂടെ സഞ്ചരിച്ചിരുന്ന അവര്‍ക്ക്‌ അദ്ദേഹത്തോട്‌ അതിരറ്റ ആദരവും സ്നേഹവുമാണുണ്ടായിരുന്നത്‌. അല്‍പകാലത്തിനുശേഷം അവരിലൊരാള്‍ക്ക്‌ കാന്‍സര്‍ ബാധിച്ചു. ഇത്‌ ഹാജി സാഹിബിന്റെ ഗുരുത്തക്കേടാണെന്ന്‌ ഉറച്ചു വിശ്വസിച്ചിരുന്ന ആ അമുസ്ലിം അനേകം തവണ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ക്ഷമാപണം നടത്തുകയും കരഞ്ഞുകൊണ്ട്‌ പ്രാര്‍ഥിക്കാനാവശ്യപ്പെടുകയും ചെയ്തു.
തികഞ്ഞ ഭക്തനും സൂക്ഷ്മജ്ഞനുമായിരുന്ന ഹാജി സാഹിബിന്റെ പ്രസംഗം സദസ്സിനെ ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ കോഴിക്കോട്ടുവെച്ച്‌ ഇസ്ലാമിക വ്യവസ്ഥിതിയെ പരിചയപ്പെടുത്തിക്കൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു. ശ്രദ്ധേയവും ഹൃദയസ്പര്‍ശിയുമായ ആ പ്രസംഗം കേട്ടുകൊണ്ടിരുന്ന അത്തര്‍ കച്ചവടക്കാരന്‍ അലവി മൗലവി സ്വയം അറിയാതെ ഉച്ചത്തില്‍ 'അല്ലാഹു അക്ബര്‍' എന്ന്‌ രണ്ടു മൂന്ന്‌ പ്രാവശ്യം വിളിച്ചുപറയുകയുണ്ടായി.
മഞ്ചേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ ഹാജി സാഹിബ്‌ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഗിരിഗഹ്വരങ്ങളില്‍നിന്ന്‌ ആരംഭിച്ച്‌ അപ്രതിരോധ്യമായ ശക്തിയോടെ പ്രവഹിക്കുന്ന നദിപോലെ അദ്ദേഹത്തിന്റെ നാവില്‍നിന്ന്‌ വാചകങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. ഘനഗംഭീരമായ ആ ശബ്ദം ശ്രദ്ധിക്കാതിരിക്കാന്‍ അതിലൂടെ കടന്നുപോയ ആര്‍ക്കും കഴിഞ്ഞില്ല. ശുദ്ധവും സ്ഫുടവുമായ ഭാഷ, ആകര്‍ഷകമായ ശൈലി, ഗഹനങ്ങളായ വിഷയങ്ങള്‍, ഹൃദയാവര്‍ജകങ്ങളായ ഉദാഹരണങ്ങള്‍, പ്രസംഗം ശ്രവിച്ചുകൊണ്ടിരുന്ന ഒരു മുസ്ലിം സുഹൃത്ത്‌ അടുത്തുണ്ടായിരുന്ന ജമാഅത്ത്‌ പ്രവര്‍ത്തകനോട്‌ ചോദിച്ചു: 'ഏതാണ്‌ ഈ മൗലവി? കോളേജ്‌ ബിരുദം നേടിയ മൗലവിമാരും നിങ്ങളുടെ കൂട്ടത്തിലുണ്ടോ?'
പ്രസംഗം കേള്‍ക്കുകയോ ലേഖനങ്ങള്‍ വായിക്കുകയോ ചെയ്യുന്ന ആര്‍ക്കും അങ്ങനെയാണ്‌ തോന്നിയിരുന്നത്‌. ഇപ്രകാരം സമ്മേളനങ്ങളുടെ അവസാനത്തില്‍ അദ്ദേഹം നടത്തിയിരുന്ന ഉദ്ബോധന പ്രസംഗങ്ങള്‍ കേള്‍ക്കുന്ന ആരും കരയാതെ പിരിഞ്ഞുപോയിരുന്നില്ല.
'ടീക്‌ ഹെ; മഗര്‍'
കോണ്‍ഗ്രസ്‌ അനുകൂല മുസ്ലിംകളുടെ സംഘടനയായിരുന്ന മുസ്ലിം മജ്ലിസിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം കോഴിക്കോട്‌ നടക്കുകയാണ്‌. 1945 മെയ്‌ മാസത്തിലായിരുന്നു അത്‌. ഉത്തരേന്ത്യയില്‍നിന്ന്‌ മൗലാനാ അബ്ദുല്‍ മജീദ്‌ ഖോജാ, ഡോക്ടര്‍ ശൗഖത്തുല്ല ഷാ അന്‍സാരി, മൗലാനാ യാസീന്‍ നൂരി തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവര്‍ താമസിച്ചിരുന്നത്‌ മേരിക്കുന്നിലെ സേട്ട്‌ നാഗ്ജി കെട്ടിടത്തിലായിരുന്നു. ഹാജി സാഹിബ്‌ അവരെ ചെന്ന്‌ കാണുകയും പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്ന്‌ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച്‌ സംക്ഷിപ്തമായി വിവരിച്ചുകൊടുത്തു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ മൗലാനാ യാസീന്‍ നൂരി പറഞ്ഞു: 'ടീക്‌ ഹെ, മഗര്‍ ...'
ഇ.വി. ആലിക്കുട്ടി മൗലവി, കെ.പി. അഹ്മദ്‌ കുട്ടി, അമീന്‍ ദീദ്‌ തുടങ്ങിയ ഏതാനും വിദ്യാര്‍ഥികളെ ജമാഅത്ത്‌ പ്രവര്‍ത്തകരാണെന്ന കാരണത്താല്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്‌ കോളേജില്‍നിന്ന്‌ പുറത്താക്കി. ഇങ്ങനെ അവിടെനിന്ന്‌ പുറംതള്ളപ്പെട്ട ഒരു ജമാഅത്ത്‌ പ്രവര്‍ത്തകനെ ഫറോക്ക്‌ റൗദത്തുല്‍ ഉലൂം അറബിക്‌ കോളേജില്‍ ചേര്‍ത്ത്‌ പഠിപ്പിക്കുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച്‌ മദീനത്തുല്‍ ഉലൂമില്‍നിന്നയച്ച കത്ത്‌ കിട്ടിയപ്പോള്‍ മൗലവി അബുസ്സ്വബാഹ്‌ അഹമ്മദലി സാഹിബ്‌ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു: അയ്യന്‍ കാന മില്ലതുഹു ലാ ഉബാലി, ഇന്‍ കാന മുഅ്മിനാ (ഒരാള്‍ സത്യവിശ്വാസിയാണെങ്കില്‍ അയാളുടെ പാര്‍ട്ടി ഏത്‌ എന്നത്‌ നമുക്ക്‌ പരിഗണനീയമല്ല).
അന്ത്യം
നെഞ്ചുവേദനയും തലവേദനയും ഹാജി സാഹിബിനെ സദാ വിഷമിപ്പിച്ചുകൊണ്ടിരുന്നു. എങ്കിലും അവ ആ സാത്വികന്റെ കര്‍മ ചൈതന്യത്തെ ഒട്ടും തളര്‍ത്തിയിരുന്നില്ല.
ദക്ഷിണകേരളത്തില്‍ അദ്ദേഹം പങ്കെടുത്ത്‌ അവസാനമായി പ്രസംഗിച്ചത്‌ വടുതലയിലാണ്‌. എന്നാല്‍, മരിക്കുന്നതിന്റെ മൂന്ന്‌ നാല്‌ ദിവസം മുമ്പ്‌ മമ്പാട്‌ ചേര്‍ന്ന ഒരു പൊതുയോഗത്തില്‍ സംബന്ധിച്ച്‌ പ്രസംഗി
ക്കുകയുണ്ടായി. പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ്‌ ജനാബ്‌ കെ.പി.കെ. തങ്ങളോട്‌ പ്രസ്ഥാനത്തെ പരിചയപ്പെടുത്തികൊണ്ട്‌ ദീര്‍ഘ നേരം സംസാരിച്ചിരുന്നു.
എറണാകുളത്തെ വിദഗ്ധനായ ഒരു ഡോക്ടര്‍ ഹാജി സാഹിബിനെ പരിശോധിക്കുകയും പൂര്‍ണവിശ്രമമെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പടക്കളത്തിലിറങ്ങിയ യോദ്ധാക്കള്‍ക്ക്‌ വിശ്രമിക്കാന്‍ സമയമെവിടെ? അവസാനശ്വാസം വരെയും ഇസ്ലാമിനുവേണ്ടി പൊരുതണമെന്ന്‌ ആ ധീരമുജാഹിദിന്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ അടങ്ങിയിരിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല.
കണ്ണൂര്‍ പഴയങ്ങാടിയിലെ ജനാബ്‌ എം.എ. അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ വ്യക്തിപരമായ ഒരാവശ്യം നിര്‍വഹിക്കാനായി 1959 സെപ്തംബര്‍ മുപ്പതിന്‌ ബുധനാഴ്ച ഹാജി സാഹിബ്‌ അവിടേക്ക്‌ പോയി, അന്ന്‌ രാത്രി ഒന്നിലധികം തവണ വയറ്റില്‍നിന്ന്‌ രക്തം പോവുകയും അവശനായിത്തീരുകയും ചെയ്തു. എങ്കിലും വസ്ത്രങ്ങളെല്ലാം വൃത്തിയാക്കി പിറ്റേന്ന്‌ കാലത്ത്‌ കൊടിഞ്ഞിയിലേക്ക്‌ പുറപ്പെട്ടു. രോഗം ഭേദമായ ശേഷം യാത്രചെയ്യാമെന്ന്‌ അബ്ദുര്‍റഹ്മാന്‍ ഹാജി നിര്‍ബന്ധിച്ചു പറഞ്ഞെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. കൊടിഞ്ഞിയില്‍ യോഗമുണ്ടെന്നും അതില്‍ സംബന്ധിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും അറിയിച്ച്‌ മടങ്ങുകയാണുണ്ടായത്‌. ആ യാത്ര മരണത്തിലേക്കാണെന്ന്‌ ആരും നിനച്ചിരിക്കില്ല. യാദൃച്ഛികമെങ്കിലും ഹാജി സാഹിബ്‌ മൗലാനാ മൗദൂദിയെ കാണാന്‍ പത്താന്‍കോട്ടേക്ക്‌ പോയതും മരണത്തെ പുല്‍കാന്‍ പുറപ്പെട്ടതും പഴയങ്ങാടിയില്‍നിന്നാണ്‌.
'അവരെ നിരാശരാക്കരുത്‌'
കൊടിഞ്ഞിയിലെ തര്‍ബിയത്ത്‌ സമ്മേളനത്തില്‍ സംബന്ധിക്കാനായി ഹാജി സാഹിബ്‌ ചെമ്മാട്‌ ബസ്സിറങ്ങി. അവിടെനിന്ന്‌ ഏകദേശം നാലുകിലോമീറ്റര്‍ ദൂരമുള്ള യോഗസ്ഥലത്തേക്ക്‌ നടത്തമാരംഭിച്ചു. പകുതിയോളം വഴി പിന്നിട്ട്‌ ബെഞ്ചാലി പാടത്തിന്റെ അടുത്ത്‌ എത്തിയപ്പോഴേക്കും വയറിന്‌ വല്ലാതെ അസ്വസ്ഥത തോന്നി. ഉടനെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക്‌ പോയി. വയറ്റില്‍നിന്ന്‌ ധാരാളം രക്തം പോയി. ക്ഷീണിച്ചവശനായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണു. വീണ്ടും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദൂരെ പാടത്തുനിന്ന്‌ ഇതു കണ്ടുകൊണ്ടിരുന്ന ഒരാള്‍ ഓടിവരികയും സംഭവം മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹവും കൂട്ടുകാരും കൂടി ഹാജി സാഹിബിനെ അടുത്തുണ്ടായിരുന്ന ഒരു പീടികയില്‍ കൊണ്ടുവന്നു കിടത്തി. അപ്പോഴേക്കും വിവരമറിഞ്ഞു കൊടിഞ്ഞിയില്‍നിന്ന്‌ ആളുകള്‍ ഓടിയെത്തി. അക്കൂട്ടത്തില്‍ കെ. മൊയ്തുമൗലവിയുമുണ്ടായിരുന്നു. "സാരമില്ല, ഞാന്‍ പഴയങ്ങാടിയില്‍നിന്നും വരികയാണ്‌. അല്‍പം സുഖക്കുറവുണ്ടായിരുന്നു. കോഴിക്കോട്ട്‌ ഇറങ്ങി ഡോക്ടറെ കാണിച്ചാല്‍ സമയത്ത്‌ പരിപാടിക്ക്‌ എത്താന്‍ കഴിയില്ലെന്ന്‌ കരുതി, പരപ്പനങ്ങാടിയിലേക്ക്‌ ടിക്കേറ്റ്ടുത്ത്‌ അവിടെ വന്നിറങ്ങി ബസ്സിനു പോന്നു. സാരമില്ല."
ഒരു കസേര കൊണ്ടുവന്നു അതിലിരുത്തി, എല്ലാവരും കൂടി അദ്ദേഹത്തെ ചെമ്മാട്ട്‌ ഉണ്ടായിരുന്ന ചെറിയ ആശുപത്രിയില്‍ കൊണ്ടുവന്നു. പരിശോധിച്ച ഡോക്ടര്‍ അനങ്ങാതെ കിടക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും അവിടെ ധാരാളം ആളുകള്‍ തടിച്ചുകൂടിയിരുന്നു. അതിനാല്‍ മൊയ്തുമൗലവിയെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: "ഇവരെ നിരാശപ്പെടുത്തരുത്‌. ഇവരെല്ലാം നമ്മുടെ ക്ലാസില്‍ പങ്കെടുക്കാന്‍ വന്നതാണ്‌. അടുത്തെവിടെയെങ്കിലും ഒരുമിച്ചുകൂട്ടി ഇവര്‍ക്ക്‌ ഒരു ക്ലാസ്‌ എടുത്ത്‌ കൊടുക്കുക. എന്റെ അടുത്ത്‌ ഒരാള്‍ നിന്നാല്‍ മതി."
അന്ത്യയാത്ര
അല്‍പം കഴിഞ്ഞപ്പോഴേക്കും ഹാജി സാഹിബ്‌ കൂടുതല്‍ രക്തം ഛര്‍ദിച്ചു. ഉടനെ ഡോക്ടര്‍ നഴ്സിംഗ്‌ സൗകര്യമുള്ള എവിടെയെങ്കിലും എത്തിക്കാനാവശ്യപ്പെട്ടു. അതനുസരിച്ച്‌ ചെമ്മാട്‌ അബ്ദുല്‍ മജീദ്‌ ഹാജി കാര്‍ കൊണ്ടുവരികയും എല്ലാവരും കൂടി കഴിവതും വേഗം മലപ്പുറത്തെ മിലിട്ടറി കാമ്പസിലുണ്ടായിരുന്ന വിദഗ്ധനായ ഡോക്ടറെ കാണിക്കുകയും ചെയ്തു. അക്കാലത്ത്‌ പാറക്കടവ്‌ പാലമില്ലാതിരുന്നതിനാല്‍ മലപ്പുറം വഴി മാത്രമേ കോഴിക്കോട്ട്‌ എത്താന്‍ മാര്‍ഗമുണ്ടായിരുന്നുള്ളൂ. അവിടത്തെ ഡോക്ടറും ഉടനെ കോഴിക്കോട്ടേക്ക്‌ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അശോകാ ആശുപത്രിയില്‍ കൊണ്ടുവന്നു. അവിടെയുണ്ടായിരുന്ന ഡോക്ടര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. അതനുസരിച്ച്‌ അന്ന്‌ കടപ്പുറത്ത്‌ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം അല്‍പം ആശ്വാസം തോന്നിയെങ്കിലും പുലരാറായപ്പോഴേക്കും രോഗം വര്‍ധിക്കുകയും രാവിലെ ആറു മണിക്ക്‌ പത്ത്‌ മിനിറ്റ്‌ ബാക്കിനില്‍ക്കേ ആ കര്‍മഭടന്‍ നിത്യവിശ്രമത്തിലേക്ക്‌ നീങ്ങുകയും ചെയ്തു. 1959 ഒക്ടോബര്‍ രണ്ടിന്‌, 1379 റബീഉല്‍ അവ്വല്‍ 28-ന്‌ വെള്ളിയാഴ്ചയായിരുന്നു അത്‌. അന്ന്‌ അദ്ദേഹത്തിന്‌ നാല്‍പത്തേഴ്‌ വയസ്സായിരുന്നു. കൊടിഞ്ഞിയിലെ എം.പി. കുഞ്ഞിമുഹമ്മദ്‌, കെ. മൊയ്തുമൗലവി, അബ്ദുല്‍വഹാബ്‌ ഹാജി തുടങ്ങിയവരെല്ലാം മരണസമയത്ത്‌ അടുത്തുണ്ടായിരുന്നു. ഹാജി സാഹിബ്‌ ഇഹലോകവാസം വെടിയുമ്പോള്‍ കേരള ജമാഅത്തില്‍ തൊണ്ണൂറ്റേഴ്‌ അംഗങ്ങളാണുണ്ടായിരുന്നത്‌. അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ അവസാനമായി അംഗത്വം നല്‍കപ്പെട്ടത്‌ ജനാബ്‌ ടി.കെ. അബ്ദുല്ല സാഹിബിനാണ്‌.
മയ്യിത്ത്‌ എടയൂരിലേക്ക്‌ കൊണ്ടുപോയി. ജനസഹസ്രങ്ങളുടെ സാന്നിധ്യത്തില്‍ വൈകുന്നേരം നാലുമണിക്ക്‌ ഖബ്‌റടക്കി. ശോകമൂകമായ ആ രംഗത്തിന്‌ സാക്ഷ്യം വഹിച്ചവരുടെ മാത്രമല്ല, ആ വാര്‍ത്തകേട്ട്‌ അദ്ദേഹവുമായി പരിചയമുണ്ടായിരുന്ന എല്ലാവരുടേയും മനസ്സ്‌ പതറുകയും കണ്ണുകള്‍ ഈറനണിയുകയും മുഖം വിവശമാവുകയും ചെയ്തുവെങ്കില്‍ അത്‌ സ്വാഭാവികം മാത്രമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക്‌ തങ്ങളുടെ പ്രിയങ്കരനായ രക്ഷാധികാരിയുടെ വിയോഗം താങ്ങാനാവാത്ത ആഘാതമാണ്‌ ഏല്‍പിച്ചത്‌. ആ സംഭവം ഓര്‍ക്കുന്ന പഴയ തലമുറയിലെ പ്രവര്‍ത്തകര്‍ ഇന്നും വിതുമ്പുന്നു.
ഹാജി സാഹിബിന്റെ വിയോഗം ടി. മുഹമ്മദ്‌ സാഹിബിലേല്‍പിച്ച ആഘാതം കെ. മൊയ്തുമൗലവി വ്യക്തമാക്കുന്നു: "ഒരു പേനക്കത്തികൊണ്ട്‌ മിസ്‌വാക്ക്‌ മുറിച്ചുകൊണ്ടിരിക്കെയാണ്‌ ടി. മുഹമ്മദ്‌ സാഹിബ്‌ ഈ വാര്‍ത്ത കേള്‍ക്കുന്നത്‌. ബനിയനും തുണിയും മാത്രമേ ധരിച്ചിരുന്നുള്ളൂ. പരിസരം മറന്ന്‌ ഇതേ വേഷത്തില്‍ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. കോഴിക്കോട്‌ നഗരമധ്യത്തില്‍ മിസ്‌വാക്കും കത്തിയും കൈയില്‍പ്പിടിച്ച്‌ കറങ്ങിക്കൊണ്ടിരിക്കുകയാണ്‌ മുഹമ്മദ്‌ സാഹിബ്‌. മരണവാര്‍ത്തയറിഞ്ഞ്‌ പുറപ്പെട്ട ഭൂപതിക്കാരുടെ വാഹനമാണ്‌ അദ്ദേഹത്തെ എടയൂരിലെത്തിച്ചത്‌."
സാമാന്യം ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ച അദ്ദേഹം മരിക്കുമ്പോള്‍ കടക്കാരനായിരുന്നു. അത്‌ തീര്‍ത്തത്‌ പേനയും വാച്ചും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ലേലം ചെയ്തു വിറ്റാണ്‌. പ്രസ്ഥാന പ്രവര്‍ത്തകര്‍ കടം തീര്‍ക്കാന്‍ തയ്യാറായിരുന്നുവെങ്കിലും ഹാജി സാഹിബിന്റെ അഭീഷ്ട പ്രകാരം അദ്ദേഹത്തിന്റെ തന്നെ വസ്തുക്കള്‍ വിറ്റുകൊണ്ടാണ്‌ അക്കാര്യം നിര്‍വഹിച്ചത്‌.
കുടുംബം
പിതാവ്‌ ഇഹലോകവാസം വെടിഞ്ഞ്‌ ആറ്‌ മാസം കഴിഞ്ഞാണ്‌ ഹാജി സാഹിബ്‌ വിവാഹം കഴിച്ചത്‌; മുപ്പത്തഞ്ചാമത്തെ വയസ്സില്‍. പുത്തന്‍ വീട്ടില്‍ കുഞ്ഞഹമ്മദാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകളായ ഉമ്മു ആഇശയാണ്‌ ഹാജി സാഹിബിന്റെ സഹധര്‍മിണി. അന്ന്‌ അവരുടെ പ്രായം പതിനാറുവയസ്സും നാലുമാസവുമായിരുന്നു. 1947-ല്‍ ആയിരുന്നു വിവാഹം.
വീട്ടില്‍ ഒഴിഞ്ഞിരിക്കുമ്പോഴെല്ലാം ഭാര്യക്കും മറ്റു കുടുംബങ്ങള്‍ക്കും ഇസ്ലാമിനെക്കുറിച്ചു പഠിപ്പിച്ചു കൊടുക്കുകയും പ്രസ്ഥാനത്തെ പരിചയപ്പെടുത്തുകയും ചെയ്യുക പതിവായിരുന്നു. നിര്‍ബന്ധ നമസ്കാരങ്ങളെല്ലാം പള്ളിയില്‍വെച്ചാണ്‌ ചെയ്തിരുന്നതെങ്കിലും രാത്രി നമസ്കാരം നാട്ടിലുണ്ടാകുമ്പോഴെല്ലാം ഭാര്യയോടൊന്നിച്ചാണ്‌ നിര്‍വഹിച്ചിരുന്നത്‌.
ഹാജി സാഹിബിന്‌ കുട്ടികളുണ്ടായിരുന്നില്ല.
"നിങ്ങള്‍ക്ക്‌ എത്ര കുട്ടികളുണ്ട്‌" -ഉത്തരേന്ത്യന്‍ യാത്രക്കിടയില്‍ ഒരു സുഹൃത്ത്‌ ഹാജി സാഹിബിനോട്‌ ചോദിച്ചു.
"ഒന്ന്‌." അദ്ദേഹം മറുപടി പറഞ്ഞു.
"ആണോ പെണ്ണോ?"
"പെണ്ണ്‌." അല്‍പം നിര്‍ത്തിയശേഷം പുഞ്ചിരിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: "അതെന്റെ ഭാര്യതന്നെയാണ്‌."
"നിങ്ങള്‍ മറ്റൊരു കല്യാണം കഴിച്ചുനോക്കൂ! എന്നാല്‍ കുട്ടികളുണ്ടാകുമോ എന്നറിയാമല്ലോ." പ്രിയ പത്നി ഉമ്മുആഇശ പലപ്പോഴും ഹാജി സാഹിബിനോട്‌ പറയാറുണ്ടായിരുന്നു.
"അതുകൊണ്ട്‌ എന്തുഫലം? നിനക്ക്‌ കുട്ടികളില്ലാതെ എനിക്കുണ്ടായതു കൊണ്ട്‌ എന്തുനേട്ടം? എന്റെ മരണശേഷം നിന്നെ വേറെ കല്യാണം കഴിച്ച്‌ നിനക്ക്‌ കുട്ടികളുണ്ടായാല്‍ മതിയല്ലോ."
അദ്ദേഹം എല്ലായ്പ്പോഴും നല്‍കിയിരുന്ന മറുപടി ഒന്നുതന്നെയായിരുന്നു.
കേരളത്തിലെ പ്രസ്ഥാനപ്രവര്‍ത്തകരെയും അവരുടെ ഉറ്റവരെയും സ്വന്തം മക്കളെപ്പോലെ കാണാന്‍ കഴിഞ്ഞിരുന്ന ഹാജി സാഹിബിന്‌ സന്താനങ്ങളില്ലാതിരുന്ന വിഷമം അതുവഴി പരിഹരിക്കപ്പെട്ടിരുന്നു. അല്ലെങ്കിലും കര്‍മനിരതവും വിശ്രമരഹിതവുമായ ആ ജീവിതത്തില്‍ അതിനെക്കുറിച്ച്‌ ചിന്തിച്ച്‌ അലോസരപ്പെടാന്‍ സമയമെവിടെ?
1947 ജനുവരി മൂന്നാം തീയതി വെള്ളിയാഴ്ച ആ ധീര മുജാഹിദ്‌ എഴുതിയ ഡയറിക്കുറിപ്പ്‌ ഇങ്ങനെ വായിക്കാം: "എനിക്ക്‌ ഇന്ന്‌ തീരെ സുഖമില്ല. ജുമുഅക്ക്‌ ഇരിമ്പിളിയത്തേക്കുതന്നെ പോകേണ്ടതുണ്ട്‌. മാത്രമല്ല, ഇന്ന്‌ മുസ്തര്‍ശിദീന്‍ സംഘത്തിന്റെ യോഗം കാട്ടിപ്പരുത്തി ചക്കിങ്ങല്‍ മൊയ്തീന്‍ കുട്ടിയുടെ വീട്ടില്‍വെച്ചാണ്‌. ആ പ്രദേശത്തുകാരെയും യോഗത്തിന്‌ ക്ഷണിച്ചിട്ടുണ്ട്‌. അതിനാല്‍ യോഗത്തിന്‌ പോവുകയല്ലാതെ ഗത്യന്തരമില്ല. വൈകുന്നേരമായതോടെ തലവേദന ശക്തിയായി. പക്ഷേ, യോഗത്തില്‍ പ്രസംഗിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. യോഗം കഴിഞ്ഞു. കുറേശ്ശ പനിക്കുന്നുമുണ്ട്‌. അല്ലാഹു മാത്രമാണ്‌ ശരണം."
മൗലാനയുടെ സാക്ഷ്യം
1971-ല്‍ കറാച്ചിയിലെ മലബാര്‍ മുസ്ലിം ജമാഅത്തിന്റെ സുവര്‍ണജൂബിലിക്ക്‌ മൗദൂദി സാഹിബയച്ച സന്ദേശത്തില്‍നിന്ന്‌:
"മലബാറില്‍നിന്ന്‌ കറാച്ചിയില്‍ വന്നു താമസിക്കുന്ന മാപ്പിള മുസ്ലിംകളുടെ സംഘടനയായ മലബാര്‍ മുസ്ലിം ജമാഅത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നുവെന്നറിഞ്ഞ്‌ ഞാന്‍ അത്യധികം സന്തോഷിക്കുന്നു. മാപ്പിള മുസ്ലിംകളെക്കുറിച്ചു ഞാന്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ധീരരും ദൃഢമനസ്കരുമാണെന്ന്‌ എനിക്ക്‌ പറയാന്‍ കഴിയും. ഇംഗ്ലീഷുകാരുടെ ആധിപത്യകാലത്ത്്‌ ഏറ്റവും പരിമിതമായ സാമഗ്രികളോടുകൂടി അവര്‍ ഇംഗ്ലീഷുകാര്‍ക്കെതിരില്‍ ധീരോദാത്തമായ ഒരു സ്വാതന്ത്ര്യ സമരം സംഘടിപ്പിക്കുകയുണ്ടായി.
മലബാറിലെ മുസ്ലിംകളോട്‌ എനിക്കുള്ള മാനസികബന്ധത്തിന്റെ കാരണം ഇതത്രെ. മുപ്പത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ജമാഅത്തെ ഇസ്ലാമിക്ക്‌ അടിത്തറപാകിയ സന്ദര്‍ഭത്തില്‍ ജമാഅത്തിന്റെ ആഹ്വാനത്തിന്‌ ഉത്തരം നല്‍കി അതിന്റെ അണിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച പ്രഥമ മെമ്പര്‍മാരില്‍ ഒരാള്‍ മലബാറുകാരനായ മൗലാനാ വി.പി. മുഹമ്മദലി സാഹിബായിരുന്നു. അദ്ദേഹം അത്യധികം നിഷ്കളങ്കനും ധീരനുമായ ഒരു സുഹൃത്തായിരുന്നു. ആര്‍ക്കാട്ടിലെ ജാമിഅ ദാറുസ്സലാമി(ഉമറാബാദ്‌)ല്‍നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയ ശേഷം നാടും വീടും വിട്ട്‌ ഏതാനും വര്‍ഷങ്ങള്‍ എന്റെ കൂടെ കിഴക്കന്‍പഞ്ചാബിലെ പത്താന്‍കോട്ടില്‍ 'ദാറുല്‍ ഇസ്ലാമി'ല്‍ അദ്ദേഹം താമസിക്കുകയുണ്ടായി. പിന്നീട്‌ സ്വദേശത്തേക്ക്‌ തിരിച്ചുപോയി. മലബാറില്‍ ഊര്‍ജസ്വലതയോടെ ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിരതനായി. മലയാളത്തിലേക്ക്‌ ഇസ്ലാമിക സാഹിത്യങ്ങള്‍ പരിഭാഷപ്പെടുത്തി. ഒരു പ്രസ്സ്‌ സ്ഥാപിച്ചു. പത്രം പ്രസിദ്ധീകരിച്ചു. വിഭജനത്തിനു ശേഷം ഭാരതത്തിലെ ഇസ്ലാമിക പ്രസ്ഥാനം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എന്ന പേരില്‍ വേര്‍പിരിഞ്ഞ ശേഷവും മുഹമ്മദലി സാഹിബ്‌ അത്യന്തം ചുറുചുറുക്കോടും മനക്കരുത്തോടും കൂടി ഇസ്ലാമിക പ്രബോധനകൃത്യം നിര്‍വഹിച്ചുകൊണ്ടിരുന്നു. ജമാഅത്തിന്റെ പ്രബോധനരംഗത്തുള്ള ഒരു യാത്രാമധ്യേയാണ്‌ അദ്ദേഹം പരലോകം പൂകിയത്‌. അല്ലാഹു അദ്ദേഹത്തിന്‌ മഗ്ഫിറത്ത്‌ നല്‍കുകയും അദ്ദേഹത്തിന്റെ സല്‍കൃത്യങ്ങള്‍ സ്വീകരിച്ച്‌ അര്‍ഹമായ പ്രതിഫലം കൊടുക്കുകയും ചെയ്യുമാറാകട്ടെ. അദ്ദേഹം വിതച്ച പ്രസ്ഥാനമാകുന്ന വിത്തില്‍നിന്ന്‌ കിളിര്‍ത്തുവന്ന തരുനികുഞ്ജങ്ങള്‍ ഇന്നും കേരളത്തില്‍ പ്രശോഭിതമായി നിലകൊള്ളുന്നു.
അല്ലാഹു നിങ്ങളെ നിങ്ങളുടെ മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന ഉന്നത സദ്ഗുണങ്ങളുടെ അനന്തരാവകാശികളാക്കുകയും നിങ്ങളില്‍നിന്ന്‌ ദീനീസേവനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമാറാകട്ടെ എന്നാണെന്റെ പ്രാര്‍ഥന.
വിനീതന്‍
അബുല്‍അഅ്ല‍ാ മൗദൂദി

എസ്.ഐ.ഒ കോളം